- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിയും നിയമനത്തിലെ ക്രമക്കേടും ചൂണ്ടിക്കാട്ടിയതിന് എസ്എൻഡിപി മോഡൽ എൻഎസ്എസിലും; എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; അഴിമതി എതിർത്തവർ ഒഴികെ എല്ലാവരും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിലും
പത്തനംതിട്ട: എതിർക്കുന്ന യൂണിയനുകളെയും ശാഖാ കമ്മറ്റികളെയും ഒതുക്കാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. എതിർശബ്ദം ഉയർത്തുന്ന കമ്മറ്റികൾ പിരിച്ചു വിടുക. എന്നിട്ട് തന്റെ ആൾക്കാരെ ഉൾക്കൊള്ളിച്ച് അവിടെ ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നിയമിക്കുക. തന്റെ ഏറ്റവും വിശ്വസ്തനെ ചെയർമാനും കൺവീനറുമാക്കുക. പിന്നെ ഒരു തെരഞ്ഞെടുപ്പ് നടന്നാലായി ഇല്ലെങ്കിലായി. ഭരണം സുഗമം, എതിർപ്പുമില്ല. മൈക്രോഫിനാൻസ് തട്ടിപ്പിനെതിരേ സമുദായാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ച എല്ലാ സ്ഥലത്തും ഇതാണ് സ്ഥിതി.
എതിരാളികളെ ഒതുക്കാൻ വെള്ളാപ്പള്ളി നശേടന്റെ ശൈലി കടം കൊണ്ടിരിക്കുകയാണ് എൻഎസ്എസും. അങ്ങനെ പത്തനംതിട്ട താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. പിരിച്ചു വിട്ട കമ്മറ്റിയിലുണ്ടായിരുന്ന 11 പേരെയും ചേർത്ത് അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ടയെ അഡ്ഹോക്ക് കമ്മറ്റിയുടെ ചെയർമാനായും നിയമിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 16 ന് തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്ക് കോറം നഷ്പ്പെട്ട് ഇല്ലാതായ സാഹചര്യത്തിലാണ് അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നിരിക്കുന്നതെന്ന് യൂണിയൻ സെക്രട്ടറി കരയോഗങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
16 അംഗ കമ്മറ്റിയാണ് കഴിഞ്ഞ വർഷം നിലവിൽ വന്നത്. ഇതിൽ അഞ്ചു പേരെ ഒഴിവാക്കിയാണ് ഇപ്പോൾ അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നിരിക്കുന്നത്. എന്നാൽ, അഴിമതിയും ക്രമക്കേടും ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കമ്മറ്റിക്ക് കോറം ഇല്ലാതാക്കി പിരിച്ചു വിട്ടതെന്ന് ഒരു വിഭാഗം കമ്മറ്റി അംഗങ്ങൾ പറയുന്നു. നിലവിൽ അഡ്ഹോക്ക് കമ്മറ്റിയിലുള്ള 11 പേരും ഭരണ സമിതിയിൽ നിന്ന് രാജി വച്ചവരാണ്. ഇവരുടെ രാജിയോടെയാണ് ഭരണ സമിതിക്ക് ഭൂരിപക്ഷം നഷ്ടമായത്. ഇങ്ങനെ മനഃപൂർവം ഭൂരിപക്ഷം നഷ്ടമാക്കിയ ശേഷം തങ്ങളെ അനുകൂലിക്കുന്ന 11 പേരെ മാത്രം ഉൾക്കൊള്ളിച്ച് അഡ്ഹോക്ക് കമ്മറ്റി കൊണ്ടു വന്നിരിക്കുകയാണ്. ഇനി ഇവരെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല എന്നതാണ് സ്ഥിതി.
ഒരിക്കൽപ്പോലും ഭരണ സമിതിക്ക് കോറം തികയാതെ വന്നിട്ടില്ലെന്ന് മുൻ കമ്മറ്റിയിലെ അംഗങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ചേർന്ന കമ്മറ്റിയിൽ 14 പേർ പങ്കെടുത്തു. ജൂലൈ 14 ന് ചേർന്ന കമ്മറ്റിയിൽ 13 പേർ പങ്കെടുത്തു. 15 ന് നടന്ന എൻഎസ്എസ് യൂണിയന്റെ തൂശനില മിനി കഫേ ഉദ്ഘാടന ചടങ്ങിൽ 12 കമ്മറ്റി അംഗങ്ങൾ സംബന്ധിച്ചു. 21 ന് ചേർന്ന യൂണിയന്റെ അധീനതയിലുള്ള നരിയാപുരം ഇണ്ടിളയപ്പൻ ക്ഷേത്രം സബ്കമ്മറ്റി യോഗത്തിലും ഭരണ സമിതി അംഗങ്ങൾ പങ്കെടുത്തു. ഇത്രയധികം പങ്കാളിത്തം ഉണ്ടായ കമ്മറ്റിക്ക് കോറം തികയുന്നില്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുൻ ഭരണ സമിതി അംഗങ്ങൾ ചോദിക്കുന്നു. ഇവിടെയാണ് ഭരണ സമിതി പിരിച്ചു വിടാനുള്ള വ്യക്തമായ ഗൂഢാലോചന നടന്നത്.
22 ന് വൈകിട്ട് നാലു മണി മുതൽ യൂണിയൻ സെക്രട്ടറി കമ്മറ്റി അംഗങ്ങളെ വിളിച്ച് അടിയന്തിരമായി ജനറൽ സെക്രട്ടറിയെ കാണണമെന്ന് അറിയിക്കുന്നു. ഇതിൻ പ്രകാരം 10 കമ്മറ്റി അംഗങ്ങൾ അന്ന് രാത്രി ഏഴിന് പെരുന്നയിലെ ആസ്ഥാനത്ത് ചെന്നു. ജനറൽ സെക്രട്ടറി, രജിസ്ട്രാർ, സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ ഗസ്റ്റ് ഹൗസിൽ യൂണിയൻ കമ്മറ്റി അംഗങ്ങളെ വിളിച്ചു വരുത്തി. ഒരു ഗോപാലകൃഷ്ണൻ നായർ അയച്ച കത്ത് കിട്ടിയിട്ടുണ്ടെന്നും അതിൽ യൂണിയനിൽ അഴിമതി നടക്കുന്നുണ്ടെന്ന് ആരോപണമുണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കമ്മറ്റി അംഗങ്ങളോട് പറഞ്ഞുവത്രേ. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ അവിടെ എത്തിയ കമ്മറ്റി അംഗങ്ങളോട് രാജി ആവശ്യപ്പെട്ടു. സൂപ്രണ്ട് ഒരു പേപ്പർ തയാറാക്കി കൊണ്ടു വന്നിരുന്നു. അതിൽ യൂണിയൻ ഭരണം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ താഴെ പേരെഴുതി ഒപ്പിട്ടവർ രാജി വയ്ക്കുന്നു എന്നാണ് എഴുതിയിരുന്നത്.
ജനറൽ സെക്രട്ടറി പറഞ്ഞതു പോലെ 10 കമ്മറ്റി അംഗങ്ങളും എഴുതി ഒപ്പിട്ടു. അപ്പോൾ തന്നെ യൂണിയൻ ഭരണ സമിതി പിരിച്ചു വിടുകയും അവിടെയുണ്ടായിരുന്ന 10 പേരെ ചേർത്ത അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. നിലവിലുള്ള പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ടയെ ചെയർമാനുമാക്കി. 24 ന് രാവിലെ ഒരു കമ്മറ്റി അംഗം കൂടി എൻഎസ്എസ് ആസ്ഥാനത്ത് ചെന്ന് രാജി കൊടുത്തു. അയാളെയും അഡ്ഹോക്ക് കമ്മറ്റിയിൽ ഉൾപ്പെടുത്തി. ഹെഡ് ഓഫീസിൽ പോയി രാജി വയ്ക്കാൻ തയാറാകാതിരുന്ന പിഡി പത്മകുമാർ, ബി. ബാലചന്ദ്രൻ നായർ, വള്ളിക്കോട് ഹരികുമാർ, അഡ്വ. എ. ജയകുമാർ, ടിപി ഹരിദാസൻ പിള്ള എന്നിവരെ അഡ്ഹോക്ക് കമ്മറ്റിയിൽ ഉൾക്കൊള്ളിച്ചില്ല.
ഒരു ഊമക്കത്തിന്റെ പേരിലാണ് കമ്മറ്റി പിരിച്ചു വിടൽ നാടകം ഉണ്ടായിട്ടുള്ളത്. ആ ഊമക്കത്തിൽ പറയുന്നതാകട്ടെ അഴിമതിയെ കുറിച്ചാണ്. അങ്ങനെ എങ്കിൽ ആ അഴിമതി നടത്തിയവരെ രാജി വയ്പിച്ചിട്ട് എന്തിന് വീണ്ടും അവരെ തന്നെ ഉൾക്കൊള്ളിച്ച് അഡ്ഹോക്ക് കമ്മറ്റി എടുത്തുവെന്നതാണ് പ്രസക്തമായ ചോദ്യം. നിലവിൽ ഉണ്ടായിരുന്ന പ്രസിഡന്റും എൻഎസ്എസ് രജിസ്ട്രാറും ചേർന്ന് പല കച്ചവടങ്ങളും നടത്തിയിട്ടുണ്ടെന്നും ഇവർക്കെതിരായി കമ്മറ്റിയിൽ ശബ്ദം ഉയർന്നതാണ് പിരിച്ചു വിടാൻ കാരണമെന്നുമാണ് പറയപ്പെടുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്