മെൽബൺ: ഫുഡ് അലർജി ബാധിച്ച് ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുന്നതായി പുതിയ റിപ്പോർട്ട്. ജീവനു തന്നെ ഭീഷണിയുയർത്തുന്ന രീതിയിലാണ് ഇപ്പോൾ കുട്ടികൾക്കിടയിൽ ആഹാരപദാർഥങ്ങളോടുള്ള അലർജി രൂപപ്പെടുന്നത്. 2005 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ കുട്ടികൾക്കിടയിലുള്ള അലർജി 50 ശതമാനം വർധിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (എംസിആർഐ) നടത്തിയ പഠനത്തിലാണ് കുട്ടികൾക്കിടയിൽ ഫുഡ് അലർജി ഏറെ വർധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഫുഡ് അലർജി മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടെങ്കിലും അഞ്ചു മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ ഇടയിൽ ഇത് 110 ശതമാനം വർധിച്ചതായും എംസിആർഐ പഠനം വ്യക്തമാക്കുന്നു.

സാധാരണയായി പീനട്ട്, ട്രീനട്ട്, ഷെല്ലുള്ള മീനുകൾ തുടങ്ങിയവയിൽ നിന്നാണ് കുട്ടികൾക്ക് അലർജി ഉണ്ടാകുന്നത്. എന്നാൽ എല്ലാവരിലും ഇതായിരിക്കില്ല കാരണമെന്നും കൂടുതൽ പരിശോധനയിലൂടെ മാത്രമേ ഇതു വ്യക്തമാകുകയുള്ളൂവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സാധാരണ അലർജി പോലെയള്ള ഇപ്പോൾ ഇവ കാണുന്നതെന്നും ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ട അവസ്ഥയിലേക്ക് ഫുഡ് അലർജികൾ മാറുകയാണെന്നും വ്യക്തമാകുന്നു. മുതിർന്ന കുട്ടികളിലെ അലർജി കൂടുതൽ അപകടകാരിയായി തീർന്നിരിക്കുകയാണ്. Anaphylaxis എന്ന അലർജിയാണ് ഇപ്പോൾ മിക്ക കുട്ടികളിലും കണ്ടുവരുന്നതെന്നും ഇത് ജീവനു തന്നെ ഭീഷണി ഉയർത്തുന്നതാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ ഒരു അവയവത്തിൽ കൂടുതൽ ബാധിക്കുന്ന രോഗാവസ്ഥയാണ് Anaphylaxis. ചർമം, ശ്വസനേന്ദ്രിയങ്ങൾ, കുടൽ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ഈയവസ്ഥ സാരമായി ബാധിക്കുകയും ചെയ്യും.
 
ഇത് മെഡിക്കൽ എമർജൻസി എന്ന നിലയിലാണ് ചികിത്സിക്കേണ്ടത്. പെട്ടെന്നു തന്നെ വൈദ്യസഹായവും വിദഗ്ധ ചികിത്സയും ഇതിന് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ചർമത്തിലും നാവിലും തടിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, തൊണ്ടയിൽ അസ്വസ്ഥത, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ചുമ, തലകറക്കം, വിളർച്ച എന്നിവയാണ് സാധാരണയായി അലർജിയിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. ചില കേസുകളിൽ മുഖത്തും കണ്ണുകളിലും ചുണ്ടിലും തടിപ്പ്, വയറുവേദന, ഛർദി കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് Anaphylaxis കേസിലാണ് ഈ ലക്ഷണങ്ങൾ കാണുന്നത്.

കുട്ടികളിലാണ് കൂടുതലായും ഫുഡ് അലർജികൾ കണ്ടുവന്നിരുന്നതെങ്കിലും  അത് ടീനേജുകാരിലേക്കും മുതിർന്ന കുട്ടികളിലേക്കും പടരുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും വിലയിരുത്തപ്പെടുന്നു.അലർജിക്കെതിരേ നിലവിൽ ഏറെ ടെസ്റ്റുകളുണ്ടെങ്കിലും ഇപ്പോൾ അവയൊന്നും കൂടുതൽ ഫലപ്രദമാകുന്നില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ ഗവേഷണങ്ങൾ ഇക്കാര്യത്തിൽ നടന്നുവരികയാണെന്നും ഓസ്‌ട്രേലിയയിൽ വ്യാപിച്ചിരിക്കുന്ന അലർജി രോഗത്തിന് ഉടൻ തന്നെ പരിഹാരം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ.