സിഡ്‌നി: കുട്ടികളെ മാതാപിതാക്കൾ കാറിൽ മറന്നു വയ്ക്കുന്ന പ്രവണത ന്യൂ സൗത്ത് വേൽസിൽ വർധിച്ചു വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു വർഷത്തിൽ 140 കുട്ടികളെയാണ് മാതാപിതാക്കൾ കാറിൽ മറന്നുപോയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാതാപിതാക്കളുടെ അശ്രദ്ധ തന്നെയാണ് ഇക്കാര്യത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കുട്ടികളെ കാറിൽ നിന്നെടുക്കാൻ മറന്നുപോകരുതെന്ന് സമ്മർ സീസണിൽ പൊലീസ് സുരക്ഷാ നിർദ്ദേശം നൽകുന്നുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ലെന്നാണ് അടുത്ത കാലത്തായി വർധിച്ചുവരുന്ന ഇത്തരം കേസുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം തന്നെ 39 കുട്ടികൾ ഇത്തരത്തിൽ കാറിൽ ഉപേക്ഷിക്കപ്പെട്ടുവെന്നും ഇത് അവരിൽ വൈകാരിക സംഘർഷം ഉളവാക്കുകയോ ആരോഗ്യത്തെ സാരമായി ബാധിക്കുകയോ ചെയ്‌തേക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

2013-ൽ കുട്ടികളെ കാറിൽ മറന്നു പോയ കേസുകൾ 18 ആയിരുന്നുവെന്നതാണ് കഴിഞ്ഞ വർഷം ഇരട്ടിയിൽ അധികമായത്. 2012-ലും ഇത്തരം 36 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതും പ്രോസിക്യൂട്ട് ചെയ്യപ്പെട്ടിട്ടുള്ളതും. 2010- ജൂലൈ മുതൽ 138 പേരെയാണ് കുട്ടികളെ കാറിൽ ഉപേക്ഷിച്ചതിനെ തുടർന്ന് പ്രോസിക്യൂട്ട് ചെയ്യപ്പെട്ടത്. കുട്ടികൾ കാറിൽ അകപ്പെട്ട് പൊലീസ് സഹായം തേടുന്ന സംഭവങ്ങളിലെല്ലാം തന്നെ കേസ് ചാർജ് ചെയ്യപ്പെടുന്നുണ്ടെന്നും ന്യൂ സൗത്ത് വേൽസ് പൊലീസ് ചീഫ് സൂപ്രണ്ട് ബ്രാഡ് ഷെപ്പേർഡ് ചൂണ്ടിക്കാട്ടി.

വളരെ ആകസ്മികമായി സംഭവിക്കുന്നതാണെന്നും പെട്ടെന്ന് തിരിച്ചെത്താമെന്നു കരുതി പോകുന്ന മാതാപിതാക്കൾ തിരിച്ചെത്താൻ വൈകുന്നതാണ് മിക്ക പ്രശ്‌നങ്ങൾക്കും കാരണമാകുന്നതെന്നും ബ്രാഡ് ഷെപ്പേർഡ് പറയുന്നു. ഷോപ്പുകളിൽ കയറുന്ന മാതാപിതാക്കൾ പിന്നീട് ഷോപ്പിങ് തിരക്കുകൾക്കിടയിൽ കുഞ്ഞിന്റെ കാര്യം മറക്കുകയാണെന്നും കാറിൽ അകപ്പെട്ട കുഞ്ഞിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഇവർ ബോധവാന്മാരല്ലെന്നുമാണ് സൂപ്രണ്ട് ചൂണ്ടിക്കാട്ടുന്നത്.

ഇത്തരത്തിൽ കുട്ടികൾ കാറിൽ അകപ്പെടുന്നതിന്റെ അപകടവും ഏറെ നേരം ചൂടിൽ ഇരിക്കുന്നതു മൂലം കുട്ടികൾക്കുണ്ടാകുന്ന നിർജലിനീകരണത്തെകുറിച്ചും മറ്റും ബോധവത്ക്കരണം നടത്തുന്നുമുണ്ട്. കൂടാതെ ഇത്തരക്കാരിൽ നിന്ന് പിഴ ഈടാക്കുക മാത്രമാണ് ഇത്തരത്തിൽ ഈ തെറ്റ് ആവർത്തിക്കാതിരിക്കാൻ നൽകുന്ന ശിക്ഷയെന്നും സൂപ്രണ്ട് വെളിപ്പെടുത്തി. ഒരു മണിക്കൂർ നേരം കാറിൽ അകപ്പെടുന്ന കുട്ടി 72.5 ഡിഗ്രിക്കു മുകളിൽ താപനില സഹിച്ചുവേണം ഇരിക്കാൻ. ഇത് അവരുടെ ജീവനു തന്നെ ഭീഷണി ഉയർത്തും.

മാതാപിതാക്കൾക്കു മാത്രമല്ല, വഴിപോക്കർക്കും ഇതിനെ കുറിച്ച് ബോധവത്ക്കരണം ആവശ്യമാണ്. കാറിൽ കുഞ്ഞുങ്ങൾ തനിച്ച് ഇരിക്കുന്നതു കണ്ടാൽ പൊലീസിൽ വിവരമറിയിക്കാനും വളർത്തുമൃഗങ്ങളെ കാറിലാക്കി പോകുന്ന മുതിർന്നവർക്കും ബോധവത്ക്കരണത്തിന്റെ ആവശ്യകതയുണ്ടെന്ന് പൊലീസ് എടുത്തുപറയുന്നു.