പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതിസന്ധിയിലായ സർക്കാർ സമുദായ പ്രീണനത്തിലൂടെ ജനപിന്തുണ ആർജിക്കാനുള്ള നീക്കം തുടങ്ങി. ഹൈന്ദവസമുദായത്തിലെ വിവിധ സംഘനകളുടെ യോഗം വിളിച്ചു ചേർത്ത്, അവരുടെ നേതാക്കൾക്ക് ബോർഡ്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ മതിയായ പ്രാതിനിധ്യം നൽകാനാണ് നീക്കം. പുന്നല ശ്രീകുമാറിനെപ്പോലെയുള്ള സംഘടനാ നേതാക്കൾ ശബരിമല വിഷയത്തിൽ സർക്കാരിന് അനുകൂലമായ നിലപാട് എടുത്തതിന് പിന്നിലും മറ്റൊന്നല്ല. ശബരിമല യുവതി പ്രവേശന വിധി വന്നശേഷം ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെ അനുനയിപ്പിക്കാൻ മധ്യസ്ഥർ മുഖേനെ ചർച്ചയും നടത്തും.

എൻഎസ്എസ് സർക്കാരിനെതിരേ നിലപാട് എടുക്കുകയും എസ്എൻഡിപി പിടിതരാതെ നിൽക്കുകയും ചെയ്തതാണ് ശബരിമല വിഷയത്തിൽ സംഘപരിവാർ സംഘടനകൾക്ക് മൈലേജ് കിട്ടാൻ കാരണമായത് എന്ന് സർക്കാരിന് തോന്നലുണ്ട്. എസ്എൻഡിപി സ്പോൺസേർഡ് രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസിലുള്ള മറ്റു സമുദായ സംഘടനകളുടെ നിലപാടും സർക്കാരിന് എതിരാണ്. യോഗക്ഷേമ സഭയുടെ നേതാവായ അക്കീരമൺ കാളിദാസ ഭട്ടിതിരി, കെപിഎംഎസിലെ ടിവി ബാബു തുടങ്ങിയവർ ഈ വിഷയത്തിൽ ബിജെപിക്കൊപ്പം ഉറച്ച നിലപാട് ആണെടുക്കുന്നത്. എൻഎസ്എസും എസ്എൻഡിപിയും സർക്കാർ നിലപാടുകൾക്ക് വിരുദ്ധമായി രംഗത്തു വന്നതോടെ സംഘപരിവാർ സംഘടനകൾ മേൽക്കൈ നേടി.

വിശ്വാസ സംരക്ഷണത്തിന് വേണ്ടി സിപിഎമ്മിന്റെ സന്തത സഹചാരികൾ പോലും ബിജെപിയുടെ സമരത്തിൽ പങ്കെടുക്കുന്നതും കാണേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് വിഘടിച്ചു നിൽക്കുന്നു ഹിന്ദു സമുദായങ്ങളെ ചാക്കിട്ട് പിടിക്കാനുള്ള നീക്കം നടക്കുന്നത്. ഹൈന്ദവ സമുദായ സംഘടനകൾ എല്ലാം തന്നെ പിളർന്ന് രണ്ടും മൂന്നുമായി മാറിയവരാണ്. എൻഎസ്എസിന് ബദലായി എസ്എൻഎസ്, എസ്എൻഡപിക്ക് ബദലായി ഗോകുലം ഗോപാലന്റെ സംഘടന, കെപിഎംഎസ് തന്നെ മൂന്നുണ്ട്, സാംബവ മഹാസഭയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുറവർ മഹാസഭയിലും രണ്ടു ഗ്രൂപ്പാണ്. വിശ്വകർമ സമുദായത്തിലും സംഘടനകൾ പലതുണ്ട്.

ഇങ്ങനെ വിഘടിച്ചു നിൽക്കുന്നവയിൽ അംഗബലമുള്ളവരെ മനസിലാക്കി അവരുടെ നേതാക്കൾക്ക് കോർപ്പറേഷന്റെയും ബോർഡുകളുടെയും തലപ്പത്ത് സ്ഥാനം നൽകും. പകരം, ശബരിമല വിഷയത്തിൽ സർക്കാരിന് പിന്തുണ നൽകിയാൽ മതിയാകും. ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ സമുദായങ്ങളുടെ വോട്ടുറപ്പിക്കുന്നതിലൂടെ സിപിഎമ്മിന്റെ ചോർന്ന വോട്ടുകൾ തിരികെപ്പിടിക്കാമെന്നും കണക്കു കൂട്ടുന്നു. ശബരിമല വിഷയത്തിൽ സർക്കാരിന് അനുകൂലമായ നിലപാടുമായി കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ രംഗത്തു വന്നത് ഈ ലക്ഷ്യത്തോടെയാണ്. ശ്രീകുമാറിന്റെ പ്രസ്താവനകൾ സർക്കാരിന് തൽക്കാലം തുണയാവുകയും ചെയ്തു.

അതേസമയം, വിഘടിച്ചു നിൽക്കുന്ന സമുദായങ്ങളായതു കാരണം അവരെ കൂട്ടിയിട്ട് യാതൊരു പ്രയോജനവും കിട്ടുകയില്ല എന്നും പാർട്ടിക്കുള്ളിൽ വാദമുണ്ട്.