കൊച്ചി: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സർക്കാർ അന്തിമ വിജ്ഞാപനമിറക്കുന്നതിന് സ്റ്റേ. ഹൈക്കോടതിയാണ് വിജ്ഞാപനമിറക്കുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്. മാനേജ്മെന്റിന്റെ എതിർപ്പ് മറികടന്നും മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം ഇറക്കാനുള്ള സർക്കാർ ശ്രമത്തിനാണ് കോടതിയുടെ തിരിച്ചടി കിട്ടിയിരിക്കുന്നത്. ഈ മാസം 31ന് തന്നെ വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനപ്രതിനിധികളുടെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ചപ്പോഴും നഴ്‌സുമാരുടെ മാന്യമായ വേതനമെന്ന ആഗ്രഹം ഇപ്പോഴും സ്വപ്‌നമായി തന്നെ നിൽക്കുകയാണ്.

നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഈ മാസം 31നു മുൻപ് പുറപ്പെടുവിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയാൽ ആശുപത്രികൾക്കു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും രോഗികളുടെ ചികിത്സാഭാരം കൂടുമെന്നും മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ വാദം തുടരുമെന്നും വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിടുകയായിരുന്നു.

ശമ്പളവർധന ആവശ്യപ്പെട്ടു നഴ്‌സുമാർ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി വിഷയത്തിൽ ഇടപ്പെട്ടത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ഉത്തരവ് മാർച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് അസോസിയേഷൻ സമരം ഉപേക്ഷിച്ചത്.

ആശുപത്രി മാനേജ്‌മെന്റുകളുടെ ഹർജിയിന്മേൽ തുടർനടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അവസാന വിജ്ഞാപനം 31നു മുൻപു പുറപ്പെടുവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണു തീരുമാനിച്ചത്. ഇതനുസരിച്ചു മാർച്ച് ആറിനു തുടങ്ങാനിരുന്ന സമരം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ മാറ്റിവച്ചിരുന്നു.

ശമ്പള പരിഷ്‌കരണത്തിന്റെ കരട് വിജ്ഞാപനം 2017 നവംബർ 16ന് പുറപ്പെടുവിച്ചതാണ്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രതിമാസവേതനം കുറഞ്ഞത് 20,000 രൂപയാക്കണം. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സർക്കാർ നേരത്തേ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണു വേതനപരിഷ്‌കരണം നടപ്പാക്കുന്നത്.

മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനാൽ ഇപ്പോൾ അന്തിമ വിജ്ഞാപനം ഇറക്കേണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. മധ്യസ്ഥ ചർച്ചകൾ വേഗത്തിലാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. മിനിമം വേതനം സംബന്ധിച്ച് സർക്കാർ ഉത്തരവ് വന്നിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് നഴ്സുമാർ അനിശ്ചിതകാല സമരത്തിന് പദ്ധതിയുണ്ടായിരുന്നു.

സമരം ഹൈക്കോടതി വിലക്കിയതോടെ മാർച്ച് ആറ് മുതൽ അനിശ്ചിതകാല ലീവെടുക്കാനും നഴ്സുമാരുടെ സംഘടനായ യു.എൻ.എ തീരുമാനിച്ചിരുന്നു. തുടർന്നായിരുന്നു സർക്കാർ ഇടപെട്ട് വേതനം സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനം മാർച്ച് 31ന് ഇറക്കുമെന്ന് അറിയിച്ചത്. ഇതാണ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തത്.

വിധിയെ നിയമപരമായി നേരിടുമെന്ന് നഴ്സുമാരുടെ സംഘടനയായ യു.എൻ.എ അറിയിച്ചു. കേസിൽ കക്ഷി ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 10-നായിരുന്നു സമരത്തെ തുടർന്ന് നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 ആക്കി സർക്കാർ ഉത്തരവിറക്കിയത്. ഇത് പല ആശുപത്രികളും നടപ്പിലാക്കിയില്ല.