ന്യാമറിയം കന്യകയായിരുന്നില്ലെന്ന് ആരുപറഞ്ഞാലും അതിനെ ക്രൈസ്തവർ ചോദ്യം ചെയ്യും. കാരണം അത് വിശ്വാസത്തെ മുറിപ്പെടുത്തലാണ്. എന്നാൽ, ഒരു കന്യാസ്ത്രീയാണ് ഈ വെളിപ്പെടുത്തൽ നടത്തുന്നതെങ്കിലോ? സ്പാനിഷ് ടിവി പരിപാടിക്കിടെ സിസ്റ്റർ ലൂസിയ കാരം ആണ് ഈ പ്രഖ്യാപനം നടത്തിയത്. കന്യാസ്ത്രീയുടേത് അതിരുവിട്ട പ്രസ്താവനയാണെന്ന് കത്തോലിക്ക സഭ വ്യക്തമാക്കി. എന്നാൽ, അതുകൊണ്ടും വിശ്വാസികൾ അടങ്ങാൻ തയ്യാറായിട്ടില്ല. കന്യാസ്ത്രീയെ വധിക്കുമെന്ന് ഭീഷണിപ്പപെടുത്തിയിരിക്കുകയാണ് പലവിശ്വാസികളും.

യേശുവിന്റെ അമ്മയാണ് കന്യാമറിയം. യൗസേപ്പുമായുള്ള വിവാഹനിശ്ചയത്തിനുശേഷം കന്യാമറിയം ദൈവഹിതത്താൽ ഗർഭിണിയാവുകയായിരുന്നു. എന്നാൽ, സിസ്റ്റർ ലൂസിയ ഇതെല്ലാം നിഷേധിക്കുന്നു. കന്യാമറിയം കന്യകയായിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നാണ് അവരുടെ പക്ഷം. മറിയവും യൗസേപ്പും സാധാരണ ദമ്പതിമാരെപ്പോലെയാണ് ജീവിച്ചിരുന്നതെന്നും അവർക്കിടയിൽ ലൈംഗികജീവിതമുണ്ടായിരുന്നുവെന്നും അവർ തുറന്നടിച്ചു. സെക്‌സ് എന്നത് മനുഷ്യന് കിട്ടിയ അനുഗ്രഹമാണെന്നും എന്നാൽ, സഭ അതിനെ എല്ലായ്‌പ്പോഴും പാപമായി കാണുന്നുവെന്നും അവർ പറഞ്ഞു.

ചെസ്റ്റർ ഇൻ ലവ് എന്ന പരിപാടിയിലാണ് കന്യാസ്ത്രീയുടെ ഈ വാക്കുകൾ. അർജന്റീനക്കാരിയായ സിസ്റ്റർ ലൂസിയ 26 വർഷമായി കാറ്റലൻ കോൺവെന്റിലാണ് സേവനമനുഷ്ഠിക്കുന്നത്. ഇവർ നടത്തുന്ന പാചക പരിപാടി ഏറെ പ്രശസ്തമാണ്. 1.8 ലക്ഷം പേർ സിസ്റ്ററിനെ ട്വിറ്ററിലൂടെ ഫോളോ ചെയ്യുന്നു. കന്യാസ്ത്രീയുടെ വാക്കുകളെ കത്തോലിക്കാ സഭ ശക്തമായി അപലപിച്ചു. ടറഗോന പ്രവിശ്യയിലെ ബിഷപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ, കന്യാമറിയത്തിന്റെ കന്യകാത്വത്തെക്കുറിച്ച് തർക്കിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കുന്നു.

സഭയുടെ എതിർപ്പും വധഭീഷണിയുമായതോടെ, മാപ്പപേക്ഷയുമായി കന്യാസ്ത്രീ രംഗതത്തെത്തി. തന്റെ വാക്കുകൾ പ്രേക്ഷകർ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അവർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.