കുറവിലങ്ങാട്: സമരസമിതി ഏറ്റെടുത്തതോടെ, കേരളത്തിന്റെ പലഭാഗത്തുനിന്നുള്ള ജനങ്ങൾ പിന്തുണയുമായെത്തി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തും വരെ സമരം തുടരും. അറസ്റ്റ് രേഖപ്പെടുത്തിയാൽ സമരം താൽക്കാലികമായി അവസാനിപ്പിക്കും. അറസ്റ്റോടുകൂടി പോരാട്ടം അവസാനിക്കില്ലെന്നും നീതിയുടെ അന്തിമവിജയം വരെ നിയമവഴിയിലൂടെ നീങ്ങും. കൂടുതൽ തെളിവുകൾ ഇനിയും കിട്ടാൻ സാധ്യതയുണ്ട്. ബിഷപ്പിന്റെ അറസ്റ്റുണ്ടാകാത്തതുകൊണ്ടാണ് കൂടുതൽ പരാതികൾ വരാത്തത്. ആരോടും പരാതിയും പരിഭവമില്ല. ഈ സമരം പീഡനമനുഭവിക്കുന്ന കന്യാസ്ത്രീകളടക്കമുള്ള സ്ത്രീജനങ്ങൾക്ക് നീതി തേടിയാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായല്ല, അദ്ദേഹത്തിന്റെ ചെയ്തികൾക്കെതിരായാണ് ഞങ്ങൾ മുന്നോട്ടുവന്നത്. ഇനി ഒരു ഫ്രാങ്കോമാരും ഇതുപോലുള്ള ശ്രമങ്ങളുമായി മുന്നോട്ടുവരരുത്.

സഭയുടെ തന്നെ ഒരുനവീകരണമാണ് വേണ്ടത്. കന്യാസ്ത്രീകൾ സഹനത്തിന്റെ പാതയിലൂടെ പോകുന്ന സാഹചര്യത്തിൽ നിന്നുള്ള നവീകരണമാണ് വേണ്ടത്. ഞങ്ങൾ കള്ളക്കേസല്ല കൊടുത്തത്. തെളിവുകളെല്ലാം പൊലീസിന് ലഭിച്ചുവെന്ന് കരുതുന്നു. നിയമം നിയമത്തിന്റെ വഴിക്കുതന്നെപോകട്ടെയെന്നും കൊച്ചിയിലെ സമരപ്പന്തലിൽ നിന്ന് കുറവിലങ്ങാട് മഠത്തിൽ എത്തിയ സിസ്റ്റർ അനുപമയും മറ്റുകന്യാസ്ത്രീകളും പറഞ്ഞു.


സിസ്റ്റർ അനുപമ അടക്കം അഞ്ച് കന്യാസ്ത്രീകളാണ് കുറവിലങ്ങാട് മഠത്തിൽ നിന്ന് സമരപ്പന്തലിലേക്കെത്തിയത്. തങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവരോട് ക്ഷമിക്കുന്നു. ഇനിയെങ്കിലും കുറ്റകരമായ മൗനം സഭയിൽ നിന്ന് ഉണ്ടാവരുത്. സഭ മൗനം വെടിഞ്ഞില്ലെങ്കിൽ പല കന്യാസ്ത്രീകൾക്കും ഇതേ അനുഭവം ഉണ്ടാകുമെന്നും അവർ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം 14 ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് അറസ്റ്റിന് കളമൊരുങ്ങിയത്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയും തിങ്കളാഴ്ചമുതൽ ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലിൽ നിരാഹാരസമരം ആരംഭിച്ചിരുന്നു. കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത് വിവാദമായിരുന്നു. സമരത്തിനുപിന്നിൽ ദുരുദ്ദേശമാണ്. രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞു.

സമരകോലാഹലമുയർത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചു. സർക്കാർ ഇരയ്‌ക്കൊപ്പമാണ്. പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കിൽ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്നാൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം വിജയത്തിലേക്കാണെന്നായിരുന്നു കന്യാസ്ത്രീകളുടെ നിലപാട്. സമരം കൂടുതൽ ശക്തമായതിന് പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ്.