കോട്ടയം: സാമ്പിൾ സർവേ സംബന്ധിച്ച് എൻ.എസ്.എസ്. ഉയർത്തിയ രണ്ട് വാദങ്ങളും ഹൈക്കോടതി അംഗീകരിച്ചതായി എൻ.എസ്.എസ്. സാമ്പിൾ സർവേയെക്കുറിച്ച് എൻ.എസ്.എസ്സിന്റെ ഭയാശങ്കകൾ പൂർണമായും അകറ്റുന്ന ഉത്തരവാണ് കോടതിയുടേതെന്നാണ് സംഘടന വിശദീകരിക്കുന്നത്. മുന്നാക്ക സമുദായത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച സാമ്പിൾ സർവേ തുടരാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എൻ എസ് എസ് എത്തിയത്.

മുന്നാക്കത്തിലെ പിന്നാക്കവിഭാഗത്തിന് നല്കുന്ന സംവരണത്തെ സാമ്പിൾ സർവേ ബാധിക്കരുതെന്നും ജസ്റ്റിസ് രാമകൃഷ്ണപിള്ള കമ്മിഷൻ പറഞ്ഞിരിക്കുന്നതുപോലെ ആകെ ജനസംഖ്യയുടെ സമഗ്ര സാമൂഹിക-സാമ്പത്തിക-സാമുദായിക സർവേയ്‌ക്കോ ഓരോ സമുദായത്തിന്റെയും കണക്കെടുപ്പിനോ പകരമായിരിക്കരുത് ഈ സാമ്പിൾ സർവേയെന്നും കോടതിനിർദേശിച്ചതായി എൻ.എസ്.എസ്. ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. എന്തു വിവരശേഖരണത്തിനാണ് സാമ്പിൾ സർവേയെന്നുള്ള സംഘടനയുടെ ചോദ്യത്തിന് സർക്കാരിനോ കമ്മിഷനോ ഉത്തരം ഇല്ലാതിരിക്കെയാണ് ഹൈക്കോടതി ഉത്തരവെന്നും എൻ.എസ്.എസ്. ചൂണ്ടിക്കാട്ടി.

മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള 10 ശതമാനം സംവരണത്തിന്റെ ഭാഗമായല്ല, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മറ്റ് സഹായങ്ങൾ നൽകാനുള്ള വിവര ശേഖരണത്തിനാണ് സാമ്പിൾ സർവേ നടത്തുന്നതെന്ന സർക്കാർ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടക്കാല ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട മുന്നാക്ക സമുദായ കമീഷൻ പരാമർശം കൂടി കോടതി പരിഗണിച്ചു.

തുടർന്ന് എല്ലാ സമുദായങ്ങളുടെയും സാമൂഹിക സാമ്പത്തിക സ്ഥിതി കണ്ടെത്താനുള്ള സമഗ്ര സർവേ സംബന്ധിച്ച ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള അധ്യക്ഷനായ മുന്നാക്ക സമുദായ കമീഷൻ ശിപാർശയിൽ കൃത്യമായ നിലപാട് അറിയിക്കാൻ കോടതി സർക്കാറിനോട് നിർദേശിച്ചു. സമഗ്ര സർവേ എപ്പോൾ ആരംഭിക്കാനാവുമെന്നതടക്കം വ്യക്തമാക്കി ജനുവരി 31 നകം സത്യവാങ്മൂലം നൽകാനാണ് നിർദ്ദേശം.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ സാമ്പിൾ സർവേ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് (എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ ചെയർമാനായ കമീഷന് വീടടക്കമുള്ള സൗകര്യങ്ങളെക്കുറിച്ച് ശിപാർശ നൽകാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. സാമ്പിൾ സർവേയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ വിളിച്ചു ചേർത്ത യോഗങ്ങളിൽ എൻ.എസ്.എസ് പ്രതിനിധികൾ പങ്കെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാറിന്റെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹരജിക്കാർക്ക് കമീഷന് മുന്നിൽ ഹാജരായി പരാതി ഉന്നയിക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അതേസമയം, സാമ്പിൾ സർവേയെ അനുകൂലിച്ച് സമസ്ത നായർ സമാജം നൽകിയ ഉപഹരജി വാദത്തിനായി മാറ്റി. ഹരജിക്കാർ ഉപഹരജിയെ എതിർത്തു. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നൽകാനല്ല സാമ്പിൾ സർവേയെന്ന് സർക്കാർ വിശദീകരിച്ചു. മുന്നാക്ക വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് സഹായങ്ങൾ നൽകുന്നതിനുള്ള വിവര ശേഖരണത്തിനാണ് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മിഷൻ സാമ്പത്തിക സർവ്വേ നടത്തുന്നത്.

ഇത്തരക്കാർക്ക് വീട് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നതിനുള്ള ശുപാർശകൾ നൽകാനാണ് സർവ്വേയെന്ന് കമ്മിഷന്റെ അഭിഭാഷകനും വിശദീകരിച്ചു. തുടർന്ന് ,സാമ്പിൾ സർവേ നടപടികൾ തുടരാമെന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കി. സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താൻ സമഗ്രമായ സർവ്വേയാണ് അനിവാര്യമെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. ഓരോ വാർഡിലെയും മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ചു വീടുകൾ തിരഞ്ഞെടുത്താണ് സാമ്പിൾ സർവേ നടത്തുന്നത്. ഇതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ എൻ.എസ്.എസിന്റെ പ്രതിനിധികൾ പങ്കെടുത്തില്ലെന്നും സർക്കാർ വിശദീകരിച്ചു.

സാമ്പിൾ സർവ്വേയെക്കുറിച്ച് ഹർജിക്കാർക്കുള്ള പരാതിയും ആശങ്കയും കമ്മിഷനു മുന്നിൽ ആ ഘട്ടത്തിൽ ഉന്നയിക്കാമായിരുന്നെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. എന്നാൽ ,എന്തിനു വേണ്ടിയാണ് സാമ്പിൾ സർവേയെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നില്ലെന്നായിരുന്നു എൻ.എസ്.എസിന്റെ മറുപടി.