കൊച്ചി: താൻ സേവനമനുഷ്ടിക്കുന്ന സഭയിലെ ഒരു ബിഷപ്പ് തന്നെ പീഡിപ്പിച്ചുവന്ന് പരാതി നൽകി ഏറെ നാൾ പിന്നിട്ടിട്ടും നടപടി എടുക്കേണ്ടവർ മൗനം പാലിക്കുകയാണെന്ന് വേദനയോടെ പറയുകയാണ് കൊച്ചിയിൽ സമരപ്പന്തലിലിരിക്കുന്ന കന്യാസ്ത്രീകൾ. അതിനിടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി തുറന്നടിച്ചത്. ബിഷപ്പിന്റെ പണത്തിന് മീതെ ഒരു പിതാവും വായ തുറക്കില്ലെന്നും പിതാക്കന്മാരുടെ ഭാഗത്ത് നിന്നുമുള്ള മൗനം വേദനിപ്പിച്ചുവെന്നും ഇവർ വെളിപ്പെടുത്തി. ഇതോടെ സഭയുടെ ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടാകാതിരിക്കാനായി ബിഷപ്പ് ഫ്രാങ്കോ സഭയ്ക്കുള്ളിലുള്ള ആളുകളെ പണമെറിഞ്ഞ് തന്നോടൊപ്പം ചേർക്കുകയാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ബിഷപ്പ് വിഷയത്തിൽ ഇതുവരെ കത്തോലിക്കാ സഭയിൽ നിന്നും കാര്യമായ പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

'ബിഷപ്പിന്റെ പീഡനത്തേക്കാൾ വലിയ പീഡനമാണ് കത്തോലിക്കാ സഭയൽ നിന്നുമുള്ള ഓരോ പിതാക്കന്മാരുടെയും മൗനം. ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതേ ഒരു പിതാവും വായ് തുറക്കില്ലെന്നും പിതാക്കന്മാരുടെ മൗനം വേദനിപ്പിച്ചുവെന്നുമാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി തുറന്ന് പറഞ്ഞത്. കൊച്ചിയിൽ കന്യാസ്ത്രീകൾ സമരം നടത്തുന്ന പന്തലിൽ വച്ചാണ് ഇവർ ഇക്കാര്യം തുറന്ന് പറഞ്ഞത്. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിന്മേലുള്ള വിവാദം കത്തി നിൽക്കേയാണ് ഇക്കാര്യത്തെ പറ്റി സിസ്റ്റർ അനുപമയും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് സഹോദരിയുടെ മകന്റെ ആദ്യ കുർബാന ചടങ്ങിന് എത്തിയപ്പോഴാണെന്നും കുറവിലങ്ങാട്ടുള്ള മഠത്തിൽ 2014 മെയ് അഞ്ചിനാണ് പീഡനം നടന്നതെന്നും സിസ്റ്റർ അനുപമ വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച്ച പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് ബിഷപ്പ് അറിയിച്ചിരിക്കുകയാണ്. ഇതിനായി ബിഷപ്പിന് രഹസ്യ കേന്ദ്രത്തിൽ താമസമൊരുക്കാൻ നീക്കമുണ്ടെന്നും സൂചനയുണ്ട്. മാത്രമല്ല തന്നെ എവിടെ വച്ചാണ് ചോദ്യം ചെയ്യുന്നതെന്ന കാര്യം അതീവ രഹസ്യമാക്കി വയ്ക്കണമെന്നും ബിഷപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെത്തുന്ന ബിഷപ്പിനൊപ്പം സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകാമെന്നും സൂചനകൾ ലഭിച്ചിരുന്നു.

താമസ സ്ഥലം ഏതെന്നറിഞ്ഞാൽ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുമോ എന്ന ആശങ്ക നില നിൽക്കുന്നതിനാലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന നടപടികൾ അതീവ രഹസ്യമാക്കി വയ്ക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ ഏറുന്ന സാഹചര്യത്തിലാണ് ഇത്. ഇതിനു പിന്നാലെയാണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാൽ, ബിഷപ്പ് കന്സ്ത്രീയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. നാളത്തെ ചടങ്ങിൽ ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് ഫ്രാങ്കോ സിസ്റ്ററിനെ നിർബന്ധപൂർവ്വം അവിടെ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് സിസ്റ്റർ അനുപമ പറഞ്ഞു. പിറ്റേന്ന് കാലടിയിലെ ഒരു പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുക്കാനായി കന്യാസ്ത്രീ ഫ്രാങ്കോയ്‌ക്കൊപ്പം പോകാൻ നിർബന്ധിതയായിയെന്നും വിശദീകരിക്കുന്നു.

ബിഷപ്പിനെതിരെയുള്ള സമരത്തിൽ തങ്ങൾക്കെതിരെ മിഷനറീസ് ഓഫ് ജീസസ്സ നടപടിയെടുത്താൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് സിസ്റ്റർ അനുപമയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. പരുറത്താക്കാൻ പറ്റില്ലെന്നും ആകെയുണ്ടായിരുന്ന സ്വത്ത് വരെ സഭയ്ക്ക് എഴുതി നൽകിയട്ടുണ്ട്. ഇനി ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുകയേ സഭയ്ക്ക് രക്ഷയുള്ളൂ. ഞങ്ങളുടെ പോരാട്ടം നീതി ലഭിക്കുന്നതിന് വേണ്ടിയാണ്. അതിനാൽ പേടിയില്ല. മനസുമടുത്ത് പുറത്തു പോകേണ്ടി വന്നാലോ എന്ന് ചോദിച്ചാൽ അതിനും ഉണ്ട് ഉത്തരം. ഭയമൊന്നുമില്ല. പുറത്തു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നടപടികൾ വരുമ്പോൾ എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് വേണ്ടി പോരാട്ടം നടത്തുന്ന സിസ്റ്റർ അനുപമയുടെ വാക്കുകളാണ് ഇത്.

സ്വന്തം അമ്മ പീഡനത്തിനിരയായാൽ മക്കൾക്ക് നോക്കി നിൽക്കാന് കഴിയുമോ. ജീവിതത്തിൽ അത്തരമൊരു അനുഭവത്തിന് മുന്നിൽ നിൽക്കുമ്പോഴേ വേദന മനസിലാകൂ. ദിവസവും തുളുമ്പി വീഴുന്ന അമ്മയുടെ കണ്ണീരൊപ്പുന്ന ഞങ്ങൾക്ക് നീതിക്കായി തെരുവിലേക്കിറങ്ങേണ്ടി വന്നു. സഭാധികൃതർ തെരുവിലേക്ക് ഇറക്കി വിട്ടുവെന്നതാണ് സത്യമെന്ന് അനുപമ പറയുന്നു. പീഡനത്തിന് ഇരയായ കന്യാസത്രീയെ അനുപമയും സഹപ്രവർത്തകരും അമ്മയെന്നാണ് വിളിക്കുന്നത്. അതുകൊണ്ട് കൂടിയാണ് അവരുടെ പീഡനത്തിൽ അതിശക്തമായ നിലപാട് അനുപമയും കൂട്ടുകാരും എടുത്തത്.

സമരത്തിലിരിക്കുന്ന കന്യാസ്ത്രീകൾ ഒരിക്കലും കത്തോലിക്കാ സഭയക്കെതിരല്ല. കൃത്യസമയത്ത് വേർതിരിവൊന്നുമില്ലാതെ സഭയിൽ നിന്നും തങ്ങൾക്ക് നീതി കിട്ടണമായിരുന്നു. എങ്കിൽ ഞങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ട ഗതികേട് വരില്ലായിരുന്നു. നാളുകളേറെ പിന്നിട്ടിട്ടും പരാതികൾക്ക് നടപടി ഉണ്ടായിട്ടില്ല. മദർ സുപ്പീരിയർ സിസറ്റർ റെജീന ബിഷപ്പിനായി നിലകൊള്ളുകയായിരുന്നു. യഥാർത്ഥത്തിൽ അവരാണ് മിഷനറീസ് ഒഫ് ജീസസിനെ അപമാനിച്ചത്. എല്ലാ പരാതികളും അവർ മുക്കിയെന്നും അനുപമ പറയുന്നു. കന്യാസത്രീകളായ ചിലർ ഫ്രാങ്കോ മുളയക്കലിനെ ക്രൂശിക്കുകയാണെന്ന് മിഷനറീസ് ഒഫ് ജീസസ് പറയുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെയാണ്. അവർ സ്വയം ക്രൂശിക്കപ്പെടുകയാണ്. ഫ്രാങ്കോയെ സംരക്ഷിക്കുന്നു. മദർ സുപ്പീരിയർ കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ചിരിക്കുകയാണ്. അധികാരമുണ്ടെങ്കിലും സ്വന്തമായി തീരുമാനമെടുക്കാതെ ഫ്രാങ്കോയുടെ തീരുമാനങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപിച്ച് തരികയാണ്.