- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിൽ; സ്വരാജ് വിജയിച്ചാൽ അയ്യപ്പന്റെ തോൽവി എന്ന് പ്രചാരണം; അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം; തൃപ്പുണിത്തുറയിൽ കെ ബാബുവിന്റെ വിജയം അസാധു ആക്കണമെന്ന് ആവശ്യപ്പെട്ട് എം. സ്വരാജിന്റെ ഹർജി
കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. ബാബു ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്നാണ് സ്വരാജിന്റെ ഹർജിയിലെ വാദം.
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്തു എന്ന് ഹർജിയിൽ പറയുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിൽ ആണെന്ന് ബാബു പ്രചാരണം നടത്തി. എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്റെ തോൽവി ആണെന്ന് കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യന്റെ പേര് ഉപയോഗിച്ചു എന്നും ഹർജിയിലുണ്ട്.
കെ ബാബുവിനെ അസാധുവായി പ്രഖ്യാപിച്ചു തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു. അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ, പി കെ വർഗീസ് എന്നിവരാണ് സ്വരാജിനായി കോടതിയിൽ ഹർജി സമർപ്പിച്ചത്.
തെരഞ്ഞെടുപ്പിന് മുൻപും ശേഷവും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. 99 സീറ്റുകളുമായി തുടർഭരണത്തിലേക്ക് കടന്ന പിണറായി സർക്കാരിന് തൃപ്പൂണിത്തറയിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. 992 വോട്ടിന് സിറ്റിങ് എംഎൽഎ എം സ്വരാജ് കെ ബാബുവിന് മുന്നിൽ വീണത് ബിജെപി വോട്ടുകൾ മറിച്ചതുകൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് കെ ബാബു അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചെന്ന പുതിയ ആരോപണം കൂടി സിപിഎം ഉന്നയിക്കുന്നത്. ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം.
തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും, കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. ഇതിന് പുറമെ 80 വയസ്സ് കഴിഞ്ഞവരുടെ 1071 പോസ്റ്റർ ബാലറ്റ് എണ്ണാതെ മാറ്റിവെച്ച നടപടിയും സിപിഎം എതിർക്കും. സീൽ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താൽ വോട്ട് അസാധുവാക്കാൻ പറ്റില്ലെന്നും സിപിഎം വാദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ