ആലപ്പുഴ : ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ കരയോഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ നുറോളം കരയോഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ ജനറൽ സെക്രട്ടറിക്കെതിരെ പ്രമേയം കൊണ്ടുവന്നേക്കും. നീക്കത്തിനു പിന്നിൽ സംഘപരിവാർ, ആർഎസ്എസ് സംഘടനകളെന്ന് സൂചന. കേരളത്തിലെ പല കരയോഗങ്ങളിലും സംഘപരിവാർ സംഘടനകൾക്ക് നല്ല സ്വാധീനമുണ്ട്. ഈ സ്വാധീനം സുകുമാരൻ നായർക്കെതിരെ തിരിച്ചു വിടാനാണ് നീക്കം.

ബിജെപി, ആർഎസ്എസ് സംഘടനകളുമായി നല്ല ബന്ധമായിരുന്നു സുകുമാരൻ നായർ പുലർത്തിയിരുന്നത്. എന്നാൽ സമീപകാലത്ത് യുഡിഎഫ് സർക്കാരിനെ വാനോളം പുകഴ്‌ത്താൻ സുകുമാരൻ നായർ നടത്തുന്ന ശ്രമങ്ങളിൽ രോഷം പൂണ്ട ഹിന്ദു സംഘടനകൾ ഇപ്പോൾ സുരേഷ് ഗോപി വിഷയം ആയുധമാക്കി സുകുമാരൻ നായർക്കെതിരായ കൊണ്ടുപിടിച്ച നീക്കങ്ങളിലാണ്. സമവായം പറയുന്ന സുകുമാരൻ നായർ കാര്യം കാണാൻ കോൺഗ്രസുകാരനാകുന്നുവെന്നാണ് വിമർശനം.

ഇതിനിടെ കൂടുതൽ കരയോഗങ്ങൾ സുകുമാരൻ നായർക്കെതിരേ പ്രമേയവുമായി രംഗത്തെത്തിയിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പുഴശേരി മഹിളാസമാജം സുകുമാരൻ നായർ രാജിവച്ചൊഴിയണമെന്നു പ്രമേയത്തിലൂടെയാവശ്യപ്പെട്ടിട്ടുണ്ട്. സുകുമാരൻ നായരുടെ പ്രവൃത്തി സംസ്‌കാരശൂന്യമാണെന്നും അവർ പ്രസ്താവിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ സുകുമാരൻ നായർ തയ്യാറാവണമെന്നും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന സുരേഷ് ഗോപിയെ ഇറക്കിവിട്ടത് ശരിയായില്ലെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.

ഇന്നലെ എൻ എസ് എസ് പ്രസിഡന്റ് അഡ്വ. പി എൻ നരേന്ദ്രനാഥൻ നായർ അംഗമായുള്ള പത്തനംതിട്ട കരയോഗത്തിൽ പ്രമേയം എത്തിയത് മറ്റു കരയോഗങ്ങൾക്ക് കരുത്തായിട്ടുണ്ട്. എന്നാൽ കരയോഗങ്ങളിൽ എതിർപ്പ് ഉണ്ടാകുമെന്ന് മനസിലാക്കിയ സുകുമാരൻ നായരും കൂട്ടരും കഴിഞ്ഞദിവസം പത്രക്കുറിപ്പ് ഇറക്കി തടിയൂരാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കരയോഗങ്ങളിലെ പ്രമേയങ്ങളും സംഘപരിവാർ സൃഷ്ടിയാണെന്നാണ് വിലയിരുത്തൽ. ഹിന്ദുവിനു വേണ്ടി വാദിക്കുന്ന സുകുമാരൻ നായർ പി സി ജോർജിനെയും കെ എം മാണിയെയും സംരക്ഷിക്കാൻ പുറപ്പെടുന്നത് ഗൂഢലക്ഷ്യം വച്ചാണെന്നാണ് ഇവരുടെ വാദം.

സമസ്ത കേരള നായർ സമാജവും സുകുമാരൻ നായരെ പുകയ്ക്കുന്നതിൽ മുൻപന്തിയിലുണ്ട്. ഇതിനായി നായർ സമുദായാഗംങ്ങൾക്കിടിയിൽ ഹിതപരിശോധന നടത്താനുള്ള ശ്രമത്തിലാണ്. സമുദായത്തെ ചൂഷണം ചെയ്തു കീശ വീർപ്പിക്കുന്ന എൻ എസ് എസ് എന്ന ലിമിറ്റഡ് കമ്പനി ആവശ്യമുണ്ടോയെന്ന ചോദ്യവുമായാണ് ഹിതപരിശോധന നടക്കുക. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ സംസ്ഥാനത്തെ മുഴുവൻ കരയോഗങ്ങളിലും നൽകുമെന്ന് ജനറൽ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണൻ മറുനാടനോട് പറഞ്ഞു.

സുകുമാരൻ നായർ തൽസ്ഥാനം ഒഴിയണമെന്നാണ് സമസ്ത കേരള നായർ സമാജത്തിന്റെയും നായർ സമുദായാംഗങ്ങളുടെയും ആവശ്യം. മന്ത്രി സഭയ്ക്ക് അപമാനം വരുത്തിയ നായർ മന്ത്രിമാരെ പുറത്താക്കാൻ യു ഡി എഫ് സർക്കാരിന് ഒത്താശ ചെയ്ത എൻ എസ് എസ് നേതൃത്വം ഇപ്പോൾ സുരേഷ് ഗോപിയെ ഇറക്കിവിട്ടതിലൂടെ നായർ സമുദായത്തിന് അപമാനം വരുത്തിവച്ചു. സമുദായാംഗം കൂടിയായ സുരേഷ് ഗോപിയെ ഇറക്കിവിട്ടതിലൂടെ സ്വസമുദായം ഇതരസമുദായങ്ങൾക്കുമുന്നിൽ അപമാനിക്കപ്പെടുകയും ചെയ്തു.

ഗുരുതരമായ വീഴ്ചവരുത്തിയ സുകുമാരൻ നായർ അർത്ഥശങ്കക്കിടയില്ലാതെ രാജിവെക്കണം. സോളാർ കേസിലെ പ്രതിയായിരുന്ന സിനിമാ നടി ശാലുമേനോന്റെ വസതിയിലെത്തി കരിക്കു കുടിച്ച മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനെയും കുടുംബ കലഹവും സരിത വിഷയവും വേട്ടയാടിയ ഗണേശ് കുമാറിനെയും പുറത്താക്കാൻ കൊണ്ടുപിടിച്ച് ശ്രമിച്ച സുകുമാരൻ നായർ ഇപ്പോൾ തൽസ്ഥാനത്ത്് കടിച്ചു തൂങ്ങുന്നത് അപമാനകരമാണ്. മാത്രമല്ല നാമമാത്ര അംഗങ്ങളുമായി കാലങ്ങളായി നായർ സമുദായത്തിന്റെ അവകാശങ്ങൾ കൃത്യമായി വാങ്ങി സ്വന്തം കുടുംബത്തിന് നൽകുന്ന പ്രവണത ഇനി നടക്കില്ലെന്നാണ് നിലപാട്.

സുകുമാരൻ നായരെ യു ഡി എഫ് സർക്കാർ രക്ഷപ്പെടുത്തുമെന്ന് വിചാരിക്കേണ്ട. അടികൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും എന്ന പതിവ് മാറി. ഇത് നായർ സമുദായമാണ്, പെരുമറ്റം പറഞ്ഞു.