കൊച്ചി: പൊലീസ് ഒളിവിലെന്ന് പറയുമ്പോഴും കൂളായി വീഡിയോകൾ പുറത്തുവിട്ട് അഞ്ജലി വടക്കേപ്പുര എന്ന അഞ്ജലി റീമ ദേവ്. അടുത്തിടെയാണ് ഇവർ അഞ്ജലി റീമ ദേവായി മാറിയത്. നമ്പർ 18 ഹോട്ടലിലേക്കു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പടെ എത്തിച്ച് പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ പ്രതിയാണ് കോഴിക്കോട് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന അഞ്ജലി. ഇവരെ കണ്ടെത്തി അറസ്റ്റു ചെയ്യുന്നതിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം

അതേസമയം പെൺകുട്ടികളെ കാറിൽ ഹോട്ടലിലെത്തിച്ച സൈജു തങ്കച്ചനെ ചോദ്യം ചെയ്തതായി പൊലീസ് വെളിപ്പെടുത്തി. ആരോഗ്യ കാരണങ്ങളാൽ ഹോട്ടൽ ഉടമ റോയി ജെ. വയലാറ്റ് ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ലെന്നും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. പോക്‌സോ കേസ് പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും ഹൈക്കോടതി നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും പരാതിക്കാരി തന്നെ ബ്ലാക് മെയിൽ ചെയ്തായും അഞ്ജലി മാധ്യമങ്ങൾക്കു നൽകിയ ശബ്ദ സന്ദേശത്തിൽ പറയുന്നു. നമ്പർ 18 ഹോട്ടലിൽ ലൈംഗിക പീഡനം നടന്നിട്ടില്ല. പ്രായപൂർത്തിയാകാത്ത മകൾ ഉൾപ്പെടെ യുവതികളുമായി സ്വന്ത ഇഷ്ടപ്രകാരമാണ് പരാതിക്കാരി കൊച്ചിയിലെത്തിയതെന്നും ഇവർ പറയുന്നു. സംഭവം കള്ളക്കേസാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് സോഷ്യൽ മീഡിയിൽ പുറത്തുവിട്ട പുതിയ വീഡിയോയിൽ അഞ്ജലി ആരോപിക്കുന്നത്. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അഞ്ചുവർഷമായി അറിയാമെന്നും എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി താൻ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ലെന്നും അഞ്ജലി പറയുന്നു.

'വട്ടിപലിശ ഇടപാട് തെറ്റിയപ്പോളും ടെർമിനേഷൻ ലെറ്റർ നൽകിയപ്പോളും മാത്രം ഉയർന്നു വന്ന പീഡന പരാതിയും പോക്‌സോ കേസും? നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി അഭ്യർത്ഥിക്കുന്നു ?ഇവർക്ക് പിന്നിൽ ആരെന്നു അറിയാൻ എനിക്കും ആകാംക്ഷ ഉണ്ട്.'-ഫേസ്‌ബുക്ക് വീഡിയോയ്ക്ക് ആമുഖമായി അഞ്ജലി പറയുന്നു.

അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ:

സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും ഞാൻ വ്യക്തിഹത്യ ചെയ്യപ്പെടുകയാണ്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ പലകാര്യങ്ങളും എനിക്ക് വെളിപ്പെടുത്താൻ കഴിയില്ല. പക്ഷേ, നിയമവ്യവസ്ഥയെയും കോടതിയെയും പൊലീസിനെയും എല്ലാം മാനിച്ചുകൊണ്ടാണ് ഞാൻ ഇപ്പോൾ കുറച്ചുകാര്യങ്ങൾ കൂടെ വ്യക്തമാക്കുന്നത്.

വയനാട് സ്വദേശിനിയായ പരാതിക്കാരി എങ്ങനെയാണ് കോഴിക്കോട് സ്വദേശിനിയാകുന്നത്. എന്തിനാണ് അവർ കോഴിക്കോട് സ്വദേശിനിയെന്ന് അവകാശപ്പെടുന്നത്. അതിൽ തന്നെ എനിക്ക് സംശയമുണ്ട്.

പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളുമായി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്. എന്റെ കൂടെയും വന്നിട്ടുണ്ട്. ഇല്ലെങ്കിൽ അവർ നിഷേധിക്കട്ടെ. ഈ കുട്ടിയെ കൂട്ടിവരുമ്പോൾ അമ്മയ്ക്കാണോ 18 വയസ്സായിട്ടില്ലെന്ന് അറിയുക, അതോ ഞാനാണോ കുട്ടിയുടെ ഐഡി കാർഡ് വാങ്ങി 18 വയസ്സ് ആയോ എന്ന് വെരിഫൈ ചെയ്യേണ്ടത്. സൈജുവും ഞാനും ചേർന്നുള്ള പേഴ്സണൽ ട്രിപ്പിലേക്ക് ഈ കുട്ടിയെയും മറ്റ് പെൺകുട്ടികളെയും കൂട്ടി ഇവർ തന്നെ സ്വമേധയാ വന്നതാണ്. അതിന് പിന്നിൽ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നെ കുടുക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും എനിക്ക് വ്യക്തമായിട്ടുണ്ട്.

ഓഫീസിലെ ഔദ്യോഗിക രേഖകൾ കട്ടെടുക്കുക, ഒപ്പിട്ട ചെക്കുകൾ കൊണ്ടുപോകുക, എംപ്ലോയി ഫയൽ റെക്കോഡ്, ക്ലയന്റ് ഡീറ്റെയിൽസ്, എന്റെ പേഴ്സണൽ ഇൻഫർമേഷൻ എന്നിവയൊക്കെ രണ്ടരമാസം ജോലിയിലിരുന്ന ഇവർ എന്തിനാണ് നോക്കിയത്. ഇതെല്ലാം ചെയ്തത് എന്റെ പേരിൽ കേസ് കൊടുക്കാൻ വേണ്ടിയായിരുന്നു.

റോയി വയലാട്ടിനെ അറിയില്ലെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, നമ്പർ 18 ഹോട്ടലിന്റെ ഉടമയെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ അഞ്ച് വർഷമായി അറിയാം. ഞാൻ മുമ്പും അവിടെ പോയിട്ടുണ്ട്. പക്ഷേ, രണ്ടുവർഷമായി ഞാൻ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ല.

അതിന് മുമ്പേയായാലും റോയിയുമായി വ്യക്തിപരമായ ബന്ധമില്ല. അവിടെ പോകുന്ന സമയത്ത് കാണുക, അവരുടെ ഹോസ്പിറ്റാലിറ്റി, അതെല്ലാം എല്ലാവരോടും തുല്യമായി കാണിക്കാറുണ്ട്. അതിൽ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ കെട്ടിച്ചമയ്ക്കുന്നത് ഓരോ കഥകളാണ്.

ഞാൻ പെൺകുട്ടികളെ ജോലിക്കെടുക്കുന്നത് മറ്റ് പല കാര്യങ്ങൾക്കുമാണെന്നാണ് ഈ സ്ത്രീയുടെ ആരോപണം. ഇത് വ്യാജമാണ്. ഇതിലൂടെ എന്റെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പെൺകുട്ടികളുടെ കൂടി മാനമാണ് നഷ്ടപ്പെടുന്നത്. ഇതിനെല്ലാമുള്ള ഉത്തരം ഈ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീ തന്നെ നൽകണം.

കോടതിയുടെ മുന്നിലുള്ള കേസായതിനാൽ ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്ന് അറിയാം. പക്ഷേ, എന്റെ നിസ്സാഹയാവസ്ഥ കാരണമാണ് ഞാൻ ഇതെല്ലാം പറയുന്നത്. ഇപ്പോൾ എന്റെ സാഹചര്യമെന്താണെന്ന് എല്ലാവർക്കും മനസിലാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.