ന്യൂയോർക്ക്‌: 2016 ഓഗസ്റ്റ്‌ 12, 13, 14 തീയതികളിൽ ഹ്യൂസ്റ്റണിൽ വച്ച്‌ നടക്കുന്ന എൻ.എസ്‌.എസ്‌. ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ കൺവൻഷൻ ചെയർമാനായി ടെക്‌സസിൽ നിന്നുള്ള ഡോ. മോഹൻ കുമാറിനെയും, കോചെയർമാനായി ന്യൂയോർക്കിൽ നിന്നുള്ള ഗോപിനാഥ്‌ കുറുപ്പിനെയും തെരഞ്ഞെടുത്തുവെന്ന്‌ പ്രസിഡന്റ്‌ ജി.കെ.പിള്ളയും, ജനറൽ സെക്രട്ടറി സുനിൽ നായരും ട്രഷറർ പൊന്നു പിള്ളയും അറിയിച്ചു.

ഡോ. മോഹൻ കുമാർ ഹ്യൂസ്റ്റൺ ഏരിയായിൽ പരക്കെ അറിയപ്പെടുന്ന ഒരു ഹൃദ്രോഗ വിദഗ്‌ദ്ധൻ ആണ്‌. കൊല്ലത്തു ജനിച്ചു വളർന്ന ഡോ. കുമാർ തന്റെ മെഡിക്കൽ ബിരുദം 1979ൽ തിരുവനതപുരത്ത്‌ നിന്നും നേടി. യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സസ്‌ മെഡിക്കൽ ബ്രാഞ്ച്‌ ഗാൾവെസ്റ്റനിൽ നിന്ന്‌ 1996ൽ ഇന്റേണൽ മെഡിസിനും, തുടർന്ന്‌ 1999ൽ കാർഡിയോ വാസ്‌കുലർ ഡിസീസിൽ ഫെലോഷിപ്പും കരസ്ഥമാക്കി. ജി.എച്‌.എൻ.എസ്‌.എസ്സിലെ ലൈഫ്‌ മെമ്പർ ആയ ഡോ. കുമാറിന്റെ കുടുംബം എന്നും എൻ.എസ്‌.എസ്‌. ഹ്യൂസ്റ്റണിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

എ.കെ.എം.ജി.യുടെ 2013ൽ ഹ്യൂസ്റ്റണിൽ വച്ച്‌ നടന്ന കൺവൻഷന്റെ കോചെയർമാനായി പ്രവർത്തിച്ച പരിചയവും അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നതിന്‌ കാരണമായി എന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള പറഞ്ഞു.

ഗോപിനാഥ്‌ കുറുപ്പ്‌, ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ പ്രസിഡന്റ്‌, നായർ ബനവലന്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌, മലയാളി അസോസിയേഷൻ ഓഫ്‌ റോക്ക്‌ലാൻഡിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌, ന്യൂയോർക്ക്‌ അയ്യപ്പ സേവാ സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ എന്നീ നിലകളിലുള്ള പ്രവർത്തനത്തിലൂടെ തന്റെ കഴിവ്‌ തെളിയിച്ച വ്യക്തിയാണ്‌. കുറുപ്പ്‌ നായർ ബനവലന്റ്‌ അസോസിയേഷൻ പ്രസിഡന്റായിരിക്കുമ്പോഴാണ്‌ അമേരിക്കയിലും ക്യാനഡയിലും പ്രവർത്തിക്കുന്ന നായർ സംഘടനകളെ വിളിച്ചുകൂട്ടി ന്യൂയോർക്കിൽ വച്ച്‌ എൻ.എസ്‌.എസ്‌. ഓഫ്‌ നോർത്ത്‌ അമേരിക്ക എന്ന സംഘടന സമാരംഭിച്ചത്‌.

എൻ.എസ്‌.എസ്‌. ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ന്യൂയോർക്കിൽ നടന്ന ആദ്യ കൺവൻഷൻ കൺവീനർ, എൻ.എസ്‌.എസ്‌. ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ആദ്യ വൈസ്‌ പ്രസിഡന്റ്‌, കെ.എച്ച്‌.എൻ.എ. എക്‌സിക്യുട്ടീവ്‌ മെമ്പർ, ബോർഡ്‌ മെമ്പർ, ന്യൂയോർക്കിൽ നടന്ന കെ.എച്ച്‌.എൻ.എ. കൺവൻഷൻ കൺവീനർ എന്ന നിലയിലും സ്‌തുത്യർഹമായ സേവനം കാഴ്‌ച്ച വച്ചിട്ടുണ്ട്‌.