തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ സ്വകാര്യ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ വഴി നിയമനം ലഭിച്ച നഴ്‌സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസിൽ 31 വരെ ഇളവു നൽകിയ ഉത്തരവ് എത്താൻ വൈകിയതു നഴ്‌സുമാരെ വലച്ചു. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ തീരുമാനം എടുത്തത്. എന്നാൽ വാക്കുമൂലം രണ്ട് ദിവസം മുമ്പ് ഉറപ്പ് ലഭിച്ചെങ്കിലും ഇന്നലെ മാത്രമാണ് ഉത്തരവ് ഇറങ്ങിയത്. ഇതോടെയാണ് ആശങ്കകൾ അകന്നത്.

തീയതി നീട്ടിയെന്ന വാർത്തകൾ കണ്ടു പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ഓഫിസിലും വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ഓഫിസുകളിലും നേരിട്ടും ഫോണിലും അന്വേഷിച്ചു നൂറുകണക്കിനു പേർ എത്തിയെങ്കിലും ഉത്തരവു ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. നാലു മണിയോടെയാണു വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് എത്തിയത്. ഇതോടെ ഇന്നു മുതൽ എമിഗ്രേഷൻ ഇളവിനുള്ള നടപടികൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വേഗത്തെ എമിഗ്രേഷൻ ക്ലിയറൻസ് എടുക്കാനുള്ള നടപടികൾ തുടങ്ങിയാൽ മാത്രമേ മെയ്‌ 31ന് മുമ്പ് അത് സ്വന്തമാക്കാൻ കഴിയൂ. ആയിരക്കണക്കിന് നേഴ്‌സുമാർ എമിഗ്രേഷൻ ക്ലിയറൻസിനായി അപേക്ഷ നൽകാനുണ്ട്.

നിയമപരമായി തൊഴിൽവിസ നേടിയ നഴ്‌സുമാർക്കെല്ലാം എമിഗ്രേഷൻ ക്ലിയറൻസിൽ മെയ് 31 വരെയാണ് കേന്ദ്ര സർക്കാർ ഇളവ് നൽകിയത്. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായ രാജ്യങ്ങളിൽ ജോലിയിൽ പ്രവേശിക്കാനാകാതെ വന്ന, നിയമപരമായ രീതിയിൽ തൊഴിൽ വീസ നേടിയ നഴ്‌സുമാർക്കെല്ലാം അടിയന്തരമായി എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചത്. വാക്കാൽ ഉറപ്പ് കിട്ടിയപ്പോൾ തന്നെ സംസ്ഥന സർക്കാർ വാർത്താകുറിപ്പ് എത്തി. ഇതോടെയാണ് എമിഗ്രേഷൻ ക്ലിയറൻസിനായി നേഴ്‌സുമാർ എമിഗ്രേഷൻ ഓഫീസിൽ എത്തിയത്. ഉത്തരവ് ഇറങ്ങാത്തതു കൊണ്ട് തന്നെ ഒന്നും നടന്നില്ല.

സർക്കാർ ഏജൻസി വഴി മാത്രം നേഴ്‌സുമാരുടെ വിദേശത്തുള്ള ജോലിക്ക് പോക്കിനെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. മെയ് മാസത്തിന് ശേഷം സർക്കാർ ഏജൻസിയിലുടെ പോകുന്നവർക്ക് മാത്രമേ എമിഗ്രേഷൻ ക്ലിയറൻസ് നൽകൂ എന്നായിരുന്നു പ്രഖ്യാപനം.എന്നാൽ ധാരാളം നേഴ്‌സുമാർ അതിന് മുമ്പ് തന്നെ സ്വകാര്യ ഏജൻസികൾ വഴി വിസ നേടിയിരുന്നു. ഇതിൽ പലർക്കും മെയ് മാസത്തിന് മുമ്പ് നാട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകാനും കഴിഞ്ഞില്ല. ഇവർക്കായാണ് എമിഗ്രേഷനിൽ ഇളവ് നൽകുന്നത്. വലിയ തുകകൾ നൽകിയാണ് സ്വകാര്യ ഏജൻസികളിൽ നിന്ന് ഇവരിൽ പലരും വിസ നേടിയത്. അതുകൊണ്ട് തന്നെ എമിഗ്രേഷൻ ക്ലിയറൻസ് കിട്ടില്ലെന്നത് ഇവരെ വിഷമത്തിലാക്കിയിരുന്നു. ഇത് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ഇടപെട്ടത്.

കഴിഞ്ഞ മാസം 30നു ശേഷം സ്വകാര്യ സ്ഥാപനങ്ങൾ വഴി റിക്രൂട്ട് ചെയ്യപ്പെടുന്ന നഴ്‌സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് നൽകില്ലെന്നാണു സർക്കാർ ആദ്യം അറിയിച്ചത്. പക്ഷേ, ഇക്കാര്യത്തിലെ ആശയക്കുഴപ്പംമൂലം ഒട്ടേറെ പേർക്കു തൊഴിൽ ലഭിച്ചിട്ടും വിദേശത്തേക്കു പോകാൻ കഴിയാതെവന്നു. തുടർന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദേശകാര്യ മന്ത്രാലയത്തോടു തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനം ബുധനാഴ്ച വൈകിട്ടു വിദേശമന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചെങ്കിലും ഉത്തരവ് ഇന്നലെ വൈകിട്ടാണ് എത്തിയത്. 18 ഇസിആർ രാജ്യങ്ങളിലേക്കു തൊഴിൽ തേടി പോകുന്ന നഴ്‌സുമാർക്കാണ് ഈ ഇളവു ലഭിക്കുന്നതെന്നും ഇതുവരെ നടന്ന ഇന്റർവ്യൂകളിൽ പങ്കെടുത്തവർക്കും വീസ ലഭിച്ചവർക്കും ജോലിക്കു പോകാൻ സാധിക്കുമെന്നും മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

അംഗീകൃത റിക്രൂട്ടിങ് ഏജൻസികളായ നോർക്ക റൂട്ട്‌സ്, ഒഡെപെക്, ഓവർസീസ് മാൻപവർ കോർപറേഷൻ ഓഫ് തമിഴ്‌നാട് എന്നീ ഏജൻസികളിലൂടെ റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കണമെന്നും നിയമന വിവാദത്തിൽപ്പെട്ട ഏജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മെയ്‌ 31 വരെ മാത്രമേ ഇളവുള്ളൂ. അതുകൊണ്ട് തന്നെ ഇനിയാരും സ്വകാര്യ ഏജൻസികളിൽ നിന്ന് വിസ നേടുന്നത് ഗുണകരമാകില്ലെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളിൽ നഴ്‌സിങ് ജോലി വാഗ്ദാനം നൽകിയുള്ള അറിയിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നു നോർക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജൂൺ് ഒന്നു മുതൽ വിദേശ നഴ്‌സിങ് റിക്രൂട്‌മെന്റിനുള്ള അവകാശം സർക്കാർ ഏജൻസികൾക്കു മാത്രമായിരിക്കെ, ചില സ്വകാര്യ ഏജൻസികൾ ഇപ്പോഴും ഇന്റർവ്യു തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിന് ആഗ്രഹിക്കുന്ന യോഗ്യതയുള്ള നഴ്‌സുമാർക്ക് ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്ത് തുടങ്ങാമെന്നാണ് നോർക്കയുടെ അറിയിപ്പ്. സംസ്ഥാന സർക്കാർ ഏജൻസിയായ ഒ.ഡിപി.സിയുടെ വെബ്‌സൈറ്റിൽ അതിനുള്ള അവസരമുണ്ട്. ഓൺലൈനിൽ ചെയ്യാൻ മടിയുള്ളവർക്ക് നേരിട്ടും പേര് രജിസ്റ്റർ ചെയ്യാം. ഇതിനുള്ള അപേക്ഷാഫോറം തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഒഡെപെക് ഓഫീസിലും മറ്റു ജില്ലകളിൽ അതാതു ജില്ലാ ലേബർ ഓഫീസുകളിലും ലഭ്യമാണ്.

ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04712576314/19 എന്ന നമ്പരിൽ വിളിക്കുകയും ചെയ്യാം. വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് കേരളത്തിലെ നോർക്ക റൂട്ട്‌സ്, ഒഡെപെക് എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കി കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് തുടർന്നാണ് ഇത്. വിദേശ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും നിശ്ചിത യോഗ്യത കരസ്ഥമാക്കിയിട്ടുള്ള തൊഴിൽ അന്വേഷകർക്ക് തൊഴിൽ നേടികൊടുക്കുന്നതിനും വേണ്ടി തൊഴിൽവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒ.ഡി.ഇ.പി.സി.

നാല് കാര്യങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്. ഏപ്രിൽ 30 മുതൽ 18 ഇസിആർ രാജ്യങ്ങളിൽ നഴ്‌സുമാരുടെ നിയമനത്തിനു പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് ഓഫിസുകളിൽ നിന്നുള്ള എമിഗ്രേഷൻ ക്ലിയറൻസ് വേണം. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യെമൻ, സുഡാൻ, അഫ്ഗാനിസ്ഥാൻ, ഇന്തൊനീഷ്യ, സിറിയ, ലബനൻ, തായ്‌ലൻഡ്, ഇറാഖ് എന്നിവയാണ് ഇസിആർ രാജ്യങ്ങൾ. വിദേശത്തു നഴ്‌സുമാരെ ആവശ്യമുള്ള തൊഴിൽ സ്ഥാപനം ഇന്ത്യൻ എംബസികളിൽ രജിസ്റ്റർ ചെയ്യണം.

ഇമൈഗ്രേറ്റ് സംവിധാനത്തിലൂടെ എത്ര നഴ്‌സുമാരെയാണ് വേണ്ടതെന്നും അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് ഇന്ത്യൻ എംബസിയിൽ നിന്ന് സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമില്ല. ഇന്ത്യയിലെ മറ്റേതെങ്കിലും റിക്രൂട്ട്‌മെന്റ് ഏജൻസിക്കു വിദേശത്തുനിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ അവസരം ലഭിച്ചാൽ അവർ പ്രവാസികാര്യ മന്ത്രാലയത്തിൽ നിന്നു പ്രത്യേക അനുമതി തേടണം. ഓരോ രാജ്യത്തിന്റെ കാര്യത്തിലും വെവ്വേറെ അനുമതി വാങ്ങിയിരിക്കണം.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മേഖലയിൽ വ്യാപകമായ ചൂഷണം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ റിക്രൂട്ടിങ് ഏജൻസികളുടെ ചൂഷണത്തിൽനിന്നും തൊഴിൽ അന്വേഷകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സർക്കാർ സംവിധാനം ഒരുക്കുന്നത്. കുവൈറ്റ് പോലുള്ള രാജ്യങ്ങളിലേയ്ക്ക് സ്വകാര്യ ഏജൻസികൾ മുഖാന്തിരം നടന്ന റിക്രൂട്ട്‌മെന്റിൽ വ്യാപകമായി തൊഴിൽ ചൂഷണം നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി നടത്തിയ കൂടിയാലോചനകളുടെ ഫലമായാണ് കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടത്.

കുവൈത്തിൽ ഈയിടെയുണ്ടായ വിവാദങ്ങളാണ് ഇതിലേക്കു വഴി തുറന്നത്. റിക്രൂട്ട്‌മെന്റ് കമ്പനി നഴ്‌സുമാരിനിന്നു ലക്ഷങ്ങൾ കോഴ വാങ്ങിയാണു നിയമനം നടത്തുന്നതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥൻ ട്വിറ്ററിൽ ആരോപിച്ചിരുന്നു. നിയമന അഴിമതിക്കെതിരെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ നേരിട്ടു രംഗത്തുവരികയും ചെയ്തു. കുവൈത്തിൽ റിക്രൂട്ട്‌മെന്റിനു കരാർ ലഭിക്കുന്ന കമ്പനികൾ ഇന്ത്യയിലെ കമ്പനികൾക്ക് ഉപകരാർ നൽകുന്നു. ഇരുകൂട്ടരും ചേർന്നു തുക പങ്കുവയ്ക്കുന്നതാണു രീതി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.