ന്യൂഡൽഹി: ജോലിയിൽ നിന്നു പിരിച്ചുവിട്ടതിനു പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി നഴ്‌സ് അപകടനില തരണം ചെയ്തു. നഴ്‌സിനെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഇന്നു ഡിസ്ചാർജ് ചെയ്‌തേക്കും. വസന്ത്കുഞ്ച് ഐഎൽബിഎസ് ആശുപത്രിയിലെ നഴ്‌സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വെള്ളിയാഴ്ച വൈകിട്ടു ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോഴാണു പിരിച്ചുവിട്ടുകൊണ്ടുള്ള മാനേജ്‌മെന്റിന്റെ ഉത്തരവ് യുവതിക്കു നൽകിയത്. ഇതോടെ നഴ്‌സുമാർ പ്രതിഷേധം തുടർന്നു. ഇതിനിടെ ആശുപത്രിയിലെ ശുചിമുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചു. ഐഎൽബിഎസ് ആശുപത്രിയിൽ പ്രഥമ ചികിൽസ നൽകിയ ശേഷം ഇവരെ എയിംസിലേക്കു മാറ്റി. പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചു മലയാളികളടക്കമുള്ള നഴ്‌സുമാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇതോടെ, ഐഎൽബിഎസ് ആശുപത്രിയുടെ പ്രവർത്തനം സ്തംഭിച്ചു.

പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നു സഹപ്രവർത്തകർ വ്യക്തമാക്കി. ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാർക്കെതിരെ സ്വീകരിച്ച നടപടികൾ ഡൽഹി സർക്കാർ പരിശോധിക്കണമെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോടു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്നും ആത്മഹത്യാശ്രമം നടത്തിയ നഴ്‌സിനു മാനസിക പിന്തുണ നൽകണമെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ച കാരണം പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

മാനേജ്‌മെന്റ് നടപടികളിൽ അനീതി ആരോപിച്ചു കഴിഞ്ഞ ജൂണിൽ നഴ്‌സുമാർ ഒരു മാസത്തോളം ഇവിടെ സമരം ചെയ്തിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിന് ഇന്നു നിവേദനം സമർപ്പിക്കുമെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു.