തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ഏറെ ബാധിച്ചത് പ്രവാസികളെ. കോവിഡ് പ്രതിസന്ധിയെ തുടർന്നു കേരളത്തിൽ തിരിച്ചെത്തിയ 14.71 ലക്ഷം ഗൾഫ് മലയാളികളിൽ 23 ശതമാനം പേർക്കും തിരികെ മടങ്ങാനായിട്ടില്ല. കേരളത്തിൽ 3.32 ലക്ഷം പേരാണ് (23%) തിരികെ പോകാൻ കഴിയാതെ നാട്ടിൽ പ്രതിസന്ധിയിലായത്.

മടങ്ങി വന്നവരിൽ പകുതിയോളം പേരും മുൻപ് കുടുംബത്തിലേക്ക് പ്രതിമാസം ശരാശരി 12,000 രൂപ മുതൽ 20,000 രൂപ വരെ അയച്ചിരുന്നു. 20% പേർ അതിലേറെ തുക അയച്ചിരുന്നവരാണ്. അതുകൊണ്ടു തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോവിഡ് വലിയ ഭീതിയായി മാറുകയാണ്. ഗൾഫിലേക്ക് മടങ്ങാൻ ഇനി കഴിയുമോ എന്ന ആശങ്ക ഇവിടെ ഉള്ള പ്രവാസികളിൽ സജീവമാണ്.

രാജ്യാന്തര യാത്രയിലെ നിബന്ധനകളും തടസ്സങ്ങളും, വാക്‌സിനേഷൻ നിബന്ധനകളിലെ വൈരുധ്യം, പകരക്കാരായി മറ്റു രാജ്യക്കാരെ നിയമിക്കുന്നത്, വർക്ക് പെർമിറ്റ്, റസിഡന്റ് പെർമിറ്റ് ഫീസിൽ സൗദി വരുത്തിയ വർധന, അവിദഗ്ധ തൊഴിലാളികളെയും അർധ വിദഗ്ധ തൊഴിലാളികളെയും ഒഴിവാക്കുന്ന ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ നയം തുടങ്ങിയവയാണ് മടങ്ങിവരവിനുള്ള കാരണങ്ങൾ. ഇവരാണ് തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ പണിയെടുക്കുന്നത്.

സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ (സിഡിഎഫ്) സർവേയാണ് ഇത് കണ്ടെത്തുന്നത്. ഇവരിൽ മുക്കാൽ പങ്കും (71%) തൊഴിൽരഹിതരായി നിൽക്കുകയാണ്. ബാക്കിയുള്ളവർ താൽക്കാലിക ജോലികളിലോ ചെറുകിട കച്ചവടത്തിലോ ബിസിനസിലോ ഏർപ്പെട്ടിരിക്കുന്നു. ചിലർ ഓട്ടോറിക്ഷ തൊഴിലാളികളായി. സർക്കാരിന്റെ സഹായവും ഇവർക്ക് തുണയാകുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.

ഗൾഫിലേക്കു മടങ്ങിപ്പോകുന്നതാണ് ഇവിടെ ജോലി ചെയ്യുന്നതിനെക്കാൾ നല്ലതെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ 88% പേരും അഭിപ്രായപ്പെട്ടത്. സ്ഥിര ജോലിയും വരുമാനവും ഇല്ലാത്തതാണ് അവർ ഈ നിലപാട് എടുക്കാൻ കാരണം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 6 പഞ്ചായത്തുകളിലും 5 മുനിസിപ്പാലിറ്റികളിലുമായി കഴിയുന്ന 404 പേരെ കണ്ടാണ് സാമ്പത്തിക വിദഗ്ധൻ ഡോ.ബി.എ.പ്രകാശിന്റെ നേതൃത്വത്തിൽ സർവേ നടത്തിയത്.

6 കുടുംബങ്ങൾ ഒഴികെ സർവേയിൽ പങ്കെടുത്ത എല്ലാവരും ബാങ്കുകൾ, ബന്ധുക്കൾ, വായ്പ നൽകുന്നവർ എന്നിവരിൽ നിന്നു കടമെടുത്തവരാണ്. അഞ്ചിലൊന്നു കുടുംബങ്ങളും ബിപിഎൽ റേഷൻ കാർഡുകാരും ദരിദ്രരുമാണെന്നും സർവേയിൽ കണ്ടെത്തി. കൂടുതൽ സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ തിരിച്ചെത്തിയ പ്രവാസി കുടുംബങ്ങൾ വമ്പൻ പ്രതിസന്ധിയിലേക്ക് പോകും. ഇതിനുള്ള നിർദ്ദേശങ്ങളും സർവ്വേ മുമ്പോട്ട് വയ്ക്കുന്നു.

മടങ്ങിപ്പോകാൻ ബാങ്ക് വായ്പ നൽകുക എന്നതാണ് പ്രധാനം. നാട്ടിൽ കഴിയുന്നവർക്ക് സ്വയം തൊഴിൽ ചെയ്യാനും ചെറുകിട ബിസിനസ് ആരംഭിക്കാനും 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുക, നോർക്കയുടെ വായ്പ പദ്ധതി വിപുലമാക്കുക, അർഹത നോക്കി എപിഎൽ റേഷൻ കാർഡ് ബിപിഎൽ ആക്കുക, സൗദിയിൽ നിന്നെത്തുന്നവർക്ക് ആനുകൂല്യ വിതരണത്തിൽ മുൻഗണന നൽകുക, കൂടുതൽ മാന്ദ്യം സൃഷ്ടിച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുക എന്നീ നിർദ്ദേശങ്ങളുമുണ്ട്.

കോവിഡിൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയവരിൽ കൂടുതൽ പേരും സൗദിയിൽ നിന്നാണ്. സൗദിയിൽ നിന്ന് 50 ശതമാനം പേരെത്തി. യുഎഇ 19%, ഖത്തർ 11%, ഒമാൻ 7%, ബഹ്‌റൈൻ 7%, കുവൈത്ത് 6% എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ യുഎഇ നിന്നെത്തിയ 10% പേർ തിരിച്ചു പോയില്ല. ഖത്തർ 40%, ഒമാൻ 20%, ബഹ്‌റൈൻ 30%, കുവൈത്ത് 20% എന്നിങ്ങനെയാണ് തിരിച്ചു പോകാത്തവരുടെ കണക്ക്.