കൊച്ചി : ഇന്ത്യയിലെ നേഴ്‌സുമാർക്ക് ഇനി കുറച്ചു കാലം വിദേശത്ത് ജോലിക്ക് പോകാൻ കഴിയില്ല. നഴ്‌സിങ് വിസ ലഭിച്ചവർക്കു പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിന്റെ ക്ലിയറൻസ് നിർബന്ധമാക്കിയ വ്യവസ്ഥയിൽ ഇളവു നൽകണമെന്ന അപേക്ഷ കേന്ദ്രം തള്ളി. നോർക്ക, ഒഡേപെക് (കേരളം) ഒ.എം.സി. (തമിഴ്‌നാട്) എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമേ നഴ്‌സുമാർക്ക് ഇനി എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കൂ. ഈ സർക്കാർ സ്ഥാപനങ്ങൾക്ക് വിദേശ രാജ്യങ്ങളുമായി റിക്രൂട്ട്‌മെന്റ് കരാർ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ തൽക്കാലം ആർക്കും വിദേശത്ത് പോകാൻ പറ്റാത്ത സ്ഥിതി വരും.

സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികളെ സഹായിക്കാനായി കേരളം നടത്തിയ കള്ളക്കളിയാണ് ഇതിന് കാരണെന്ന് വിലയിരുത്തൽ ഉണ്ട്. നേഴ്‌സുമാർ വലിയ തോതിൽ വിദേശത്ത് തൊഴിൽ ചൂഷണത്തിന് ഇരയായിരുന്നു. ഇതോടൊപ്പം തൊഴിൽ തട്ടിപ്പിനും ഇടയായി. ഈ സാഹചര്യത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ നിന്നുള്ള നേഴ്‌സുമാരുടെ പരാതി കണക്കിലെടുത്തായിരുന്നു ഇത്. മാർച്ച് 12ന് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഏപ്രിൽ 31 ഓടെ നിയന്ത്രണം കൊണ്ടുവരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ കേരളം കാലാവധി നീട്ടി ചോദിച്ചു. ഒരു മാസം അനുവദിച്ചു. അപ്പോഴും വേണ്ടതൊന്നും കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾ ചെയ്തില്ല. നോർക്കയും ഒഡാപെക്കും കാഴ്‌ച്ചക്കാരായി. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്‌മെന്റ് കരാർ കിട്ടിയതുമില്ല. മറുവശത്ത് വർഗ്ഗീസ് ഉതുപ്പിന്റെ അൽസറഫ പോലുള്ള സ്ഥാപനങ്ങൾ റിക്രൂട്ട്‌മെന്റ് യഥേഷ്ടം തുടരുകയും ചെയ്തു.

ഉതുപ്പിനേയും കൂട്ടരേയും സഹായിക്കാനാണ് സർക്കാർ ഇതൊക്കെ ചെയ്തതെന്നാണ് ആക്ഷേപം. സംസ്ഥാനസർക്കാരിന്റെ ഈ പിടിപ്പുകെട്ട ഇടപെടൽ ഇന്ത്യൻ നഴ്‌സുമാരുടെ വിദേശജോലി സ്വപ്‌നങ്ങൾക്കു വിനയായി. നഴ്‌സിങ് വിസ ലഭിച്ചവർക്കു പ്ര?ട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിന്റെ ക്ലിയറൻസ് നിർബന്ധമാക്കിയ വ്യവസ്ഥയിൽ ഇളവു നൽകണമെന്ന അപേക്ഷ കേന്ദ്രം തള്ളി. 17 ഇ.സി.ആർ. രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷൻ ക്ലിയറൻസിൽ ഇളവു നൽകണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഇന്നലെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിളിച്ചു ചേർത്ത സംസ്ഥാന പ്രവാസികാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി കെ.സി.ജോസഫ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഇ.സി.ആർ നടപടി ഇനിയും നീട്ടിവച്ചാൽ നടപ്പാക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി..

ഇതോടെ ഇ.സി.ആർ നിയമം ഇന്നലെ അർധ രാത്രിയോടെ നിലവിൽ വന്നു. മൂന്നു മാസത്തേക്കുകൂടി ക്ലിയറൻസില്ലാതെ റിക്രൂട്ട്‌മെന്റ് അനുവദിക്കണമെന്ന അപേക്ഷ നിരസിക്കപ്പെട്ടതോടെ നിലവിൽ നിയമപരമായി വിസ ലഭിച്ചവർക്കു വിദേശയാത്ര അസാധ്യമാകും. എല്ലാം സംസ്ഥാന സർക്കാർ ശരിയാക്കുമെന്ന വിശദീകരണവുമായാണ് ഉതുപ്പ് വർഗ്ഗീസിനെ പോലുള്ളവർ നേഴ്‌സുമാരെ റിക്രൂട്ട്‌ചെയ്തത്. വിദേശ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയില്ലെന്ന ന്യായം പറഞ്ഞാൽ കേന്ദ്ര സർക്കാർ ഇളവ് നൽകുമെന്നായിരുന്നു പ്രതീക്ഷ. ഇതുകൊണ്ടാണ് സംസ്ഥാന സർക്കാർ മിണ്ടാതിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഉറച്ച നിലപാട് എടുത്തതോടെ കളി പൊളിഞ്ഞു. നോർക്ക, ഒഡേപെക് (കേരളം) ഒ.എം.സി. (തമിഴ്‌നാട്) എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമേ നഴ്‌സുമാർക്ക് ഇനി എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കൂ. ഇതു സംബന്ധിച്ചു കഴിഞ്ഞ മാർച്ച് 12നു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണു പ്രാബല്യത്തിലാകുന്നത്. മൂന്ന് മാസത്തിലധികം സമയം കിട്ടിയിട്ടും കേരളം ഒന്നും ചെയ്തില്ലെന്നാണ് വ്യക്തമാകുന്നത്.

സ്വകാര്യ ഏജൻസികളെ ഒഴിവാക്കണമെന്ന സംസ്ഥാനസർക്കാരിന്റെതന്നെ ആവശ്യപ്രകാരമാണു മെയ്‌ ഒന്നുമുതൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസികൾക്കു മാത്രമായി പരിമിതപ്പെടുത്തിയത്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ ഈ ഏജൻസികൾക്കു ലഭിച്ച അധികച്ചുമതല ബാധ്യതയായതോടെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പാടേ താറുമാറായി. വിദേശ ആരോഗ്യമന്ത്രാലയങ്ങൾ മറ്റു രാജ്യങ്ങളിൽനിന്നു റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്തു. ഇതോടെ സർക്കാർ , സ്വകാര്യ ഏജൻസികൾക്കുവേണ്ടി രംഗത്തെത്തി. സർക്കാരിന്റെ ആവശ്യം മെയ്‌ 15നു പരിഗണിച്ച കേന്ദ്രം 30 വരെ എമിഗ്രേഷൻ ക്ലിയറൻസിൽ ഇളവു നൽകി. എന്നാൽ, നിയമപരമായി വിസ ലഭിച്ചവർക്കുപോലും ഈ ചുരുങ്ങിയ കാലയളവിൽ വിദേശത്തു പോകാനാകാതെ വന്നതോടെയാണു സർക്കാർ വീണ്ടും ഇളവ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ജനുവരിയിലെ അഭിമുഖത്തിൽ പങ്കെടുത്ത് വിസ ലഭിച്ച നഴ്‌സുമാരിൽ ഭൂരിഭാഗവും രാജ്യം വിട്ടെങ്കിലും ഫെബ്രുവരിമാർച്ചിൽ അഭിമുഖം കഴിഞ്ഞ 2000 പേർക്കു ജൂൺ ആദ്യവാരമേ വിസ ലഭിക്കൂ. സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിലെ 4800 ഒഴിവുകളിൽ 4500 എണ്ണത്തിൽ സ്വകാര്യ ഏജൻസികൾക്കായിരുന്നു റിക്രൂട്ട്‌മെന്റ് ചുമതല. ഇതിൽ കിങ് അബ്ദുള്ള ആശുപത്രിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കഴിഞ്ഞ 1821 വരെ ഡൽഹിയിൽ നടന്നു. സൗദി ആരോഗ്യമന്ത്രാലയം ചുമതലപ്പെടുത്തിയ സർക്കാർ ഏജൻസികളടക്കമുള്ള സ്ഥാപനങ്ങൾ പ്ര?ട്ടക്ടർ ജനറലിന്റെ അനുമതിയില്ലാതെയാണു ഡൽഹിയിൽ റിക്രൂട്ട്‌മെന്റ് നടത്തിയത്. അതേസമയം വ്യക്തിഗത കേസുകൾ അറിയിച്ചാൽ അത് പരിഹരിക്കാമെന്ന് കേന്ദ്രം ഉറപ്പു നലകിയതായും നോർക്ക സഹായം നൽകുമെന്നും കെ.സി.ജോസഫ് അറിയിച്ചു.

പുതുക്കിയ നിയമമനുസരിച്ച്, നഴ്‌സുമാരെ ആവശ്യമുള്ള വിദേശ സ്ഥാപനങ്ങൾ അതത് രാജ്യത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഇമൈഗ്രേറ്റ് സോഫ്ട്‌വേറിലൂടെ വിവരം നോർക്ക റൂട്ട്‌സിനെയും ഒഡെപെക്കിനെയും അറിയിക്കും. ഇരു സ്ഥാപനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്‌സുമാർക്ക് യോഗ്യത അനുസരിച്ച് റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാം. സൗദി കിങ് അബ്ദുള്ള ആശുപത്രി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. വിദേശ രാജ്യങ്ങളിൽ നഴ്‌സിങ് ജോലി വാഗ്ദാനം നൽകിയുള്ള അറിയിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നു നോർക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജൂൺ് ഒന്നു മുതൽ വിദേശ നഴ്‌സിങ് റിക്രൂട്‌മെന്റിനുള്ള അവകാശം സർക്കാർ ഏജൻസികൾക്കു മാത്രമായിരിക്കെ, ചില സ്വകാര്യ ഏജൻസികൾ ഇപ്പോഴും ഇന്റർവ്യു തുടരുകയായിരുന്നു. ഇവർക്കാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തിരിച്ചടിയാകുന്നത്.

വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിന് ആഗ്രഹിക്കുന്ന യോഗ്യതയുള്ള നഴ്‌സുമാർക്ക് ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്ത് തുടങ്ങാമെന്നാണ് നോർക്കയുടെ അറിയിപ്പ്. സംസ്ഥാന സർക്കാർ ഏജൻസിയായ ഒ.ഡിപി.സിയുടെ വെബ്‌സൈറ്റിൽ അതിനുള്ള അവസരമുണ്ട്. ഓൺലൈനിൽ ചെയ്യാൻ മടിയുള്ളവർക്ക് നേരിട്ടും പേര് രജിസ്റ്റർ ചെയ്യാം. ഇതിനുള്ള അപേക്ഷാഫോറം തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഒഡെപെക് ഓഫീസിലും മറ്റു ജില്ലകളിൽ അതാതു ജില്ലാ ലേബർ ഓഫീസുകളിലും ലഭ്യമാണ്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04712576314/19 എന്ന നമ്പരിൽ വിളിക്കുകയും ചെയ്യാം. വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് കേരളത്തിലെ നോർക്ക റൂട്ട്‌സ്, ഒഡെപെക് എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കി കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് തുടർന്നാണ് ഇത്. വിദേശ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും നിശ്ചിത യോഗ്യത കരസ്ഥമാക്കിയിട്ടുള്ള തൊഴിൽ അന്വേഷകർക്ക് തൊഴിൽ നേടികൊടുക്കുന്നതിനും വേണ്ടി തൊഴിൽവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒ.ഡി.ഇ.പി.സി.

18 ഇസിആർ രാജ്യങ്ങളിൽ നഴ്‌സുമാരുടെ നിയമനത്തിനു പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് ഓഫിസുകളിൽ നിന്നുള്ള എമിഗ്രേഷൻ ക്ലിയറൻസ് വേണം. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യെമൻ, സുഡാൻ, അഫ്ഗാനിസ്ഥാൻ, ഇന്തൊനീഷ്യ, സിറിയ, ലബനൻ, തായ്‌ലൻഡ്, ഇറാഖ് എന്നിവയാണ് ഇസിആർ രാജ്യങ്ങൾ. വിദേശത്തു നഴ്‌സുമാരെ ആവശ്യമുള്ള തൊഴിൽ സ്ഥാപനം ഇന്ത്യൻ എംബസികളിൽ രജിസ്റ്റർ ചെയ്യണം. ഇമൈഗ്രേറ്റ് സംവിധാനത്തിലൂടെ എത്ര നഴ്‌സുമാരെയാണ് വേണ്ടതെന്നും അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് ഇന്ത്യൻ എംബസിയിൽ നിന്ന് സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമില്ല. ഇന്ത്യയിലെ മറ്റേതെങ്കിലും റിക്രൂട്ട്‌മെന്റ് ഏജൻസിക്കു വിദേശത്തുനിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ അവസരം ലഭിച്ചാൽ അവർ പ്രവാസികാര്യ മന്ത്രാലയത്തിൽ നിന്നു പ്രത്യേക അനുമതി തേടണം. ഓരോ രാജ്യത്തിന്റെ കാര്യത്തിലും വെവ്വേറെ അനുമതി വാങ്ങിയിരിക്കണം.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മേഖലയിൽ വ്യാപകമായ ചൂഷണം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ റിക്രൂട്ടിങ് ഏജൻസികളുടെ ചൂഷണത്തിൽനിന്നും തൊഴിൽ അന്വേഷകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സർക്കാർ സംവിധാനം ഒരുക്കുന്നത്. കുവൈറ്റ് പോലുള്ള രാജ്യങ്ങളിലേയ്ക്ക് സ്വകാര്യ ഏജൻസികൾ മുഖാന്തിരം നടന്ന റിക്രൂട്ട്‌മെന്റിൽ വ്യാപകമായി തൊഴിൽ ചൂഷണം നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി നടത്തിയ കൂടിയാലോചനകളുടെ ഫലമായാണ് കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടത്.

കുവൈത്തിൽ ഈയിടെയുണ്ടായ വിവാദങ്ങളാണ് ഇതിലേക്കു വഴി തുറന്നത്. റിക്രൂട്ട്‌മെന്റ് കമ്പനി നഴ്‌സുമാരിനിന്നു ലക്ഷങ്ങൾ കോഴ വാങ്ങിയാണു നിയമനം നടത്തുന്നതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥൻ ട്വിറ്ററിൽ ആരോപിച്ചിരുന്നു. നിയമന അഴിമതിക്കെതിരെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ നേരിട്ടു രംഗത്തുവരികയും ചെയ്തു. കുവൈത്തിൽ റിക്രൂട്ട്‌മെന്റിനു കരാർ ലഭിക്കുന്ന കമ്പനികൾ ഇന്ത്യയിലെ കമ്പനികൾക്ക് ഉപകരാർ നൽകുന്നു. ഇരുകൂട്ടരും ചേർന്നു തുക പങ്കുവയ്ക്കുന്നതാണു രീതി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം