ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ പൊലീസ് നടത്തുന്ന വ്യാപക അറസ്റ്റിനെതിരെ എൻഎസ്എസ്. വിശ്വാസികൾക്കെതിരായ പൊലീസ് നടപടി അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണെന്ന് എൻഎസ്എസ് പത്രക്കുറിപ്പിൽ ആരോപിച്ചു. പിണറായി സർക്കാരിനെതിരെ പരസ്യമായ നിലപാടാണ് എൻ എസ് എസ് സ്വീകരിക്കുന്നത്. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ മുഖ്യന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് എൻ എസ് എസ് നിലപാട് വിശദീകരിക്കുന്നത്. സർക്കാരിനെതിരെ ശബരിമല വിഷയത്തിൽ പോർമുഖം തുറക്കാനാണ് എൻഎസ് എസ് തീരുമാനം.

വിശ്വാസികളുടെ അറസ്റ്റിനെതിരെ എൻ എസ് എസ് പരസ്യ പ്രതിഷേധവും സംഘടിപ്പിക്കും. സംസ്ഥാനസർക്കാരിന്റെ നിലപാട് അധാർമികവും ജനാധിപത്യവിരുദ്ധവുമാണ്. റിവ്യൂ ഹർജി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോർഡിനെ അനുവദിക്കുന്നില്ലെന്നും എൻഎസ്എസ് ആരോപിച്ചു. എൻഎസ്എസ് ഇക്കാര്യത്തിൽ നിയമപരമായും സമാധാനപരമായും പ്രതികരിക്കുമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പന്തളം കൊട്ടാരത്തെയും തന്ത്രി പ്രമുഖരെയും മുഖ്യമന്ത്രിയും മന്ത്രിമാരും അവഹേളിച്ചു. ഇത്തരം നിലപാട് ജനാധിപത്യ സർക്കാരിൽനിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ്. ഇത് വിശ്വാസികളുടെ മനസ്സിനെ മുറിവേൽപ്പിച്ചു. പതാകാ ദിനമായ ഒക്ടോബർ 31ന് മുഴുവൻ കരയോഗങ്ങളിലും ക്ഷേത്രങ്ങളിലും വിളക്കു കൊളുത്തി പ്രതിഷേധിക്കുമെന്നും എൻഎസ്എസ് വ്യക്തമാക്കി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ പോർമുഖം തുറക്കാൻ എൻഎസ്എസ് കരുതലോടെയാണ് നീങ്ങുന്നത്. നേരത്തെയും സുകുമാരൻ നായർ സർക്കാരിനെ വിമർശിച്ചിരുന്നു. പരിപാവനമായ ശബരിമലയിൽ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സുകുമാരൻനായർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പെരുന്ന എൻഎസ്എസ് ഹിന്ദുകോളേജ് ഓഡിറ്റോറിയത്തിൽ നടന്ന 105-ാമത് വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്താണ് ഈ വിഷയത്തിൽ സുകുമാരൻ നായർ പ്രതികരണം നടത്തിയത്. എന്ന് പരിപാടിക്ക് ചാനലുകാർ ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. മൊബൈലുകളും അകറ്റി നിർത്തി. അതിന് ശേഷമാണ് സുകുമാരൻ നായർ സർക്കാരിനെ കടന്നാക്രമിച്ചത്. എന്നാൽ ഇന്ന് സർക്കാരിനെതിരെ പത്രക്കുറിപ്പിറക്കി പോർമുഖം തുറക്കുകയാണ് സുകുമാരൻ നായർ. കേരളത്തിൽ നിരീശ്വരവാദം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് സുകുമാരൻ നായരുടെ പക്ഷം.

വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും ജി.സുകുമാരൻ നായർ വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞിരുന്നു. ഒട്ടേറെ സുപ്രീംകോടതി വിധികൾ നടപ്പാക്കാത്ത സർക്കാർ ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാൻ ധൃതി കാണിച്ചു. എൻഎസ്എസ് ഇതുവരെ സർക്കാരിനെ വിമർശിച്ചിട്ടില്ല. അഭിപ്രായങ്ങൾ തുറന്നുപറയുമായിരുന്നു. എൻഎസ്എസിനു ലാഭേച്ഛയില്ല. സർക്കാരിൽനിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു 'വേണ്ടണം, വേണ്ടണം' എന്ന നിലപാടെടുക്കുന്നത്. വിശ്വാസമെന്നതു സംസ്‌കാരത്തിന്റെ ഭാഗമാണ്. ജനിച്ച് 28ാം നാൾ അമ്മ ചെവിയിൽ ഓതി തന്നതാണു തന്റെ സംസ്‌കാരം. അതു സംരക്ഷിക്കാൻ പിണറായിയുടെ അനുവാദം വേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി ഒളിയമ്പുമായി സുകുമാരൻ നായർക്കെതിരെ എത്തിയത്. മന്നത്ത് പത്മനാഭന്റെ സാമൂഹിക ഇടപെടൽ ഉയർത്തിയായിരുന്നു ഇത്. എന്നാൽ വിശ്വാസികൾക്കൊപ്പമേ താൻ നിൽക്കൂവെന്നാണ് സുകുമാരൻ നായർ വീണ്ടും ആവർത്തിക്കുന്നത്.

ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. ഹിന്ദു മതവിഭാഗത്തിന്റെ കാര്യങ്ങളിലും സംവിധാനങ്ങളിലും ഇടപെടുന്ന സർക്കാരിന് മറ്റു മതവിഭാഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ധൈര്യമുണ്ടോ. ഹൈന്ദവഭക്തർ ഇത് മനസ്സിലാക്കുന്നുണ്ട്. എതിർക്കേണ്ട ഭാഗത്ത് ശക്തമായി നിലയുറപ്പിച്ചുകൊണ്ട് എൻഎസ് ഉണ്ടാവുമെന്നും സുകുമാരൻ നായർ പറഞ്ഞു. ഇതോടെ ശബരിമല സമരം എൻ എസ് എസ് ഏറ്റെടുക്കുകയാണ്. ഏതെറ്റം വരേയും പോകുമെന്ന സന്ദേശമാണ് സുകുമാരൻ നായർ നൽകുന്നത്.

നേരത്തെ എസ് എൻ ഡിപി വിഷയത്തിൽ എൻഎസ് എസിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നിൽ സിപിഎമ്മാണെന്നും വിമർശനം ഉയർന്നിരുന്നു. ഇത് കൂടി മനസ്സിൽ വച്ചാണ് സുകുമാരൻ നായരുടെ കടന്നാക്രമണം.