വാഷിങ്ടൺ: ഇന്ത്യയുടെ ആണവമിസൈലുകളായ സാഗരിക, ധനുഷ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ അവ വികസിപ്പിച്ച സമയത്തു തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ എൻ.എസ്.എ ചോർത്തിയെന്ന് എഡ്വേഡ് സ്നോഡൻ. 2005 ലാണ് സാഗരികയും ധനുഷും വികസിപ്പിച്ചത്.

ഇന്ത്യയുടെ ആണവരഹസ്യങ്ങൾ എൻ എസ് എ കൈവശപ്പെടുത്തിയതിനെ കുറിച്ചുള്ള സ്നോഡന്റെ രേഖകൾ അമേരിക്കൻ വാർത്താ ഏജൻസിയായ ദ ഇന്റർസെപ്റ്റ് പ്രസിദ്ധീരിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ആ സമയത്ത് ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന ബോംബുകളെ കുറിച്ചുള്ള വിവരങ്ങളും എൻ എസ് എ ചോർത്തിയെന്ന് സ്നോഡൻ പുറത്തുവിട്ട രേഖകളിൽ പറയുന്നു. സെപ്റ്റംബർ പതിനാലിന് ഇന്റർസെപ്റ്റ് പ്രസിദ്ധീകരിച്ച 294 ലേഖനങ്ങൾ അടങ്ങിയ രേഖയുടെ ഭാഗമാണ് സ്നോഡന്റെ വെളിപ്പെടുത്തൽ.

700 കി മി പരിധിയുള്ള മിസൈലാണ് സാഗരിക. ഇത് 2008ലാണ് ഇന്ത്യ പരീക്ഷിച്ചത്. ഇന്ത്യ മിസൈൽ പരീക്ഷിക്കുന്നതിനും മൂന്നുവർഷം മുമ്പേ തന്നെ ഇതേക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക ശേഖരിച്ചിരുന്നതായാണ് സ്നോഡന്റെ വെളിപ്പെടുത്തൽ.