ന്യൂഡൽഹി: മന്മോഹൻ സിങ് സർക്കാറിന്റെ കാലത്ത് തുടങ്ങിവച്ച ഇന്ത്യ-അമേരിക്ക ആണവകരാറുമായി മുന്നോട്ടു പോകാൻ നരേന്ദ്ര മോദിയുടെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും തീരുമാനിച്ചു. ആണവ ബാധ്യതാ ബില്ലിനെ ചൊല്ലി വഴിമുട്ടിയ ചർച്ചകൾ വീണ്ടും പൊടികൊട്ടിയെടുത്ത് പദ്ധതി എല്ലാ അർത്ഥത്തിലും യാഥാർത്ഥ്യമാക്കാൻ ഇന്ന് ഹൈദരാബാദ് ഹൗസിൽ മോദിയും ഒബാമയുടെ തമ്മിൽ നടത്തിയ കൂടിക്കാഴ്‌ച്ചയിൽ തീരുമാനമായി.

റിപ്പബ്‌ളിക്ക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ വ്യവസ്ഥകളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരു രാജ്യങ്ങളും തയ്യാറായതോടെയാണ് കരാർ യാഥാർത്ഥ്യമാകാൻ വഴിതെളിച്ചത്. ആണവ ഇന്ധനം ഊർജ്ജാവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കുകയുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി, ആണവ നിലയങ്ങൾ പരിശോധിക്കാൻ അമേരിക്കയുടെ സംഘത്തെ അനുവദിക്കണമെന്നായിരുന്നു യു.എസിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതോടെയാണ് കരാർ പ്രതിസന്ധിയിലായത്. ഇന്ന് നടന്ന ചർച്ചയിൽ വിവാദ വ്യവസ്ഥ ഒഴിവാക്കാൻ അമേരിക്ക തയ്യാറാവുകയായിരുന്നു. ഇതോടൊപ്പം ആണവ അപകടം ഉണ്ടായാൽ ഉപകരണവിതരണക്കാർക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നിയമത്തിൽ ഇന്ത്യ ഇളവ് നൽകും. അപകടമുണ്ടായാൽ നഷ്ടപരിഹാരം നൽകാനായി ഇൻഷ്വറൻസ് നിധി രൂപീകരിക്കാനും ഇന്ത്യ തീരുമാനിച്ചു. ഇതോടെ ചർച്ചകൾ ഫലപ്രദമാകുയും പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നുന്നു.

ആണവകരാറും പ്രതിരോധ രംഗത്തെ കരാറുമായി മുന്നോട്ട് പോകുമെന്ന് മോദിയും ഒബാമയും നടത്തിയ സംയുക്ത പ്രസ്താവനയിലും വ്യക്തമാക്കി. സിവിലിയൻ ആണവ കരാർ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ധാരണയുടെ കേന്ദ്ര ബിന്ദുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സിവിൽ ആണവ കരാർ വാണിജ്യപരമായി നടപ്പാക്കുന്നതിലേക്ക് ഇരു രാജ്യങ്ങളും എത്തിച്ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അമേരിക്കയുമായി പ്രതിരോധ രംഗത്തും സമുദ്രരംഗത്തും സഹകരണം ശക്തമാക്കാനും തീരുമാനിച്ചു. പ്രതിരോധ രംഗത്തെ സഹകരണം പുതിയൊരു തലത്തിലേക്ക് ഉയർത്താനും കൂടുതൽ പ്രതിരോധ പദ്ധതികൾ നടപ്പാക്കും. ഇതിലൂടെ ഇന്ത്യയിലെ ആഭ്യന്തര പ്രതിരോധ രംഗം മെച്ചപ്പെടുമെന്ന് മോദി ചൂണ്ടിക്കാട്ടി. സമുദ്ര രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിക്കും. ഭീകരത നേരിടുന്നതിന് വേണ്ടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും മോദി പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധത്തിൽ നിർണായക ചുവട് വയ്പാണ് ആണവ കരാറെന്ന് ബറാക് ഒബാമ പറഞ്ഞു. ആണവ കരാറുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന തീരുമാനങ്ങൾ ഉണ്ടായതായും ഒബാമ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും ആഗോളപങ്കാളിയാണ്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളായിരിക്കും അമേരിക്കയുടെ വിദേശകാര്യ നയത്തിന്റെ പ്രഥമ പരിഗണന. ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്നും ഒബാമ വ്യക്തമാക്കി.

എല്ലാ ഇന്ത്യാക്കാർക്കും നമസ്‌തെ പറഞ്ഞാണ് ഒബാമ തന്റെ പ്രസ്താവന തുടങ്ങിയത്. ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ പിന്തുണ അമേരിക്ക ആവശ്യപ്പെടുന്നു. സോളാർ,ക്‌ളീൻ എനർജി ഉൽപാദനത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾക്ക് സഹായം നൽകുമെന്നും ഒബാമ അറിയിച്ചു. അഫ്ഗാനിസ്താനിന്റെ വികസനത്തിനായി ഇന്ത്യ നൽകിയ സേവനത്തിന് നന്ദി പറഞ്ഞാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.

(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)