- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോട്ടൽ നിർമ്മാണത്തിനിടെ ഭൂമിക്കടിയിലെ പോർച്ചുഗീസുകാരുടെ ഗുഹ തെളിഞ്ഞു വന്നു; പുരാവസ്തുക്കളുടെ ഗണത്തിൽ പെടുത്തേണ്ട സംരക്ഷിത സ്മാരകത്തിന് മുകളിൽ ഉയർന്നത് നമ്പർ 18 ഹോട്ടൽ; അധികൃതർ കണ്ണടച്ചത് റോയ് വയലാട്ടിന്റെ പണത്തിനും സ്വാധീനത്തിനും മുമ്പിൽ; എതിർപ്പുയർത്താൻ നാട്ടുകാർ; ഫോർട്ടു കൊച്ചിയിലെ ഹോട്ടൽ പൊളിച്ചു മാറ്റേണ്ടി വരുമോ?
കൊച്ചി: മുൻ മിസ്‌കേരളയുടെയും സുഹൃത്തുക്കളുടെയും അപകടമരണത്തിൽ വിവാദമായ ഫോർട്ട് കൊച്ചി നമ്പർ 18 എന്ന ഹോട്ടൽ പുരാവസ്തുക്കളുടെ ഗണത്തിൽപ്പെട്ട് സംരക്ഷിക്കേണ്ട പോർച്ചുഗീസുകാരുടെ ഗുഹയുടെ മുകളിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തൽ. കൊച്ചി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സലീമാണ് ഇക്കാര്യം മറുനാടനോട് വെളിപ്പെടുത്തിയത്.
സമീപവാസികളായ മറ്റു ചിലരോട് അന്വേഷിച്ചപ്പോഴും ഇക്കാര്യം അവർ ഉറപ്പിച്ചു. ഹോട്ടൽ നിർമ്മിക്കുന്ന സമയത്താണ് മണ്ണിനടിയിലെ ഗുഹ കണ്ടെത്തിയത്. ജോലിക്കാർ ഇക്കാര്യം പുറത്തറിയിക്കുകയും നാട്ടുകാർ എത്തി വിവരം സർക്കാരിനെ അറിയിക്കുകയും ചെയ്തു. സംരക്ഷിത ഗുഹയായതിനാൽ സർക്കാര് സ്ഥലം ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള നീക്കങ്ങൾ നടത്തി. എന്നാൽ ഹോട്ടൽ ഉടമയായ റോയ് വയലാട്ട് പണവും ഉന്നത സ്വാധീനവും ഉപയോഗിച്ച് ഇതിന് തടയിടുകയായിരുന്നു. പിന്നീട് ഇവിടെ ഹോട്ടൽ കെട്ടിപ്പൊക്കി എന്നും സലീം വ്യക്തമാക്കി.
ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് സമീപത്തായി സ്ഥിതിചെയ്യുന്ന ഹോട്ടലിന്റെ സ്ഥലത്ത് താഴേക്ക് പടവുകളോടുകൂടിയ ഒരാൾക്ക് മാത്രം കയറിപ്പോകാൻ പാകത്തിലുള്ള ഒരു ഗുഹയാണ് ഉണ്ടായിരുന്നതെന്ന് സലീം പറഞ്ഞു. തറ നിരപ്പിലാണ് ഗുഹ. ഇതിനു ചുറ്റും ചതുരത്തിൽ സിമന്റ് കെട്ട് ഉണ്ട്. തറനിരപ്പിലായതിനാൽ ഇതിനുള്ളിലേക്ക് മണ്ണ് വീണ് പകുതി അടഞ്ഞ നിലയിലായിരുന്നു കുറച്ചു നാൾ മുൻപ് വരെ. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.
ഈ ഹോട്ടലിന് അടുത്ത കെട്ടിടം അബാദ് ഗ്രൂപ്പിന്റെ ഫ്ലാറ്റാണ്. ഈ ഫ്ലാറ്റിൽ ജോലി ചെയ്യാൻ വന്നവരും ഗുഹ കണ്ടിട്ടുണ്ട്. ഇതേപോലെ ഒരു ഗുഹ മട്ടാഞ്ചേരി പാലസിലും ഉണ്ട്. ഈ ഗുഹയും അടച്ചു വച്ചിരിക്കുകയാണ്. പുരാവസ്തു വകുപ്പ് ഇവിടെയൊന്നും തിരിഞ്ഞു പോലും നോക്കാറില്ല. പ്രശസ്തമായ ആസ്പിൻവാൾ (പോർച്ചുഗീസ് ) എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലമായിരുന്നു. അതിനാൽ ഈ കെട്ടിടം പൊളിച്ചുമാറ്റി ഗുഹ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും സലീം പറയുന്നു.
നമ്പർ 18 ഹോട്ടൽ ദുരൂഹകൾ ഉറങ്ങുന്ന നക്ഷത്ര ഹോട്ടലാണ്. വിനോദ സഞ്ചാരത്തിന്റെ മറവിൽ ഇവിടെ പല വിധ അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. സമൂഹത്തിലെ ഉന്നതരായ ആളുകളെയാണ് ഡി.ജെ പാർട്ടിയുടെ മറവിൽ ഇവിടെയെത്തിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. നിശാ പാർട്ടികളിലും ലഹരി നുരയുന്ന കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
റോയി വയലാട്ടിന്റെ സൗഹൃദങ്ങളിൽ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നതിനാൽ പൊലീസിനോ എക്സൈസിനോ തൊടാൻ കഴിയുമായിരുന്നില്ല. അതിനാൽ ഇവിടെ എന്ത് നടന്നാലും ചോദ്യം ചെയ്യാൻ ആരും ഇല്ലായിരുന്നു. ഇതിനിടയിലാണ് മോഡലുകളുടെ കാർ അപകടം നടക്കുന്നതും ഒടുവിൽ കൊലപാതകമാണോ എന്ന സംശയത്തിലേക്കെത്തി റോയ് വയലാട്ട് ഉൾപ്പെടെ ഹോട്ടൽ ജീവനക്കാരും പൊലീസ് അറസ്റ്റിലാകുന്നത്.
നമ്പർ 18 ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് മുൻ മിസ് കേരളാ അൻസി കബീർ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ മരണപ്പെടുന്നത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിക്ക് പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു. ഡ്രൈവർ അബ്ദുൾ റഹ്മാൻ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
ഓരോ ദിവസം കഴിയുംതോറും വെറുമൊരു അപകടമരണമായി മാറേണ്ട സംഭവത്തിൽ നിർണ്ണായക വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.