സാന്റിയാഗോ: ചിലിയിലെ സാന്റിയോഗോവിലുള്ള കോൺവെന്റിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായതിനെ തുടർന്ന് തന്നെ മഠത്തിൽ നിന്നും പുറത്താക്കിയ സഭയ്ക്കെതിരെ കേസുമായി കന്യാസ്ത്രീ രംഗത്തെത്തി. കോൺവെന്റിൽ ലൈറ്റ് മാറ്റിയിടാനെത്തിയ ഇലക്ട്രീഷ്യനായിരുന്നു കന്യാസ്ത്രീയുടെ മുറിയിലെത്തി അവരെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്. 2012ലായിരുന്നു സംഭവം. താൻ ഗർഭിണി ആയതിനെ തുടർന്ന് കൂടെയുള്ള സിസ്റ്റർമാരും കോൺവെന്റ് അധികാരികളും തന്നെ കുറ്റപ്പെടുത്തുകയും മാനക്കേട് മറയ്ക്കാനായി തന്നെ മഠത്തിൽ നിന്നും പുറത്താക്കുകയുമായിരുന്നുവെന്നാണീ കന്യാസ്ത്രീ പരാതിപ്പെട്ടിരിക്കുന്നത്.

നിയമപരമായ കാരണങ്ങളാൽ ഈ കന്യാസ്ത്രീയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇവർ 2002ൽ തന്റെ 20ാം വയസിലായിരുന്നു കന്യാസ്ത്രീയായി മഠത്തിൽ ചേർന്നത്. 2012ൽ കോൺവെന്റിൽ ഇലക്ട്രിക് അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടി വന്നവർ അവിടെ രാത്രി താമസിച്ചും ജോലി ചെയ്തിരുന്നു. പീഡനത്തിനിരയായ സിസ്റ്റർ ആ സമയത്ത് തന്റെ മുറിയിൽ സുഖമില്ലാതെ കിടക്കുകയായിരുന്നു. ആക്രമി ഇവരുടെ മുറിയിലെത്തിയാണ് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. താൻ പേടി മൂലം സംഭവങ്ങളെല്ലാം വെളിപ്പെടുത്താതിരിക്കുകയായിരുന്നുവെന്നാണ് ഗർഭവിവരം പുറത്ത് വന്നതിനെ തുടർന്ന് ഈ കന്യാസ്ത്രീ സ്വയം ന്യായീകരിച്ചിരുന്നത്. തുടർന്ന് കുഞ്ഞ് ജനിച്ച് ഉടൻ തന്നെ അതിനെ ദത്തെടുക്കാനായി കൊടുക്കുകയായിരുന്നു.

ബലാത്സംഗം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ഈ കന്യാസ്ത്രീ ഈ വിവരം തന്റെ കൂടെയുള്ള കന്യാസ്ത്രീകളോട് വെളിപ്പെടുത്തിയിരുന്നു. ഉടൻ കോൺവെന്റ് വിട്ട് പോകാനായിരുന്നു അതിന്റെ ചാർജുള്ളവർ ഉത്തരവിട്ടത്. ഗർഭവിവരം അറിഞ്ഞപ്പോൾ മറ്റ് കന്യാസ്ത്രീകൾ തന്നോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് ഈ സിസ്റ്റർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. താൻ മനഃപൂർവം കൂട്ട് നിന്നിട്ടാണ് പീഡനം നടന്ന് ഗർഭിണിയായതെന്ന് വരെ അവർ ആരോപിച്ചിരുന്നുവെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തുന്നു.

കോൺവെന്റ് ഈ വിധത്തിൽ കൈയൊഴിഞ്ഞതിനെ തുടർന്ന് സിസ്റ്റർ സാൻ ജോസ് ഫൗണ്ടേഷനിലെ തന്റെ സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് ആ സുഹൃത്തായിരുന്നു പ്രസവവേളയിലും കുഞ്ഞിനെ ദത്തിന് കൊടുക്കാനും സഹായമേകിയിരുന്നത്. കന്യാസ്ത്രീ സ്വമേധയാ കോൺവെന്റ് വിട്ട് പോവുകയായിരുന്നുവെന്നാണ് സാന്റിയാഗോ ഓക്സിലറി ബിഷപ്പായ റവറന്റ് ജോർജ് കോൻച പ്രതികരിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ആളെ 2015ൽ അഞ്ച് വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു.