കോട്ടയം: സുകുമാരൻ നായരെ ആർക്കാണ് അറിയാത്തത്? മന്ത്രിമാരെക്കാളും നേതാക്കളെക്കാളും ഒരുപിടി മുൻപിലാണ് താൻ എന്ന് സുകുമാരൻ നായർ സ്വയം വിശ്വസിക്കുകയും നേതാക്കളും മന്ത്രിമാരും അത് സമ്മതിച്ചു കൊടുക്കുകയും ചെയ്യുന്നു. മുൻകൂട്ടി അനുമതി വാങ്ങാകെ ഏത് വലിയ നേതാവ് വന്നാലും സുകുമാരൻ നായർ കാണാൻ അനുവദിക്കില്ല. സുരേഷ് ഗോപിയുടെ അനുഭവം ഇതിനോടു ഉദാഹരണമാണ്. അതുകൊണ്ടു തന്നെ സുകുമാരൻ നായരുടെ മകന്റെ കല്ല്യാണ വിവരം അറിഞ്ഞപ്പോൾ മുതൽ നേതാക്കളും മന്ത്രിമാരും ക്ഷണം കാത്തിരിക്കുകയാണ്. ക്ഷണിച്ചു പങ്കെടുക്കാനാണെങ്കിൽ എന്തായാലും അംഗീകാരവും ആദരവും കിട്ടുമല്ലോ എന്നതായിരുന്നു ആ പ്രതീക്ഷയുടെ മൂലകാരണം.

എന്നാൽ താനാണ് കേരളത്തിലെ സമസ്തനായന്മാരുടെയും തലതൊട്ടപ്പൻ എന്നു ഒരുവേള പെരുന്നയിലെ പോപ്പ് താനാണെന്ന് വിധത്തിൽ അഭിപ്രായം പറയുകയും ചെയ്ത സുകുമാരാൻ നായർ മറ്റാരെയും ആദരിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും മകന്റെ വിവാഹത്തിന് ക്ഷണിക്കാതിരിക്കുകയായിരുന്നു എന്നാണ് പലരുടെയും അടക്കംപറച്ചിലുകൾ. 27ാം തീയ്യതിയായിരുന്നു ജി സുകുമാരൻനായരുടെയും ഭാര്യ കുമാരീദേവിയുടെയും മകൻ ശ്രീകുമാറിന്റെ വിവാഹം.

ചങ്ങനാശ്ശേരി ഇത്തിത്താനം തെക്കേക്കോണിൽ(അപ്‌സര) പരേതനായ രാമകൃഷ്ണപിള്ളയുടെയും രാജമ്മയുടെയും മകൾ രാജലക്ഷ്മിയെയാണ് ശ്രീകുമാർ വിവാഹം ചെയ്തതത്. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിലായിരുന്നു വിവാഹം. എൻഎസ്എസ്സിനെ പ്രതിനിധീകരിച്ച് കരയോഗം രജിസ്ട്രാർ, യൂണിയൻ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തപ്പോൾ മന്ത്രിമാരും മറ്റ് രാഷ്ട്രീയക്കാർക്കും ക്ഷണമുണ്ടായില്ല. സുകുമാരൻനായരുടെ മകന്റെ വിവാഹത്തിന് ക്ഷണമുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്ന പലരും ഇതോടെ നിരാശരായി.

സുകുമാരൻ നായരുടെ മകന്റെ വിവാഹത്തിന് ക്ഷണിച്ചാൽ എങ്ങനെ പോകാതിരിക്കും എന്നതിനാലാണ് ഈ അനിഷ്ടം ഉണ്ടാകാതിരിക്കാൻ വേണ്ടി നേതാക്കളിൽ പലരും ഈ ദിവസം ഫ്രീയാക്കി ഇട്ടത്. എന്നാൽ, ക്ഷണം ലഭിക്കാതെ വന്നപ്പോൾ ഇവർനിരാശരായി. വിവാഹത്തിന് ക്ഷണിക്കുമ്പോൾ രാഷ്ട്രീയ പക്ഷഭേദമില്ലാതെ എല്ലാവരേയും ക്ഷണിക്കേണ്ട കാര്യമുണ്ട്. അങ്ങനെ വരുമ്പോൾ അക്കൂട്ടത്തൽ സുരേഷ്‌ഗോപിയെ അടക്കം ക്ഷണിക്കേണ്ടിവരും. ക്ഷണിച്ചില്ലെങ്കിൽ ഒരു പക്ഷേ അതാകാം മാദ്ധ്യമങ്ങളിലെ വാർത്തയും. കൂടാതെ ക്ഷണിച്ചാൽ തന്നെ മകന്റെ വിവാഹക്കാര്യം ആയതിനാൽ എല്ലാവരെയും ക്ഷണിച്ച് ആദരിക്കേണ്ട അവസ്ഥയും ഉണ്ടാകും. ഇതിന് തയ്യാറല്ലാത്തതിനാലാണ് മകന്റെ വിവാഹത്തിന് ആരെയും ക്ഷണിക്കാതിരുന്നതെന്നാണ് അടക്കംപറച്ചിലുകൾ.

എന്തായാലും വിവാഹത്തിന് നേതാക്കളെ ക്ഷണിക്കാത്തതുകൊണ്ട് മറ്റൊരു നേട്ടം കൂടി എൻഎസ്എസ് ജനറൽസെക്രട്ടറിക്ക് ഉണ്ടായി. പിറ്റേന്ന് പുറത്തിറങ്ങിയ പത്രങ്ങളെല്ലാം വിവാഹത്തിലെ ലാളിത്യത്തെ കുറിച്ച് വാചാലരായി. ഇന്ത്യയിലെ തന്നെ പല പ്രമുഖ നേതാക്കാളെയും ഗർവ് കാണിക്കാൻ വേണ്ടി വിവാഹത്തിന് ക്ഷണിക്കാമായിരുന്നെങ്കിലും സുകുമാരൻനായർ ലാളിത്യത്തിന്റെ വക്താവായി എന്നാണ് മാദ്ധ്യമാ വാഴ്‌ത്തുകൾ. എന്തായാലും മാദ്ധ്യമവാഴ്‌ത്തുകൾ ഉണ്ടാകുമ്പോഴും ആരെയുംബഹുമാനിക്കാൻ തയ്യാറാകാത്ത സുകുമാരൻനായരുടെ ശീലം തന്നയാണ് യഥാർത്ഥ കാരണമെന്നാണ് പലരുംപറയുന്നത്.