- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2021 ൽ 14 ലക്ഷം നിക്ഷേപിച്ചാൽ 2033 ൽ 1.1 കോടി തിരിച്ചുതരും; നിക്ഷേപത്തിന് എട്ട് മടങ്ങ് വർദ്ധന; ദി ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ ഫേസ്ബുക്ക് പരസ്യത്തിൽ വീണാൽ ജീവിതം പോയി; പണി തീരാത്ത വില്ലകളുമായി ആളെ പറ്റിക്കുന്ന ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് പാപ്പരായി
കൊച്ചി: പണിതിട്ടും പണിതിട്ടും തീരാത്ത വില്ലകൾ. ന്യൂക്ലിയസ് പ്രോപ്പർട്ടീസ് വീഴുന്നു എന്ന വാർത്ത മറുനാടൻ പ്രസിദ്ധീകരിച്ചത് മൂന്നുവർഷം മുമ്പാണ്. പ്രമുഖ ബിൽഡർമാരായ ഹീരയുടെ വീഴ്ചയ്ക്ക് പിന്നാലെ ന്യൂക്ലിയസും പാപ്പരാകുന്നു അല്ലെങ്കിൽ ആയി എന്നാണ് പുതിയ വാർത്ത. കമ്പനി സമ്മതിച്ചാലും ഇല്ലെങ്കിലും, ദേശാഭിമാനി പത്രത്തിൽ കഴിഞ്ഞ ദിവസം വന്ന രജിസ്‌ട്രോർ ഓഫ് കമ്പനീസിന്റെ പത്രപരസ്യം എല്ലാം വ്യക്തമായി വിളിച്ചുപറയുന്നുണ്ട്. ഈ മാസം ഏഴിന് മുമ്പ് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിൽ പണം നിക്ഷേപിച്ചവരും കാശുപോയവരും എല്ലാം വിവരങ്ങൾ തെളിവ് സഹിതം അറിയിക്കണം. കാരണം കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കിടപ്പാടം എന്ന സ്വപ്‌നത്തിനായി ..
കിടപ്പാടം എന്നത് സ്വപ്നമാകുമ്പോഴാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി കേരളീയർ ഫ്ളാറ്റുകൾക്കും വില്ലകൾക്കും പിറകെ പോകുന്നത്. ആകർഷകമായ പരസ്യവാചകങ്ങളും പാക്കേജുകളും ലൊക്കേഷനുമൊക്കെയാകുമ്പോൾ കണ്ണും പൂട്ടി പണം മുടക്കുകയാണ് ആളുകൾ ചെയ്യുന്നത്. പക്ഷെ ഇതിൽ വലിയ പങ്കും തട്ടിപ്പിലും പ്രശ്നങ്ങളിലും കുരുങ്ങിപ്പോവുകയാണെന്ന വാർത്തയാണ് ന്യൂക്ലിയസ് അടക്കമുള്ള ഫ്ളാറ്റ് നിർമ്മാതാക്കൾ നടത്തുന്ന തട്ടിപ്പുകൾ വഴി ഇപ്പോൾ വെളിയിൽ വരുന്നത്. എസ്ഐ ഹോംസ്, ഹീര, ആപ്പിൾ, സ്റ്റാർ ഹോംസ്, സാംസൺ ആൻഡ് സൺസ്, വാസ്തുഹാര ഡവലപ്പേഴ്സ് തുടങ്ങി ഒട്ടനവധി ഫ്ളാറ്റ് നിർമ്മാതാക്കളാണ് ജനങ്ങളെ കബളിപ്പിച്ചത്. ഈ നിരയിൽ ഒടുവിൽ ഉയരുന്ന പരാതികൾ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിനെക്കുറിച്ചാണ്.
ന്യൂക്ലിയസ് പറയുന്നതെല്ലാം പച്ചക്കള്ളം
ഫേസ് ബുക്ക് അടക്കം സോഷ്യൽ മീഡിയ എടുത്തു നോക്കിയാൽ ന്യൂക്ലിയസ് പ്രോപ്പർട്ടീസിന്റെ പരസ്യങ്ങളേ ഉള്ളു. ഫളാറ്റ് വാങ്ങാം, വില്ല വാങ്ങാം, നിക്ഷേപം എന്ന് നിലയിൽ എട്ടിരട്ടി റിട്ടേൺ കിട്ടുന്ന വിധം ടൂറിസത്തിലും നിക്ഷേപിക്കാം എന്നൊക്കെയാണ് വാഗ്ദാനങ്ങൾ. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെ പണം നിക്ഷേപിച്ചവർക്കെല്ലാം പണം പോയി. ന്യൂക്ലിയസ് ഇപ്പോൾ നാടൻഭാഷയിൽ പറഞ്ഞാൽ എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്. നാട്ടുകാരിൽ നിന്ന് പണം വാങ്ങി ഇവർ ആറ് വില്ലാ പ്രോജക്റ്റുകളാണ് തുടങ്ങിയത്. ഒന്നുപോലും പൂർത്തിയാക്കിയിട്ടില്ല. പണം മുടക്കിയവരുടെ കാശ് പോയിരിക്കുന്നു. വിളിച്ചാൽ എടുക്കില്ല. നാട് മുഴുവൻ കേസുകൾ. റിയൽ എസ്‌റ്റേറ്റ് അഥോറിറ്റി അടക്കം ഇടപെട്ടിട്ടും ഫലമുണ്ടായില്ല. കാശ് വാങ്ങിയിട്ട് വില്ലപൂർത്തിയാക്കാത്തത്, തുടങ്ങാത്തത് ഇങ്ങനെ പരാതികൾ നീളുന്നു.
ഈ തട്ടിപ്പെല്ലാം അരങ്ങേറുമ്പോഴും ഫേസ്‌ബുക്കിൽ ന്യൂക്ലിയസ് പുതിയ പ്രോജക്റ്റുകൾ ഒരുളുപ്പുമില്ലാതെ പ്രഖ്യാപിക്കുന്നു. ദി ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്്‌സ്, തേക്കടിയിൽ ലക്ഷ്വറി റിസോർട്ടിന്റെ ഉടമസ്ഥതയിൽ പങ്കാളിയാകു...ഉയർന്ന മാസവരുമാനവും, വസ്തുവിലയിൽ വരുന്ന വർദ്ധനവും, മികച്ച ഫാമിലി ഹോളിഡേയ്‌സും ഒരുമിച്ച് ആസ്വദിക്കൂ...ലക്ഷ്വറി ടൂറിസത്തിൽ പങ്കാളിയാകൂ.. നിക്ഷേപത്തിന് 8 മടങ്ങ് മൂല്യ വർദ്ധന വെറും 12 വർഷത്തിൽ. 2021 ൽ 14 ലക്ഷം മുടക്കിയാൽ 2033 ൽ 1.1 കോടിയാകും എന്ന വാഗ്ദാനം. ഇതെല്ലാം തട്ടിപ്പെന്ന് പരസ്യത്തിന് താഴെ തന്നെ പലരും കമന്റ് ചെയ്യുന്നു.
പണം നിക്ഷേപിച്ചവർ അറിയാൻ
കമ്പനിയുടെ കയ്യിൽ നയാ പൈസയില്ല. ബാധ്യതകളുടെ കണക്ക് എടുത്തുകൊണ്ടിരിക്കുന്നു. റിസീവറെയും കമ്പനി രജിസ്ട്രാർ നിയമിച്ചിരിക്കുന്നു. 2022 മെയ് 22 ന് അന്വേഷണം പൂർത്തിയാക്കി ന്യൂക്ലിയസിനെ പാപ്പരായി പ്രഖ്യാപിക്കും. ദേശാഭിമാനിയിൽ മാത്രമാണ് പരസ്യം വന്നിരിക്കുന്നത്.
ഈ മാസം ഏഴിനകം ന്യൂക്ലിയസിൽ നിന്ന് പണം കിട്ടാൻ ഉള്ളവർ തെളിവുകൾ റിസീവർക്ക് മുമ്പാകെ ഹാജരാക്കണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കമ്പനിയുടെ ആസ്തികൾ കണ്ടുകെട്ടി ഇടപാടുകാർക്ക് പണം നൽകുമെന്നാണ് പ്രതീക്ഷ. നടപടികൾ പുരോഗമിക്കുകയാണ്. ഇനിയും വ്യാജ പരസ്യം കണ്ട് ആരും കെണിയിൽ വീഴാതിരിക്കുക എന്നതും പ്രധാനം.
ചതിയുടെ കഥകൾ
ന്യൂക്ലിയസ് പ്രോപ്പർട്ടീസിന്റെ വില്ലകളുടെ കോട്ടയം പ്രൊജക്റ്റിനെ കുറിച്ച് ഉയർന്ന പരാതിയാണ് മറുനാടൻ 2018 ൽ റിപ്പോർട്ട് ചെയ്തത്. കോട്ടയം ദേവലോകം അരമനയ്ക്ക് സമീപമുള്ള ന്യൂക്ലിയസ് പ്രോപ്പർട്ടീസിന്റെ വില്ല പ്രോജക്ടിറ്റിനു എതിരെയാണ് പരാതി ഉയർന്നിരുന്നത്. 2014ൽ തുടങ്ങിയ പ്രോജക്ട് 2018 കഴിഞ്ഞിട്ടും പൂർത്തിയായിരുന്നില്ല. മൂന്നേക്കറോളം സ്ഥലത്തുള്ള 75 ശതമാനവും പണി പൂർത്തിയാക്കിയ വില്ലകളുടെ ജോലികൾ അനിശ്ചിതാവസ്ഥയിലായിരുന്നു. ഇതാണ് പരാതിക്ക് ഇടയാക്കിയത്. നോട്ടുനിരോധനം, പ്രളയം അങ്ങനെ പല കാരണങ്ങളും ബിൽഡേഴ്‌സ് ഫ്‌ളാറ്റുടമകളോട് പറഞ്ഞു.
2019 ൽ മറുനാടൻ പ്രസിദ്ധീകരിച്ചത് ഇടപ്പള്ളിയിലെ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ റിവ വില്ലാ പ്രോജക്ടിലെ വാർത്തയാണ്. വില്ല 2019 ഏപ്രിൽ 30 നു മുൻപ് ഉടമസ്ഥന് കൈമാറിയിരിക്കണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി വന്നിട്ടും അനങ്ങാതെ ഇരിക്കുകയായിരുന്നു ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ്. വില്ല കൈമാറേണ്ട നാല് മാസം കഴിഞ്ഞിട്ടും അതു ചെയ്യാതെ ന്യൂക്ലിയസ് സുപ്രീംകോടതിയിൽ പോയി ഉത്തരവ് റദ്ദ് ചെയ്യിക്കാൻ ശ്രമിച്ചെങ്കിലും പരാതിയിൽ കാമ്പില്ലെന്ന് കണ്ടു സുപ്രീംകോടതി ന്യൂക്ലിയസിന്റെ ഹർജി തള്ളുകയായിരുന്നു. ന്യൂക്ലിയസിന്റെ കൊച്ചി ഇടപ്പള്ളിയിലെ റിവ വില്ലാ പ്രോജക്ടിൽ 2014 നു ബുക്ക് ചെയ്യുകയും 2015 ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു കരാറിൽ പറയുകയും ചെയ്ത വില്ലയാണ് നാല് വർഷം കഴിഞ്ഞിട്ടും ഉടമയായ പ്രവാസി വ്യവസായി ഷഫീഖ് കടമ്പോട്ട് ഇബ്രാഹിമിന് കൈമാറാതിരുന്നത്.
ഫ്ളാറ്റ് കൈമാറൽ വൈകിയതിനെ തുടർന്ന് ദേശീയ തർക്ക പരിഹാര ഫോറത്തിന്റെ വിധിയെ തുടർന്ന് എട്ടു ശതമാനം പലിശ കണക്കാക്കി മുപ്പത്തിയഞ്ച് ലക്ഷത്തിലേറെ തുക പിഴയിനത്തിൽ പ്രവാസി വ്യവസായിക്ക് ഫ്ളാറ്റ് നിർമ്മാതാക്കൾ കൈമാറേണ്ടി വരുമായിരുന്നു. ഇത് മനസിലാക്കിയാണ് സുപ്രീംകോടതിയെ സമീപിച്ച് വിധി റദ്ദ് ചെയ്യിക്കാൻ ഫ്ളാറ്റ് നിർമ്മാതാക്കൾ ശ്രമം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ