മെൽബൺ: ഓസ്‌ട്രേലിയൻ ജനതയുടെ സഹായ മനസ്ഥിതി സുവിതിദമാണ്. വിധിയുടെ വികൃതികളാൽ ആലംബമറ്റുപോകുന്ന നിസ്സഹായരായ മനുഷ്യരോടവർ എപ്പോഴും ഉദാരഭാവം പുലർത്തുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈയിടെ ലോകം കണ്ടത്. ജീവിതം അതിന്റെ കയ്‌പ്പുനീരിനാൽ നിരാലംബയാക്കിയ ഒരു സ്ത്രീക്ക് നേരെ സഹായഹസ്തങ്ങളുമായി സ്വന്തം നാട്ടുകാർ അവിശ്വസനീയമാം വിധം രംഗത്തു വന്നപ്പോൾ അവരുടെ ജീവിതം തന്നെ ഏറെക്കുറെ പ്രകാശമാനമായി!

കഴിഞ്ഞ മാസം ഭർത്താവ് മരണപ്പെട്ട ന്യൂ സൗത്ത് വേൽസ്‌കാരിയായ സ്ത്രീക്ക് വേണ്ടിയാണ് 80,000 ത്തിലധികം ഡോളറുകൾ ഓസ്‌ട്രേലിയൻ ജനത സംഭാവനയായി നല്കിയത്. 10 മാസം ഗർഭിണിയായ ഷാരൻ ചാൻ എന്ന സ്ത്രീയാണ് തന്റെ മൂന്നാമത്തെ കുട്ടിയുമായി 'എ കറന്റ് അഫയേർസ് 'എന്ന പരിപാടിയിൽ പങ്കെടുത്ത് പ്രേക്ഷരോട് തന്റെ കദനകഥകൾ പങ്കുവച്ചത്. കഴിഞ്ഞയാഴ്ച ഹൃദയസ്തംഭനം മൂലം ഭർത്താവ് റോബർട്ട് കർ മരിച്ചപ്പോൾ കുടുംബത്തിന്റെ ദുരന്തം പൂർത്തിയായി. ജനിച്ചപ്പോൾ മുതൽ പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്ന ഒലിവർ എന്ന തങ്ങളുടെ രണ്ടാമത്തെ മകന്റെ രോഗാവസ്ഥ കാരണം വളരെ നാളുകളായി ഹൃദയവേദന അനുഭവിക്കുകയായിരുന്നു ഈ ദമ്പതികൾ. ഒടുവിൽ 18 മാസം മുമ്പ് ഒളിവറിന് രക്താർബുദവും സ്ഥിരീകരിക്കപ്പെട്ടു! ഇതോടെ കുടുംബം തകർച്ചയുടെ വക്കിലായി.

എന്തായാലും പ്രസ്തുത പ്രോഗ്രാമിലൂടെയുള്ള അഭ്യർത്ഥന പ്രകാരം പ്രതീക്ഷിച്ചിരുന്നതിനും അധികമായി പണം ഒഴുകിയെത്താൻ തുടങ്ങി. ആ  ഒറ്റരാത്രികൊണ്ട് 811,000 ഡോളറുകളാണ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സംഭാവനയായി ആളുകൾ അയച്ചു കൊടുത്തത്. അതിൽ 6000 ഡോളറും അയച്ചുകിട്ടിയത് ആ പ്രോഗ്രാം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന ആദ്യ 15 മിനിറ്റുകൾക്കുള്ളിലാണ് എന്നതാണ് എറെ ശ്രദ്ധേയം. തനിക്കു വേണ്ടിയുള്ള സഹായപ്രവാഹം കണ്ട് ചാനിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചാൻ നിങ്ങൾക്ക് ഇനി വീട് സ്വന്തമാക്കാം.റിപ്പോർട്ടർ ബ്രാഡി ഹാൾസ് ചാനിനെ നോക്കി പറഞ്ഞു.

സഹായങ്ങൾ പലവിധത്തിലാണ് വന്നത്. ഉദാരമതികളായ ഒരു കുടുംബം അവർ ഫിജിയിൽ ഉല്ലാസയാത്ര പോകാൻ വേണ്ടി ബുക്ക് ചെയ്തിരുന്ന പാക്കേജ് ചാനിന്റെ കുടുംബത്തെ സഹായിക്കാനായി ലേലം ചെയ്യാനൊരുങ്ങുകയാണ്. ടി.വി പരിപാടിയിൽ പങ്കെടുക്കാൻ തീരെ താൽപ്പര്യമില്ലാതിരുന്ന ചാൻ, മക്കളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്തെങ്കിലും സഹായം  കിട്ടുമല്ലോ എന്ന പ്രലോഭനത്താലാണ് ഒടുവിൽ ഷോയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.