- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വോട്ട് ചെയ്യുവാനായി പ്രവാസികൾ നാട്ടിൽ പോകേണ്ടി വരില്ല; ജോലി ചെയ്യുന്ന രാജ്യത്ത് വച്ച് വോട്ട് ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ നിയമം മാറുന്നു; പ്രവാസികളുടെ ഏറ്റവും വലിയ സ്വപനം പൂവണിയുന്നതിങ്ങനെ
ന്യൂഡൽഹി: സ്വന്തം നാട്ടിൽ സമ്മതിദാനാവകാശം ഉപയോഗിക്കുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. മാത്രമല്ല, ഇത്തരത്തിൽ പ്രവാസികൾ കൂട്ടത്തോടെ വോട്ട് ചെയ്താൽ മാത്രമായിരിക്കും അവർക്ക് അവരുടെ അവകാശങ്ങൾ പിടിച്ചുവാങ്ങാൻ കഴിയുക. എന്നാൽ, നിലവിലെ നിയമങ്ങൾ അനുസരിച്ച് ഇത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒരു പ്രവാസിക്ക് വോട്ട് ചെയ്യണമെങ്കിൽ, ആ വ്യക്തിക്ക് വോട്ടുള്ള നിയോജകമണ്ഡലത്തിൽ എത്തി നിശ്ചിത ബൂത്തിൽ പോയി വോട്ട് ചെയ്യണം. അതായത്, വോട്ടുചെയ്യുവാനായി ഇന്ത്യയിലേക്ക് യാത്രചെയ്യണം.
സാമ്പത്തിക ബുദ്ധിമുട്ട്, മറ്റ് പ്രായോഗിക പ്രശ്നങ്ങൾ എന്നിവ കാരണം ഇത് പലപ്പോഴും നടക്കാറില്ല. എന്നാൽ, ഇപ്പോൾ ഈ നിയമത്തിൽ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഭേദഗതി നിലവിൽ വന്നാൽ പിന്നെ പ്രവാസികൾക്ക് അവരവർ താമസിക്കുന്ന രാജ്യത്ത് ഇരുന്നുകൊണ്ടുതന്നെ ഇന്ത്യയിൽ അവരുടെ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിക്കായി വോട്ടുചെയ്യാൻ കഴിയും.
നിലവിൽ സായുധ സൈനികർ, പാരാ മിലിറ്ററി ഫോഴ്സ്, വിദേശങ്ങളിൽ ജോലിചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം സാധാരണ പ്രവാസികൾക്കും ലഭ്യമാക്കണമെന്ന നിർദ്ദേശം ഇലക്ഷൻ കമ്മീഷൻ നിയമകാര്യ മന്താലയത്തിനു മുന്നിൽ കഴിഞ്ഞയാഴ്ച്ച സമർപ്പിച്ചു.ഇതിനനുബന്ധമയി നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
1961 ലെ തെരഞ്ഞെടുപ്പ് നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവന്നാൽ ലക്ഷക്കണക്കിന് പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റുവഴി തങ്ങളുടെ സമ്മതിദാനാവകാശം നിർവ്വഹിക്കുവാൻ കഴിയും. അടുത്തു വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും, ആസ്സാം, പശ്ചിമ ബംഗാൾ, കേരള, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ സൗകര്യം ഉപയോഗിക്കുവാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഇലക്ടറൽ റോളിലെ കണക്ക് പ്രകാരം 1.17 ലക്ഷം പ്രവാസികളാണ് വോട്ടർപട്ടികയിൽ പെര് റെജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണവും, ജോലി, വിദ്യാഭ്യാസം എന്നിവയിലെ പ്രശ്നങ്ങൾ കാരണവും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലവും വോട്ടു ചെയ്യുവാനായി ഇന്ത്യയിലെത്താൻ കഴിയുന്നില്ലെന്നും അതിനാൽ, പോസ്റ്റൽ വോട്ട് സൗകര്യം പ്രവാസികൾക്കും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിരവധി പ്രവാസികളുടെ കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ വെളിപ്പെടുത്തി. കോവിഡ് പ്രതിസന്ധി മൂലമുള്ള നിയന്ത്രണങ്ങൾ സ്ഥിതിഗതികൾകൂടുതൽ സങ്കീർണ്ണമാക്കിയതായും ഇ സി ചൂണ്ടിക്കാട്ടി.
റിട്ടേണിങ് ഓഫീസറെ ഫോം 12മുഖാന്തിരം വോട്ട് ചെയ്യുവാനുള്ള സന്നദ്ധത അറിയിക്കുന്ന പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ചെയ്യുവാനുള്ള സൗകര്യം ഒരുക്കുവാനാണ് ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന് അഞ്ചു ദിവസത്തിനകം ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള എഴുത്ത് ലഭിക്കണം. മാത്രമല്ല, വോട്ടർമാർ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ്, വോട്ടെണ്ണൽ ദിവസം രാവിലെ 8 മണിക്ക് മുൻപായി ലഭിക്കത്തക്കവണ്ണം, അതാത് നിയോജകമണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർക്ക് അയയ്ക്കണം.
മറുനാടന് ഡെസ്ക്