- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്പുവിന്റെ കസേരയും ജപ്പാൻ രാജാവിന്റെ മോതിരവും കാട്ടി വിഐപികളെ വളച്ച മാവുങ്കൽ; ഹോട്ടലിലെ 208ഉം 218ഉം മുറികളിൽ വമ്പന്മാരെ വലയിൽ വീഴ്ത്തിയ റോയി വയലാട്ടും; മദ്യരാജാവിന്റെ ബന്ധുവിന് തുണ മുൻ ഡിജിപിയുടെ ബന്ധുബലവും; ആ മുറികൾ ഉപയോഗിച്ചത് പൊലീസുകാരും രാഷ്ട്രീയക്കാരും; എന്തുകൊണ്ട് നമ്പർ 18 ഹോട്ടൽ ഉടമയ്ക്ക് ജാമ്യം കിട്ടി?
കൊച്ചി: മോഡലുകളുടെ ദുരൂഹമരണത്തിലൂടെ വാർത്തകളിൽ സ്ഥാനം പിടിച്ച നമ്പർ 18 ഹോട്ടലിലെ 208, 218 നമ്പർ മുറികൾ വില്ലന്മാരുടെ ഇടത്താവളമോ? ഹോട്ടൽ ഉടമ റോയ് ജെ.വയലാട്ട് മറ്റൊരു 'മോൻസൺ മാവുങ്കൽ' ആണെന്ന സൂചനകളാണ് പുറത്തു വരുന്നത്. മാവുങ്കൽ മോഡലിൽ വിഐപികളെ കൂടെ കൂട്ടാൻ റോയ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാവുങ്കലിന്റെ വീട്ടിലെത്തിയിരുന്ന പല പ്രമുഖരും ഇവിടേയും നിത്യ സന്ദർശകരായി. ഇതിനൊപ്പം ഉന്നത കുടുംബ ബന്ധവും. മദ്യരാജാവ് വിൽഫ്രഡിന്റെ അടുത്ത ബന്ധു. മുൻ ഡിജിപിയുടെ ബന്ധു ബലം. ഇതെല്ലാം റോയിക്ക് ഈ കേസിൽ തുണയാകും.
നമ്പർ 18 ഹോട്ടലിലെ രണ്ടു മുറികൾ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ആയിരുന്നു. ജില്ലയിലെ ഒരു ജനപ്രതിനിധി 218ാം നമ്പർ മുറിയിൽ ഇടയ്ക്കിടെ രഹസ്യമായി തങ്ങിയിരുന്നതായി റിപ്പോർട്ടുണ്ട്. രജിസ്റ്ററിൽ പേരു ചേർക്കാതെ സൗജന്യമായാണ് ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവർക്കു നൽകിയിരുന്നത്. മാവുങ്കൽ വിഐപികൾക്ക് നൽകിയതിന് സമാനമായ എല്ലാം ഇവിടേയും കിട്ടി. ടിപ്പുവിന്റെ കേസരയും ജപ്പാൻ രാജാവിന്റെ മൊതിരവും മാത്രമാണ് ഈ മുറിയിൽ എത്തുന്നവർക്ക് കിട്ടാതെ പോയത്. ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്തായിരുന്നു ഈ ഹോട്ടൽ.
നമ്പർ 18 ഹോട്ടലിലെ വിവാദ മുറികൾ മറ്റാർക്കും നൽകരുതെന്നു റോയ് ജീവനക്കാർക്കു നിർദ്ദേശം നൽകിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും രഹസ്യ മദ്യപാന കേന്ദ്രം കൂടിയാണ് ഈ മുറികൾ. യുവതികൾ പാർട്ടിക്ക് എത്തിയ ഒക്ടോബർ 31 നു രാത്രിയിൽ ഈ മുറിയിൽ തങ്ങിയിരുന്ന വിഐപികളെ രക്ഷിക്കാനാണ് സിസിടിവി തേവര കായലിൽ എറിഞ്ഞതെന്നും സൂചനയുണ്ട്. മാവുങ്കൽ എടുത്ത വിഐപി ഫോട്ടോകൾ എല്ലാവരേയും നാറ്റിച്ചപ്പോൾ തന്റെ സുഹൃത്തുക്കളെ എന്തു വില കൊടുത്തും രക്ഷിക്കുകയായിരുന്നു റോയി.
സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഹോട്ടൽ ഉടമ റോയിയും ജീവനക്കാരും ഇതേക്കുറിച്ചു വെളിപ്പെടുത്തിയിട്ടുമില്ല. ഹോട്ടലിന്റെ രണ്ടാം നിലയിലെ ഈ മുറിയുടെ വാതിലുകൾ നേരിട്ടു കാണാൻ കഴിയുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭ്യമല്ല. കസ്റ്റംസും സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റും ചേർന്നു മാസങ്ങൾക്കു മുൻപ് ഇവിടെ നടത്തിയ റെയ്ഡിന്റെ വിവരം ചോർന്നതു ലോക്കൽ പൊലീസിൽനിന്നാണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെയും കസ്റ്റംസ് ഇക്കാര്യം അറിയിച്ചിരുന്നു.
208, 218 മുറികൾ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയുടെ പിൻഭാഗത്തു കൂടിയാണ് അന്നു ലഹരിമരുന്നുമായി 3 പേർ താഴേക്ക് ഇറങ്ങി കടന്നു കളഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഐപികളും തങ്ങിയിരുന്ന ഈ മുറികൾ ലഹരി മരുന്ന് ഒളിപ്പിക്കാനും പ്രതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതിനിടെ മിസ് കേരള മത്സര വിജയികളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിൽ 18 ദിവസം പിന്നിട്ടിട്ടും വ്യക്തമായ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. എസിപി ടി. ബിജി ജോർജിനാണ് അന്വേഷണ ചുമതല. തെളിവു നശിപ്പിച്ചതിന് അറസ്റ്റിലായ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമയെയും 5 ജീവനക്കാരെയും ചോദ്യം ചെയ്ത പൊലീസ്, മോഡലുകൾ പങ്കെടുത്ത നിശാപാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ തിരയാൻ ഒരുങ്ങുകയാണ്.
റോയിയുടെ നിർദേശപ്രകാരം ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞെന്നു വിവരം ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ 3 ദിവസത്തെ കസ്റ്റഡി ചോദിച്ചെങ്കിലും മജിസ്‌ട്രേട്ട് ഹോട്ടലുടമ റോയ് ജെ.വയലാട്ട് (51) ഉൾപ്പെടെ 6 പ്രതികൾക്കു സോപാധിക ജാമ്യം അനുവദിച്ചു. ഇതിന് കാരണം അതിശക്തമായ വകുപ്പുകൾ റോയിയ്‌ക്കെതിരേയും മറ്റും ചുമത്താതാണ്. ഐഎഎസ്-ഐപിഎസ് ബന്ധുബലമാണ് റോയിയെ സഹായിക്കുന്നത്.
രക്തസമ്മർദം കൂടിയതും ഇസിജി വ്യതിയാനവും മൂലം ആശുപത്രിയിൽ കഴിയുന്ന ഹോട്ടലുടമ റോയ് ജെ.വയലാട്ടിന്റെ മൊഴി മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. റോയിയും ഹോട്ടൽ ജീവനക്കാരായ കെ.കെ. അനിൽ, വിൽസൻ റെയ്നോൾഡ്, എം.ബി.മെൽവിൻ, ജി.എ.സിജുലാൽ, വിഷ്ണുകുമാർ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണു മജിസ്‌ട്രേട്ട് കോടതി അനുവദിച്ചത്. അപകടം നടന്ന ഉടൻ നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതാണ് ഇവരെ കേസിൽ പ്രതി ചേർക്കാൻ കാരണം. എന്തുകൊണ്ടാണു ദൃശ്യങ്ങൾ നശിപ്പിച്ചതെന്നു വ്യക്തമാക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ല. അതിനപ്പുറം വകുപ്പുകൾ ചുമത്താത്തതാണ് ജാമ്യം കിട്ടാൻ കാരണം.
ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇവരുടെ മരണ വിവരം അപ്പോൾ തന്നെ റോയിയെയും ജീവനക്കാരെയും ഫോണിൽ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാർക്കു നിർദ്ദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പൊലീസ് ഗൂഢാലോചന കാണുന്നത്.
എവിടെയോ സംഭവിച്ച അപകടത്തിന്റെ തുടർച്ചയായി ഹോട്ടലിലെ ക്യാമറ ദൃശ്യങ്ങൾ എന്തിനു നശിപ്പിച്ചുവെന്ന ചോദ്യത്തിനു മറുപടി പറയാൻ പ്രതികൾക്കു കഴിഞ്ഞിട്ടില്ലെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, ദൂരെ ഒരിടത്തു നടന്ന കാറപകടവുമായി ഹോട്ടലിലെ ദൃശ്യങ്ങൾക്ക് എന്തുബന്ധമെന്നാണു പ്രതിഭാഗത്തിന്റെ മറുചോദ്യം.
മറുനാടന് മലയാളി ബ്യൂറോ