- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 വർഷം മുമ്പ് ഒരു മയിൽ പോലുമില്ലാത്ത കേരളത്തിൽ ഇന്ന് 20% പ്രദേശങ്ങളിൽ മയിലുകളുടെ സാന്നിദ്ധ്യം; കേരളം വരളുന്നതിന്റെ സൂചനയെന്ന് വിദഗ്ദ്ധർ; കൃഷിനാശത്തിനും കാരണമാകും; മയിലുകൾ ഉയർത്തുന്ന വെല്ലുവിളികളുടെ ആശങ്കയിൽ പകച്ച് ശാസ്ത്രജ്ഞർ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൃശൂരിൽ ഒരു മയിലിടിച്ച് നവ ദമ്പതികൾക്ക് അപകടം സംഭവിച്ചത് വലിയ വാർത്തയായിരുന്നു. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് നവവരൻ അപകടസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ഭാര്യ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് കാരണമായ മയിലും ചത്തു.
കേരളത്തിൽ മുമ്പ് അത്യപൂർവമായിരുന്ന മയിൽ എന്ന പക്ഷിയുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുകയാണെന്നാണ് പഠനങ്ങൾ പറയുന്നു. നമുക്ക് കാണാൻ ഏറെ ഇഷ്ടമുള്ള പക്ഷിയാണെങ്കിലും മയിലുകളുടെ എണ്ണം വർദ്ധിക്കുന്നത് ശുഭസൂചകമല്ല. വരണ്ട കാലാവസ്ഥയാണ് മയിലുകളുടെ ആവാസത്തിന് അനുയോജ്യം. കേരളത്തിലേയ്ക്ക് കൂടുതൽ മയിലുകളെത്തുന്നത് നമ്മുടെ നാട് അനുദിനം വരളുന്നതിന്റെ സൂചനയാണെന്നാണ് പരിസ്ഥിതി വിദഗ്ദ്ധർ പറയുന്നത്.
മധ്യ കേരളത്തിലാണ് മയിലുകളുടെ സാന്നിധ്യം കൂടുതൽ കാണപ്പെടുന്നത്. ഒരു പക്ഷിയോ ജീവിയോ പുതിയ ഇടത്തിലേക്ക് ആവാസം മാറ്റുന്നത് അവയുടെ നിലനിൽപിന് അനുകൂലമായ സാഹചര്യം ആ പ്രദേശത്ത് ഉണ്ടാകുമ്പോഴാണ്. ഉത്തരേന്ത്യയിലെ വരണ്ട പ്രദേശങ്ങളിലും തമിഴ്നാട്ടിലുമാണ് നേരത്തേ മയിലുകൾ കൂടുതൽ ഉണ്ടായിരുന്നത്. വിഖ്യാത പക്ഷി ശാസ്ത്രജ്ഞൻ സാലിം അലി 1933ൽ നടത്തിയ പക്ഷികളുടെ കണക്കെടുപ്പിൽ കേരളത്തിൽ മയിലുകളെ കണ്ടെത്തിയിരുന്നില്ല. സർവേയിൽ ഉൾപ്പെട്ട 19 ഇടത്തും മയിലുകളുണ്ടായിരുന്നില്ല. പിന്നീട് 1963ലാണ് തൃശൂരിലെ പീച്ചി പ്രദേശത്ത് ആദ്യമായി മയിലിന്റെ സാന്നിധ്യം കണ്ടെത്തിയത്. സാലിം അലി സർവേ നടത്തിയ അതേ സ്ഥലങ്ങളിൽ 75 വർഷങ്ങൾക്കു ശേഷം സർവേ നടത്തിയപ്പോൾ 10 ഇടങ്ങളിൽ മയിലുകളെ കണ്ടെത്തുകയും ചെയ്തു. പിന്നീടുള്ള സർവേകളിൽ എല്ലാം മയിലിന്റെ സാന്നിധ്യം കൂടി വരുന്നതായും കണ്ടെത്തി. പാലക്കാട്, തൃശൂർ ജില്ലകളിൽ ഇത് വർധിച്ചു.
വരണ്ട കാലാവസ്ഥയുള്ള സമയത്ത് 75 മില്ലിമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശമാണ് ഇവയ്ക്കു താൽപര്യം. വർഷത്തിൽ 1500 മില്ലിമീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങളും. എന്നാൽ കേരളത്തിൽ 3000 മില്ലിമീറ്ററിനു മുകളിലാണ് പ്രതിവർഷം ലഭിക്കുന്ന ശരാശരി മഴയുടെ അളവ്. കേരളം കൂടുതൽ വരണ്ട കാലാവസ്ഥയിലേക്കു മാറുന്നതിന്റെ സൂചനയാണ് മയിലുകളുടെ സാന്നിധ്യമെന്നും സംശയിക്കാനും ഇതാണു കാരണം.
നിലനിൽപ്പിന് തൽക്കാലം ഭീഷണിയില്ല
1963 മുതൽ ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. വംശനാശത്തിന്റെ കാര്യത്തിൽ 'കുറഞ്ഞ ആശങ്ക'യുള്ള വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ മയിലുകളുടെ എണ്ണം സ്ഥിരതയാർന്നതാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ മയിൽപ്പീലിക്കായും വ്യാജ ഔഷധക്കൂട്ടുകൾക്കായും ഇവയെ വ്യാപകമായി കൊന്നൊടുക്കുന്നുവെന്നു പരാതിയുണ്ട്. മയിലെണ്ണ സന്ധിവേദനയ്ക്കുൾപ്പെടെ ഫലപ്രദമാണെന്നാണു പ്രചാരണം. ഇതിനു വേണ്ടി മയിലിന്റെ കൊഴുപ്പു ശേഖരിക്കുന്നതിനാണ് അവയെ കൊന്നൊടുക്കുന്നത്.
വിളകൾ തിന്നുന്നതിൽനിന്നു മയിലുകളെ തടയാൻ ധാന്യങ്ങളിൽ വിഷംവയ്ക്കുന്ന രീതിയും തമിഴ്നാട്ടിൽ പലയിടത്തുമുണ്ട്. എന്നാൽ 1972ലെ ഇന്ത്യൻ വൈൽഡ്ലൈഫ് (പ്രൊട്ടക്ഷൻ) ആക്ട് പ്രകാരം മയിൽ സംരക്ഷിത പക്ഷിയാണ്. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ സെക്ഷൻ 51 (1എ) പ്രകാരം ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. 50,000 രൂപ വരെ പിഴ ശിക്ഷയും മയിൽവേട്ടക്കാരെ കാത്തിരിക്കുന്നു
ഉയരുന്ന മയിൽസംഖ്യ
കഴിഞ്ഞ വർഷം 'എക്കളോജിക്കൽ ഇൻഡിക്കേറ്റേഴ്സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മയിലുകളുടെ സാന്നിധ്യം കേരളത്തിലെ കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം കണ്ടെത്താൻ സഹായിക്കുന്നതായി വ്യക്തമാക്കിയിരുന്നു. കേരളത്തിൽ 19.15% പ്രദേശത്ത് നിലവിൽ മയിലുകൾക്കു ജീവിക്കാൻ അനുയോജ്യമാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഈ മേഖലകളിലേറെയും. എന്നാൽ 2050 ആകുമ്പോഴേക്കും മയിലുകളുടെ എണ്ണം വ്യാപകമാകുന്ന പ്രദേശത്തിന്റെ വ്യാപ്തി 41.44% മുതൽ 55.33% വരെയായി ഉയരാമെന്നും പഠനത്തിൽ പറയുന്നു.
കേരളത്തിലെ തെക്കുകിഴക്കൻ, വടക്കു പടിഞ്ഞാറൻ മേഖലകളിലായിരിക്കും ഭാവിയിൽ മയിലുകളുടെ എണ്ണം കൂടുക. കേരളത്തിന്റെ മാറുന്ന കാലാവസ്ഥയിലേക്കു കൃത്യമായി വിരൽ ചൂണ്ടുന്ന ബയോ ഇൻഡിക്കേറ്ററായിരിക്കും മയിലുകളുടെ സാന്നിധ്യമെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം 2070 ആകുമ്പോഴേക്കും മയിലുകളുടെ സാന്നിധ്യമുള്ള മേഖല 22 മുതൽ 32% വരെയായി കുറയും. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു 'പാറ്റേൺ' രൂപപ്പെടുന്നതെന്നു മനസ്സിലാക്കുന്നതിനു കൂടുതൽ പഠനം വേണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
കേരളത്തിൽ വരണ്ട പ്രദേശങ്ങൾ വർധിച്ച് വരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമായിരിക്കാം കാരണം. നാട്ടിൻപുറങ്ങളിലും മയിലുകൾ പഴയതിലും കൂടുതലായി കാണുന്നു. പണ്ട് മനുഷ്യവാസം ഉള്ള സ്ഥലങ്ങളിൽ മയിലുകൾ വരുന്നത് കുറവായിരുന്നു. കൃഷിസ്ഥലങ്ങളിലെ വിളകൾ തിന്നു നശിപ്പിക്കുന്നതായും പരാതികൾ ഉണ്ടായിട്ടുണ്ട്. മയിലുകൾ ഇപ്പോൾ ഇവിടെത്തന്നെ മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിയുന്നതും പതിവായിട്ടുണ്ട്.
പാലക്കാട്, വയനാട്, തൃശൂർ, കാസർകോട്, ഇടുക്കിയിലെ ചിന്നാർ വനമേഖല, കൊല്ലം ജില്ലയിലെ തെന്മല വനമേഖല എന്നിവിടങ്ങളിലാണു മയിലുകളുടെ സാന്നിധ്യം കൂടുതലെന്ന് പഠനം സൂചിപ്പിക്കുന്നു. പശ്ചിമഘട്ടത്തിലെ ഭൂപ്രകൃതി ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. മയിലുകൾ വരുന്നതു നല്ല കാര്യമായി കാണേണ്ടതില്ലെന്നും വിദഗ്ദ്ധർ പറയുന്നു. ഇപ്പോൾ കണ്ടു വരുന്നതും വംശനാശ ഭീഷണിയുള്ളതുമായ പല ഉരഗങ്ങൾക്കും ഇവ ഭീഷണിയാകാനും സാധ്യതയുണ്ട്. അതേസമയം കേരളത്തിൽ കുറുക്കന്മാരുടെ എണ്ണം കുറഞ്ഞതിനാലാണ് മയിലുകളുടെ എണ്ണം കൂടിയതെന്നും വാദമുണ്ട്. മയിലുകളുടെ മുട്ടകൾ ഭക്ഷിക്കുന്ന പാമ്പുകളുടെ എണ്ണം കുറഞ്ഞതും കാരണമായി പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച പഠനമൊന്നും നടന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ