കുവൈറ്റ് സിറ്റി: നൃത്തകലകൾ സചേതനമാക്കിയ വനിതാവേദി കുവൈറ്റിന്റെ 'നൂപുരം-2016) സാംസ്‌കാരികമേള സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ (സീനിയർ) തിങ്ങിക്കൂടിയ സദസ്സിന് വേറിട്ട ഒരു അനുഭവമായി മാറി.

പ്രസിദ്ധ നർത്തകരായ അശ്വതി ശ്രീകാന്ത്, ശ്രീകാന്ത് എന്നിവർ അവതരിപ്പിച്ച 'ആത്മത' എന്ന നൃത്ത സപര്യ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം, പ്രകൃതിയിലുണ്ടാകുന്ന മാറ്റം എങ്ങനെ മനുഷ്യനിൽ പ്രതിഫലിക്കുന്നു, പ്രുഷ-സ്ത്രീ ബന്ധം തുടങ്ങിയ സമകാലിക വിഷയങ്ങൾ കാവ്യത്മകമായി ചുവടുവച്ചപ്പോൾ നിറഞ്ഞ കയ്യടിയോടെ ആസ്വാദക മനസ്സ് അത് ഏറ്റുവാങ്ങി.

കേരളത്തിന്റെ തനത് കലകൾ കൊണ്ട് ശ്രദ്ദേയമായഘോഷയാത്രയോടെയാണ് മേള ആരംഭിച്ചത്. വനിതാവേദി പ്രസിഡന്റ് ശാന്ത ആർ. നായർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ 'നൂപുരം-2016' ഉദ്ഘാടനം ചെയ്തു. അശ്വതി ശ്രീകാന്ത് മുഖ്യ പ്രഭാഷണം നടത്തി. ''ഒരു നല്ല കലാകാരി നല്ല മനുഷ്യനായി തീരണം, നല്ല മനസ്സിൽ നിന്നേ ഉദാത്തമായ കലകൾ ഉണ്ടാവുകയുള്ളു'' അശ്വതി വ്യക്തമാക്കി. അഞ്ജന സജി കേരള പിറവി സന്ദേശം അവതരിപ്പിച്ചു. നൂപുരം 2016 ന്റെ ഭാഗമായി ഇറക്കിയ സുവനീർ ബിന്ദു സജീവനിൽ നിന്നും കുവൈറ്റ് ടി.വി. ഡയറക്ടർ (മിനിസ്ട്രി ഓഫ് ഇൻഫോർമേഷൻ) നാസർ ഹമീദ് മുഹമ്മദ് കമാൽ, ജോൺ മാത്യുവിന് കൈമാറി ജോൺ മാത്യു, ആർ. നാഗനാഥൻ, സാം പൈനുംമൂട്, ദേവി രഞ്ജിനി എന്നിവർ ആശംസകൾ നേർന്നു.

മേളയുടെ ഭാഗമായി നടന്ന തിരുവാതിര കളി മത്സരത്തിൽ നാഫോ ഒന്നാം സ്ഥാനവും, സമന്വയം മംഗഫ് രണ്ടാം സ്ഥാനവും, പൽപക് മൂന്നാം സ്ഥാനവും, ക്യാഷ് പ്രൈസും ഏറ്റു വാങ്ങി. ബിന്ദു ദിലീപ്, രമ അജിത്ത് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

മേളക്ക് വനിതാവേദി സെക്രട്ടറി ടോളി പ്രകാശ് സ്വാഗതവും നൂപുരം 2016 ജനറൽ കൺവീനർ ശ്യാമള നാരായണൻ നന്ദിയും രേഖപ്പെടുത്തി.വനിതാവേദി കുവൈറ്റ് നൂപുരം-2016 സമാപിച്ചു.