സിയറ ലിയോണിൽ എബോള പടർന്ന് പിടിച്ചപ്പോൾ തന്റെ ജീവൻ പോലും അവഗണിച്ച് മാതൃകാപരമയാ സേവനം കാഴ്ച വച്ച സ്‌കോട്ടിഷ് നഴ്സാണ് പൗളിനെ കാഫർകി. തുടർന്ന് 2014ൽ ഇവർക്കും എബോള പിടിപെടുകയും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയുമായിരുന്നു. എന്നാൽ നിലവിൽ നഴ്സിനെതിരെ അധികൃതർ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ട്. എബോള ബാധിച്ച് അവിടെ നിന്നും യുകെയിലേക്ക് മടങ്ങുമ്പോൾ പാരസെറ്റമോൾ കഴിച്ച കാര്യം ഹീത്രോവിലെ എയർപോർട്ടിലെ പരിശോധനയ്ക്കിടെ മറച്ച് വച്ചുവെന്നാണ് ഇവരുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. പ്രസ്തുത മെഡിസിൻ കഴിച്ച് ഈ നേഴ്സ് തനിക്കുണ്ടായിരുന്ന പനി മറച്ച് വയ്ക്കുകയായിരുന്നുവെന്ന ആരോപണമാണുയർന്നിരുന്നത്. ഇതിനെ തുടർന്ന് ഈ നേഴ്സ് ഒരു ഫിറ്റ്നെസ് ടു പ്രാക്ടീസ് ഹിയറിംഗിന് നേരിട്ട് കൊണ്ടിരിക്കുകയാണ്. അടുത്ത മാസം എഡിൻബർഗിൽ വച്ചാണീ വിചാരണ തീരുമാനിച്ചിരിക്കുന്നത്.

കാഫർകിയുടെ ഈ വിധത്തിലുള്ള പെരുമാറ്റത്തെക്കുറിച്ച് നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ വിശദമായി അന്വേഷണം നടത്തിയിരുന്നു. പാരസെറ്റമോൾ കഴിച്ച് തന്റെ പനിമറച്ച് വച്ച് ഈ നേഴ്സ് പരിശോധകർക്ക് തെറ്റായ വിവരങ്ങളാണ് 2014 ഡിസംബറിൽ വച്ച് നടത്തിയ പരിശോധനക്കിടെ ലഭ്യമാക്കിയിരിക്കുന്നതെന്ന് ഈ അന്വേഷണത്തിലൂടെ വ്യക്തമായിരുന്നു. ഇതിന് പുറമെ മെഡിക്കൽ സ്റ്റാഫിന് തെറ്റായ വിവരങ്ങളാണ് ഇവർ പരിശോധനയ്ക്കിടെ നൽകിയതെന്നും തെളിഞ്ഞിട്ടുണ്ട്. തനിക്കുണ്ടായിരുന്ന 38 ഡിഗ്രി സെൽഷ്യസിലധികമുള്ള ചൂട് കാപ്സ്യൂൾ കഴിച്ച് കാഫെർകീ മറച്ച് വയ്ക്കുകയായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടിക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.

എബോളയുടെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് ഇത്തരത്തിലുളഅള ഉയർന്ന ഊഷ്മാവ്. ഇത് മറച്ച് വച്ചതിലൂടെ ഈ നേഴ്സ് രോഗം പടർന്ന് പിടിക്കാനുള്ള വൻ സാധ്യതയ്ക്ക് വഴിയൊരുക്കിയെന്നാണ് ഇവരുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന പ്രധാന ആരോപണം. എബോള അതിന്റെ പാരമ്യത്തിൽ എത്തിയപ്പോഴായിരുന്നു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തിലേക്ക് തന്റെ സേവനം നൽകാനായി 40കാരിയായ കാഫർകീ പോയിരുന്നത്.തുടർന്ന് അവിടെ നിന്നും രോഗബാധയുണ്ടായതിന് ശേഷം ഇവർ ലണ്ടനിലേക്ക് മടങ്ങുകയും പിന്നിട് സ്‌കോട്ട്ലൻഡിലേക്ക് പോവുകയുമായിരുന്നു. തുടർന്ന് ലണ്ടനിലെ റോയൽ ഫ്രീഹോസ്പിറ്റലിൽ ഒരു മാസത്തോളം ഐസൊലേഷൻ യൂണിറ്റിൽ കിടന്ന് എബോളയ്ക്ക് ചികിത്സ നേടുകയായിരുന്നു ഈ നേഴ്സ്. ഇവർ അവസാനം രോഗത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് രോഗം രണ്ട് പ്രാവശ്യം സങ്കീർണമായതിനെ തുടർന്ന് വീണ്ടും ഇരുവട്ടം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ചികിത്സയുടെ ഒരു ഘട്ടത്തിൽ ജീവന് ഭീഷണിയാകുന്ന തരത്തിൽ വഷളാവുകയും ചെയ്തിരുന്നു.

ഹീത്രോവിൽ വച്ച് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് സ്‌ക്രീനിങ് സ്റ്റാഫിനോട് തന്റെ രോഗവിവരം കാഫെർകീ യഥാസമയം വെളിപ്പെടുത്തിയിരുന്നുവെങ്കിൽ ഈ ബുദ്ധിമുട്ടുകളുണ്ടാവില്ലെന്നാണ് എൻഎംസി കുറ്റപ്പെടുത്തുന്നത്.ഈ ആരോപണങ്ങൾക്കെതിരെ തനിക്ക് പ്രതികരിക്കാനാവുന്നില്ലെന്നാണ് ഇവർ പറയുന്നത്.എബോളയെ തുടർന്ന് മെനിൻജൈറ്റിസ് ബാധിച്ചതിനെ തുടർന്ന് കാഫെർകിയെ ഡ്രൈവിംഗിൽ നിന്നും വിലക്കിയിട്ടുണ്ട്. നിലവിൽ കമ്മ്യൂണിറ്റി നേഴ്സ് എന്ന നിലയിലും അവർക്ക് സേവനമനുഷ്ഠിക്കാനാവില്ല. എബോള ബാധിതരെ ചികിത്സിച്ച മെഡിക്കൽ സ്റ്റാഫുകൾക്ക് നൽകിയിരുന്ന മെഡൽ സ്വീകരിക്കാൻ കാഫെർകീ തയ്യാറായിരുന്നില്ല. തനിക്കെതിരെ അന്വേഷണം നടക്കുന്നതായിരുന്നു ഇതിന് കാരണം. തന്റെ സേവനം തുടരുന്നതിനായി സിയറ ലിയോണിലേക്ക് തിരിച്ച് പോകാൻസാധിക്കുമെന്നാണീ നേഴ്സ് പ്രതീക്ഷിക്കുന്നത്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട കാഫെർകീയുമായി ചർച്ചകൾ നടന്ന് വരുന്നുവെന്നാണ് എൻഎംസി പറയുന്നത്. സെപ്റ്റംബർ 13ന് ഒരു പാനൽ ഈ കേസ് പരിഗണിക്കുന്നുണ്ടെന്നും എൻഎംസി വ്യക്തമാക്കുന്നു.