കൊച്ചി: ഫോർട്ട്കൊച്ചി 'നമ്പർ 18' ഹോട്ടലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഹോട്ടൽ ഉടമ റോയി ജെ. വയലാട്ടിനും കൂട്ടർക്കുമെതിരേ കൂടുതൽ പരാതികൾ പൊലീസിന് കിട്ടുകയാണ്. റോയിക്കും കൂട്ടുപ്രതികളായ സൈജു എം. തങ്കച്ചനും അഞ്ജലിക്കുമെതിരായാണ് കൂടുതൽപേർ പരാതിയുമായി എത്തിയത്. മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്. പ്രതികൾ മൂന്നുപേരും ഒളിവിലാണ്.

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ദുരൂഹതകളുടെ കേന്ദ്രമാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മോഡലുകളുടെ മരണത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല. സൈജു തങ്കച്ചനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലേക്കും വലിയ തോതിൽ അന്വേഷണം പോയില്ല. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പേരുകളിൽ പലരും പ്രമുഖരാണ്. ഇതോടെ കേസ് അന്വേഷണവും എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം എത്തുന്നത്.

റോയ് വയലാട്ടിന്റെ പീഡനത്തിന് ഇരയായ ഒമ്പതുപേരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഹോട്ടലിൽവെച്ച് റോയിയിൽ നിന്നും മറ്റു പ്രതികളിൽ നിന്നും മോശം അനുഭവം നേരിട്ടവരാണ് പരാതിയുമായി എത്തിയിട്ടുള്ളത്. കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയാണ് പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ജലിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായുള്ള പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ലൈംഗികമായി ദുരനുഭവമുണ്ടായ 16-വയസ്സുകാരിയായ പെൺകുട്ടികളിൽ ഒരാൾക്ക് പകരം അവരുടെ മാതാവാണ് പൊലീസിന് മൊഴി നൽകിയത്. കുട്ടിയുടെ മാനസിക നില സാധാരണനിലയിലെത്തിയ ശേഷം നേരിട്ട് മൊഴിയെടുക്കും. അതേസമയം, താൻ തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞുക്കൊണ്ട് അഞ്ജലി ഇൻസ്റ്റഗ്രാമിലൂടെ ലൈവിലെത്തിയിരുന്നു.

അതിനിടെ റോയ് ജെ. വയലാട്ടിനെ പോക്‌സോ കേസിൽ ബുധനാഴ്ച വരെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി വാക്കാൽ വിലക്കി. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. റോയ് നൽകിയ മുൻകൂർ ജാമ്യഹർജി ജസ്റ്റിസ് പി. ഗോപിനാഥാണ് പരിഗണിച്ചത്. മുൻ മിസ് കേരളയടക്കം മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിന് ശേഷം ശത്രുതാ മനോഭാവത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ പെരുമാറുന്നതെന്നാണ് ഹർജിയിൽ പറയുന്നത്.

അഞ്ജലിയുടെ കൺസൽറ്റൻസി സ്ഥാപനത്തിലെ ജീവനക്കാരുടെ രണ്ടു മക്കളെ ലഹരിമരുന്നു നൽകി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലിനെ തുടർന്നാണു കേസ് രജിസ്റ്റർ ചെയ്തത്. മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടു സൈജു തങ്കച്ചന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണു നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ചു പെൺകുട്ടികളെ കെണിയിൽപെടുത്തുന്ന റാക്കറ്റിന്റെ പ്രവർത്തനം പൊലീസ് തിരിച്ചറിഞ്ഞത്.

ഹോട്ടലിൽ നിന്നു നൽകിയ ലഹരി കലർത്തിയ ശീതള പാനീയം കുടിക്കാൻ വിസമ്മതിച്ചതു കൊണ്ടു മാത്രമാണു സംഭവദിവസം ഹോട്ടലിൽ നിന്നു ഓടി രക്ഷപ്പെടാൻ കഴിഞ്ഞതെന്നു പല പെൺകുട്ടികളും മൊഴി നൽകിയിട്ടുണ്ട്. 2021 നവംബർ 1നു പുലർച്ചെ അപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെയും സമാനരീതിയിലാണ് കെണിയിൽ പെടുത്താൻ ശ്രമം നടന്നത്. അവർ ഇരുവരും അന്നു ഹോട്ടൽ വിട്ടതോടെയാണു സൈജു ഇവർ സഞ്ചരിച്ച കാറിനെ പിന്തുടർന്ന് അപകടത്തിനു വഴിയൊരുക്കിയത്.