നസംഖ്യാ നിയന്ത്രണം മുൻനിർത്തിയാണ് നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം ഇന്ത്യയിൽ ഉയർത്തപ്പെട്ടത്. എന്നാലിപ്പോൾ, ജീവിതത്തിരക്കുകൾ വർധിച്ചതും സമ്പത്ത് കൂടിയതും ഇന്ത്യയിലെ കുടുംബങ്ങളുടെ വലിപ്പം കുറയ്ക്കുകയാണെന്ന് റിപ്പോർട്ട്. 2011-ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ പാതിയിലേറെ കുടുംബങ്ങളിൽ രണ്ടോ അതിൽത്താഴെയോ കുട്ടികൾ മാത്രമേയുള്ളൂ.

രാജ്യത്തെ വിവാഹിതരായ സ്ത്രീകളിൽ 54 ശതമാനത്തിനും രണ്ടോ അതിൽത്താഴെയോ കുട്ടികളേയുള്ളൂ. 2001-ലെ സെൻസസിൽ ഇങ്ങനെ രണ്ടോ അതിൽത്താഴെയോ മക്കൾ മാത്രമുള്ള അമ്മമാരുടെ എണ്ണം 46.6 ശതമാനമായിരുന്നു. ചെറിയ കുടുംബങ്ങളിലേക്ക് ഇന്ത്യ ചുരുങ്ങുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

രാജ്യത്താകെ 34 കോടി വിവാഹിതരായ സ്ത്രീകളുണ്ടെന്നാണ് സെൻസസ് വ്യക്തമാക്കുന്നത്. ഇവർക്കാകെയുള്ളത് 92 കോടി കുട്ടികളാണ്. 2011-ലെ സെൻസസ് അനുസരിച്ച് ശരാശരി കുട്ടികളുടെ എണ്ണം 2.69 മാത്രമാണ്. 2001-ലെ സെൻസസ് പ്രകാരം 27 കോടി വീട്ടമ്മമാരും 83 കോടി കുട്ടികളും ഉണ്ടായിരുന്നു. ശരാശരി കുട്ടികളുടെ എണ്ണം 3.03-ഉം.

കുട്ടികൾ ജനിക്കുന്ന പ്രായത്തിലും വ്യത്യാസം വന്നുതുടങ്ങിയിരിക്കുന്നു. 2011-ലെ സെൻസസ് അനുസരിച്ച് 20 മുതൽ 24 വരെ പ്രായമുള്ള സ്ത്രീകളിൽ മക്കളില്ലാത്ത വീട്ടമ്മമാരുടെ എണ്ണം 35 ശതമാനമാണ്. 2001-ലെ സെൻസസിൽ ഇത് 32 ശതമാനമായിരുന്നു. 25 മുതൽ 29 വയസ്സുവരെയുള്ള വീട്ടമ്മമാരിൽ കുട്ടികളില്ലാത്തവർ 16 ശതമാനമാണ്. 2001-ൽ 13.4 ശതമാനവും.

ഹിന്ദുക്കളിൽ 45 മുതൽ 49 വയസ്സുവരെയുള്ള അമ്മമാരിലെ ശരാശരി മക്കളുടെ എണ്ണമാണ് ജനസംഖ്യയിലെ പ്രവണതകൾ മനസ്സിലാക്കുന്നതിനായി ഉപയോഗിക്കുന്നത്. ഹിന്ദു കുടുംബങ്ങളിൽ 2011-ലെ സെൻസസിൽ ശരാശരി 3.17 കുട്ടികളാണ് ഉള്ളത്. 2001-ൽ ഇത് 3.77 ആയിരുന്നു. ക്രൈസ്തവ കുടുംബങ്ങളിൽ 2.79 ആണ് കുട്ടികളുടെ ശരാശരി എണ്ണം. 2001-ൽ 3.32-ഉം. എന്നാൽ, മുസ്ലിം കുടുംബങ്ങളിൽ 4.24 ആണ് ശരാശരി കുട്ടികളുടെ എണ്ണം. എന്നാൽ, 2001-നെ അപേക്ഷിച്ച് ഇക്കാര്യത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 4.92 ആയിരുന്നു 2001-ലെ കണക്ക്.