കൊച്ചി: കൊച്ചി പഴയ കൊച്ചി അല്ലാതായതോടെ ബന്ധങ്ങളും മാറി മറിഞ്ഞു. ജോലി ആവശ്യാർഥം കൊച്ചിയിലെത്തുന്ന യുവതലമുറ സ്വയം പങ്കാളികളെ കണ്ടെത്തി ലിവിങ് ടുഗെദർ സ്റ്റൈലിൽ ജീവിക്കുന്നത് പെരുകുന്നു.

ആണിനും പെണ്ണിനും ഒറ്റയ്ക്കു താമസിക്കാൻ വീടുകിട്ടാത്ത കൊച്ചിയിൽ പങ്കാളികളായി വരുന്നവർക്ക് എളുപ്പത്തിൽ പാർപ്പിടം കിട്ടുമെന്നതും ജീവിതരീതിയിലെ മാറ്റത്തിനു കാരണമായി. ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റുകളിൽ ലിവിങ് ടുഗെദറിന് താൽപര്യം കാണിച്ചു വരുന്ന പരസ്യങ്ങളുടെ എണ്ണവും അടുത്തിടെ വർധിച്ചിട്ടുണ്ട്.

ഐടി, ബാങ്കിങ് മേഖല തുടങ്ങിയവ കേന്ദ്രീകരിച്ചു ജോലി ചെയ്യുന്നവരാണു കൊച്ചിയിലെത്തുന്ന യുവാക്കളിലേറെയും. മാദ്ധ്യമരംഗത്തുള്ളവരും ലിവിങ് ടുഗെദർ മാതൃകയിൽ ജീവിക്കുന്നുണ്ട്. പങ്കാളിയെ തെരഞ്ഞെടുക്കാൻ സോഷ്യൽമീഡിയകളും സഹായത്തിനെത്താറുണ്ടെന്ന് ലിംവിങ് ടുഗെദർ രീതിയിൽ ജീവിക്കുന്ന ഐടി ജീവനക്കാരൻ പറഞ്ഞു.

സിംഗിളായ സ്ത്രീകളെ കൂടെ താമസിക്കുവാൻ ക്ഷണിച്ചുകൊണ്ട് നിരവധി പരസ്യങ്ങൾ ക്യുക്കർ, ഒഎൽഎക്‌സ് തുടങ്ങിയ ഓൺലൈൻ സൈറ്റുകള്ളിൽ നിരവധി വരുന്നുണ്ട്. ജീവിത ലക്ഷ്യങ്ങളിൽ വിവാഹം എന്ന ആശയത്തിനു പ്രസക്തി ഇല്ലാത്തവരും, സ്വതന്ത്ര ചിന്താഗതിക്കാരും ആണ് ഇവരിൽ അധികവും. ഒപ്പം നേരത്തെ വിവാഹം കഴിക്കുക എന്നത് കരിയറും മറ്റും അവതാളത്തിലാക്കും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

കൂടുതൽ വിവാഹമോചനങ്ങൾ സമൂഹത്തിൽ നടക്കുന്ന ഒരു സാഹചര്യം മുൻനിർത്തി വിവാഹത്തെ എതിർത്തു പരമ്പരാഗത ചട്ടക്കൂടുകളിൽ നിൽക്കാൻ താൽപര്യം കാണിക്കാതെ ലിവിങ് ടുഗെദർ എന്ന ആശ്വാസത്തിലേക്ക് എത്തുന്നവരും ചുരുക്കം അല്ല. കളമശ്ശേരി, പാലാരിവട്ടം, കാക്കനാട്, കലൂർ തുടങ്ങിയ സ്ഥലങ്ങൾ ജോലിയുമായി ബന്ധപ്പെട്ടു അടുത്ത സ്ഥലങ്ങൾ ആയതിനാൽ ഈ ഭാഗത്തെ വീടുകളിലും ഫ്‌ളാറ്റുകളിലുമാണ് കുടുതലായി ലിവിങ് ടുഗെദർ പങ്കാളികൾ ഉള്ളത്.

എന്നാൽ ഇതിനെ പൂർണമായി സ്വതന്ത്ര ചിന്തയായി കാണാൻ കഴിയില്ലെന്നാണ് മനഃശാസ്ത്രജ്ഞനായ ഡോ. സി ജെ ജോണിന്റെ അഭിപ്രായം. ഒരു ഫാഷൻ എന്ന രീതിയിൽ മാത്രം ലിവിങ് ടുഗെദറിനെ കാണുന്നവരാണു കൂടുതൽ. ബുദ്ധിപരമായ പക്വതയും വരുംവരായ്കകളെക്കുറിച്ചുള്ള കൃത്യമായ ആലോചനകളും ഉണ്ടെങ്കിലാണ് സ്വതന്ത്രചിന്ത ആവുക. പക്ഷെ ഇത്തരത്തിൽ ജീവിക്കുന്ന പലരും പക്വതക്കുറവുള്ള മാനസികാവസ്ഥയിൽ നിന്നാണോ വരുന്നതെന്നുള്ള സംശയമുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആറുമാസം ഒന്നിച്ചു ജീവിക്കുമ്പോൾ തന്നെ ഒരു പരമ്പരാഗത ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയുടെ ആവശ്യം ഉണ്ട് എന്ന് കരുതുന്നവർ കൗൺസിലിംഗിനും മറ്റും സമീപിക്കാറുണ്ട്. പരസ്പരം ഉള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് മാത്രമേ സ്വതന്ത്ര ചിന്ത എന്ന ആശയം നിലനിൽക്കൂ. ദാമ്പത്യം അടിച്ചേല്പിക്കുന്ന കെട്ടുപാടുകളും ചട്ടക്കൂടുകളും ഇഷ്ടപ്പെടാതെയും അതിനോടുള്ള അമിതമായ പേടിയും കാരണമാണ് പലരും ഇങ്ങനെയുള്ള ഒരു ആശയത്തിലേക്ക് വരുന്നത്. ഇത് സ്റ്റെബിലിറ്റി കുറയാനും അടുത്ത ഒരു ഇണയെ തേടി പോകാനുള്ള പ്രവണതകൾ ഇവരുടെ ഇടയിൽ കൂടാനുമുള്ള കാരണമായി സി ജെ ജോൺ കാണുന്നു.

ആധുനികത ജീവിതത്തിലേക്കു പറിച്ചു നടാൻ ശ്രമിക്കുമ്പോഴും അവിടെ ഉയരുന്നത് ആദർശങ്ങൾ അല്ല, മറിച്ചു ജീവിതത്തിനോടുള്ള പേടിയാണ്. ഇതിൽ പരാജയപ്പെട്ട് മാനസികരോഗ വിദഗ്ധന്റെ അടുത്ത് എത്തിച്ചേരുന്നതും അവസാനം ഒറ്റപ്പെടൽ എന്ന സാഹചര്യത്തിൽ എത്തുന്നതും കൂടുതൽ സ്ത്രീകളാണ് എന്നുള്ളതാണ് സത്യം.