- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്നു; മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ സത്ക്കാരം ബഹിഷ്കരിച്ച് എൻഎസ്എസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പർക്ക പരിപാടി ബഹിഷ്കരിച്ച് എൻ എസ് എസ്. മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനത്തിന്റെ ആദ്യ ദിനത്തിൽ പ്രഭാത ഭക്ഷണത്തിനായുള്ള ക്ഷണമാണ് എൻഎസ്എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് നിരസിച്ചത്. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്നതിനാലാണ് ബഹിഷ്കരണമെന്ന് എൻ എസ് എസ് പ്രതികരിച്ചു.
രാവിലെ എട്ടരയ്ക്ക് പിണറായിക്കൊപ്പം പ്രാതലിനായിരുന്നു എൻഎസ്എസിന് ക്ഷണം. എന്നാൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു സംഘടനക്ക്. എൻ എസ് എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡൻറിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം നടപ്പായില്ല, മുന്നോക്ക സംവരണം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി, ദേവസ്വം ബോർഡ് നടത്തിപ്പിൽ അതൃപ്തിയുണ്ടെന്നും കൊല്ലം എൻ എസ് എസ് താലൂക്ക് യൂണിയൻ വ്യക്തമാക്കി.
കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ പ്രഭാതഭക്ഷണത്തോടെയാണ് പിണറായി വിജയന്റെ സംസ്ഥാന പര്യടന പരിപാടി ആരംഭിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട ഇരുപത്തിയഞ്ചു പേരെയാണ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരുന്നത്. തുടർഭരണം ലക്ഷ്യമിട്ടുള്ള ആശയസ്വരൂപീകരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് ചൊവ്വാഴ്ച കൊല്ലത്ത് തുടക്കം. വരുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടപത്രിക തയാറാക്കലിന് പൊതുസമൂഹത്തിൽ നിന്നും മുഖ്യമന്ത്രി ആശയം തേടും. പൊതുസമ്മേളനങ്ങൾ ഇല്ലെങ്കിലും മുഖ്യമന്ത്രി എത്തുന്നത് വിജയലഹരിയിൽ നിൽക്കുന്ന അണികൾക്ക് ആവേശം പകരും. തദ്ദേശതിരഞ്ഞെടുപ്പിൽ പ്രചാരണങ്ങളിൽ സജീവമാകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിൽ വീശിയ ഇടതുതരംഗത്തിന്റെ ഊർജത്തിലാണ് ജില്ലകളിലേക്ക് പോകുന്നത്.
പത്തരയോടെ ക്ഷണിക്കപ്പെട്ട നൂറ് പേരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ആശയവിനിമയം നടത്തും. വ്യവസായികൾ, അഭിഭാഷകർ, സാഹിത്യകാരന്മാർ, കലാകാരന്മാർ, മാധ്യമപ്രതിനിധികൾ തുടങ്ങിവർ സംവാദത്തിൽ പങ്കെടുക്കും. ഇടതുമുന്നണി സർക്കാരിൽ നിന്നുള്ള ഇനിയുള്ള മാസങ്ങളിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്ത്, വരുന്ന തിരഞ്ഞെടുപ്പിൽ എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാവണം പ്രകടനപത്രിക തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമന്ത്രി ചോദിച്ചറിയുക. അഭിപ്രായങ്ങൾ എഴുതിയും നൽകാം. ക്ഷണം ഇല്ലാത്തവർക്ക് പ്രവേശനമുണ്ടാവില്ല.
ഉച്ചക്ക് ശേഷം പത്തനംതിട്ടയിലാണ് പര്യടനം. യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത ജില്ലകളിൽ വിജയ ഫോർമുല ജനപ്രതിനിധികളുമായി ചർച്ച നടത്തും. ഒരു ദിവസം രണ്ടു ജില്ലകളിലാണ് മുഖ്യമന്ത്രി പര്യടനം നടത്തുക. പൊതുസമ്മേളനം പര്യടനത്തിൽ ഇല്ല. നിയമസഭ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമായെന്ന് രാഷ്ട്രീയ എതിരാളികൾക്ക് സന്ദേശം നൽകുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം കെടും മുൻപേ മുഖ്യമന്ത്രി യാത്ര ആരംഭിക്കുന്നത് അണികളിലും ആവേശം നിറയ്ക്കും. പ്രതിപക്ഷപാർട്ടികളിൽ തർക്കങ്ങൾ തുടരുമ്പോൾ രാഷ്ടീയമായി ഒരു പടികയറി ചവിട്ടുകയാണ് മുപ്പത് വരെയുള്ള യാത്രയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മറുനാടന് ഡെസ്ക്