കൊച്ചി: നോർക്ക റൂട്ട്‌സിന്റെയും വിജിലൻസിന്റെയും മേൽനോട്ടത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. അഭിമുഖവും പരീക്ഷയും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളാണ് വിജിലൻസ്, നോർക്ക ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ സ്വകാര്യ ഹോട്ടലിൽ നടന്നത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. ഇതോടെ റിക്രൂട്ട്‌മെന്റ് മാഫിയ മറ്റ് സംസ്ഥാനങ്ങളിലേക്ക് പിടിമുറുക്കുകയാണ്. ഇവിടേയും കബളിപ്പിക്കപ്പെടുന്നത് മലയാളികൾ ആണെന്ന് മാത്രം. ഫിൻലൻഡിലും ബ്രസീലിലും ജോലി വാഗ്ദാനം ചെയ്തു മുംബൈ കേന്ദ്രമായ റിക്രൂട്ടിങ് ഏജൻസി കോടികൾ തട്ടിയെന്ന പരാതി ഉയർത്തുന്നത് മലയാളി നഴ്‌സുമാരാണ്. പ്രോസസിങ് ഫീ ആയി ഓരോരുത്തരിൽനിന്നും മൂന്നരലക്ഷം രൂപ വീതം വാങ്ങിയശേഷം വ്യാജ വീസ നൽകി വഞ്ചിച്ചുവെന്നു ചൂണ്ടിക്കാട്ടി 140 നഴ്‌സുമാർ കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകി. നാലു കോടിയിലേറെ രൂപയാണു നഷ്ടപ്പെട്ടത്.

ഹീലിയോസ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ മുംബൈയിലെ ഖാർ വെസ്റ്റിൽ പ്രവർത്തിച്ചിരുന്ന ഏജൻസിക്കെതിരെയാണു പരാതി. മുംബൈയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്നവരും മുംബൈയിൽ സ്ഥിരതാമസക്കാരുമായ മലയാളി നഴ്‌സുമാരും വഞ്ചിക്കപ്പെട്ടവരിലുണ്ട്. ഇവരിൽ ചിലർ ഖാർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതി എത്തിയതോടെ ഏജൻസി ഓഫിസ് പൂട്ടിയതായി കണ്ടെത്തി. മലയാളികളായ ചിലരെ ഇടനിലക്കാരാക്കി തട്ടിപ്പു നടത്തിയത്. തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുകൾ വഴി പരസ്യം ചെയ്താണ് ഏജൻസി നഴ്‌സുമാരെ ആകർഷിച്ചത്. യൂറോപ്യൻ രാജ്യമായ ഫിൻലൻഡിൽ രണ്ടേമുക്കാൽ ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയും ബ്രസീലിൽ രണ്ടു ലക്ഷം രൂപ ശമ്പളമുള്ള ജോലിയുമായിരുന്നു വാഗ്ദാനം.

ഫിൻലൻഡ് ജോലിക്ക് മൂന്നരലക്ഷം രൂപയും ഫാമിലി വീസയോടു കൂടിയ ബ്രസീൽ ജോലിക്ക് നാലരലക്ഷം രൂപയുമായിരുന്നു പ്രോസസിങ് ഫീസായി ആവശ്യപ്പെട്ടിരുന്നത്. ജോലിക്കു താൽപര്യം പ്രകടിപ്പിച്ചു വിളിച്ചവരെ റജിസ്‌ട്രേഷൻ ഫീസ് ഈടാക്കിയശേഷം ടെലിഫോണിക് ഇന്റർവ്യൂ നടത്തി. ഫിൻലൻഡിലെ എംഡി യൂറോപ്പ് എന്ന റിക്രൂട്ടിങ് സ്ഥാപനവും ബ്രസീലിലെ മെഡ് അഡ്വൈസറി ഗ്രൂപ്പ് എന്ന സ്ഥാപനവുമാണു തങ്ങളുടെ ഏജൻസി വഴി നഴ്‌സുമാരെ കൊണ്ടുപോകുന്നത് എന്നായിരുന്നു ധരിപ്പിച്ചിരുന്നത്. ഫിൻലൻഡിൽനിന്നും ബ്രസീലിൽനിന്നുമുള്ള ടെലിഫോൺ കോളുകൾ വഴിയായിരുന്നു ഇന്റർവ്യൂ. ഇതിനുശേഷം ഓഫർ ലെറ്ററും വീസയും ഇ മെയിലിൽ അയച്ചു നൽകി. മൂന്നരലക്ഷം രൂപവരെയാണ് ഓരോരുത്തരും നൽകിയത്.

വീസയും പാസ്‌പോർട്ടും ബയോമെട്രിക് ഓതന്റിഫിക്കേഷനു വിധേയമാക്കാനായി ഉടൻ അയച്ചു തരാമെന്നു ധരിപ്പിച്ചെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും ഇവ ലഭിച്ചില്ല. ഇതോടെ ഇ മെയിൽ വഴി അയച്ച വീസ വ്യാജമാണെന്നും കണ്ടെത്തി. ഏജൻസി ഓഫിസ് പൂട്ടിയെങ്കിലും ഉടമ ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടെന്നാണു വിവരം. ഫോർട്ട് കൊച്ചി സ്വദേശി റെയ്ഗൻ പള്ളുരുത്തി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണു തട്ടിപ്പിന് ഇരയായ മറ്റുള്ളവരും പരാതിയുമായി എത്തിയത്. പള്ളുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പരാതി മുംബൈ പൊലീസിനു കൈമാറുകയായിരുന്നു. കൊച്ചിയിൽ സിറ്റി പൊലീസിന്റെ ഓപ്പറേഷൻ ഓവർസീസ് എന്ന പേരിലുള്ള പരിശോധനയെത്തുടർന്ന് ഒട്ടേറെ അനധികൃത റിക്രൂട്ടിങ് ഏജൻസികൾ അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് ഡയറക്ടറും ഇതിൽ ഇടപെട്ടത്.

വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റിൽ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പുകളും ലക്ഷങ്ങളുടെ കോഴയും ചൂഷണവും നടന്നതോടെ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഗൾഫിലേക്കുൾപ്പെടെ 18 രാജ്യങ്ങളിലേക്കുള്ള നഴ്‌സ് നിയമനം നോർക്ക ഉൾപ്പെടെയുള്ള നാല് സർക്കാർ ഏജൻസികൾക്ക് മാത്രം നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. നോർക്ക റൂട്‌സിന്റെ പുതിയ സിഇഒ: വി. ഭൂഷൺ സർക്കാരിന് നൽകിയ ശിപാർശ പ്രകാരമാണ് നടപടിക്രമങ്ങൾ വിജിലൻസിന്റെ നിരീക്ഷണത്തിലാക്കിയത്. ഇതോടെയാണ് റിക്രൂട്ട്‌മെന്റ് മാഫിയ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയത്.