കുറവിലങ്ങാട്: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ടിപ്പർ കൊലവിളി. ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടിപ്പർ ഇടിച്ച് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം. കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ സാവിയോയാണ് (60) മരിച്ചത്. സിസ്റ്റർ സാവിയോ പട്‌നയിൽ മിഷൻ പ്രവർത്തനം നടത്തി വരികയായിരുന്നു.

കുറവിലങ്ങാട് നഗരത്തിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം. സിസ്റ്റർ സാവിയോ രണ്ടാഴ്‌ച്ച മുൻപാണ് നാട്ടിലെത്തിയത്. ഇവർ ബുധനാഴ്‌ച്ച തിരികെ പോകാനിരിക്കുകയായിരുന്നു. ബന്ധുവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ വൈക്കം റോഡിൽ വച്ച് അമിത വേഗത്തിലെത്തിയ ടിപ്പർ പിന്നിൽ ഇടിക്കുകയായിരുന്നു. ടിപ്പർ നിറുത്താതെ വിട്ടു പോകുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

റോഡിലേക്ക് തെറിച്ചു വീണ സാവിയോയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. ബന്ധുവായ കാട്ടാമ്പാക്ക് തൊണ്ടിയാം തടത്തിൽ സെബാസ്റ്റ്യന്(52) അപകടത്തിൽ പരുക്കേറ്റു. കൊല്ലത്ത് നഴ്സിങ് പഠിക്കുന്ന ബന്ധുവിന്റെ മകളെ കാണാനായി പുറപ്പെട്ടതായിരുന്നു സിസ്റ്റർ.