ന്യൂഡൽഹി: വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസികൾ വഴിയാക്കിക്കൊണ്ടുള്ള വിജ്ഞാപനത്തിന് എങ്ങും കൈയടിയാണ് ലഭിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ ഉദ്ദേശിച്ചത് പോലെയല്ല കാര്യങ്ങൾ നടന്നത്. ഉതുപ്പ് വർഗ്ഗീസ് പോലുള്ള മാഫിയകളുടെ ഇടപെടലിന് അപ്പോഴും തടയിടാനായില്ല. ഇതിനൊപ്പം സർക്കാർ ഏജൻസികൾക്ക് വിദേശത്ത് ജോലിയാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് വേണ്ടത്ര സേവനം നൽകാനും കഴിഞ്ഞില്ല. റിക്രൂട്ട്‌മെന്റെ മാഫിയയ്ക്ക് ഒപ്പം ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളി കൂടിയായപ്പോൾ നഴ്‌സിങ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നീക്കം പാളി.

ഈ സാഹചര്യത്തിൽ വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസികൾ വഴിയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുകയാണ്. ഉദ്യോഗാർഥികളുടെയും സ്വകാര്യ റിക്രൂട്ടിങ് ഏജൻസികളുടെയും ആവശ്യങ്ങൾകൂടി പരിഗണിച്ചായിരിക്കും വിജ്ഞാപനം ഭേദഗതി ചെയ്യുക. നഴ്‌സ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണു പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ഇക്കാര്യം ഡൽഹി ഹൈക്കോടതയിെ അറിയിച്ചത്. വിദേശത്തെ സ്വകാര്യ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാരുടെ ജോലി സുരക്ഷ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. പലരിൽ നിന്നും മാഫിയ കാശ് തട്ടിയെടുത്ത ശേഷം വഞ്ചിക്കുന്നതും പതിവായിരുന്നു. ഇത് കണക്കിലെടുത്താണ് റിക്രൂട്ട്‌മെന്റെ സർക്കാർ ഏജൻസി വഴിയാക്കിയത്.

കഴിഞ്ഞ വർഷം മാർച്ച് 12 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസികൾ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, വിദേശത്ത് വളരെയേറെ ജോലിസാധ്യതകളുണ്ടാവുകയും അതിനനുസരിച്ച് റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കാൻ സർക്കാർ ഏജൻസികൾക്കു സാധിക്കാതെ വരികയും ചെയ്തു. നിരവധി നഴ്‌സുമാർക്ക് വിദേശജോലി അവസരം നഷ്ടപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ നഴ്‌സുമാർ വിദേശജോലിക്കു ശ്രമിക്കുന്ന കേരളം പലവട്ടം കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ സമീപിച്ച് പരാതി ഉന്നയിച്ചിരുന്നു. പല ഗൾഫ് രാജ്യങ്ങളും സർക്കാർ ഏജൻസികൾ വഴി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് മടിക്കുകയും ചെയ്തു. ഇതോടെയാണ് പദ്ധതിയുടെ താളം തെറ്റിയത്.

നിരവധി പേർക്ക് ജോലി അവസരം നഷ്ടപ്പെടുകയും ചെയ്തു.. ഇതോടെ പരാതി പ്രവാഹമായി. കേരളം പരാതിയുമായെത്തി. ഇതിനുശേഷം കേരളം സന്ദർശിച്ച പ്രാട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് കേന്ദ്രത്തിനു റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് വിജ്ഞാപനത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. അതിനിടെ ഉദ്യോഗാർഥികളും സ്വകാര്യ ഏജൻസികളും കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രമക്കേടുകൾ നടത്തുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ടെന്നിരിക്കെ ഒറ്റയടിക്ക് എല്ലാ ഏജൻസികൾക്കും വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് റിക്രൂട്ട്‌മെന്റ് ഏജൻസികൾ കോടതിയിൽ വാദിച്ചു. ഈ മാസം 27 ന് കോടതി വീണ്ടും കേസ് പരിഗണിക്കും.

കേരള സർക്കാരിന്റെ നോർക്ക, ഒഡെപെക്, തമിഴ്‌നാട് ഓവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ് എന്നിവയിലൂടെ മാത്രമേ നഴ്‌സുമാരെ 18 ഇസിആർ രാജ്യങ്ങളിലേക്കു റിക്രൂട്ട് ചെയ്യാൻ പാടുള്ളൂവെന്നും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ഓഫിസിൽനിന്ന് അനുമതി വേണമെന്നും കഴിഞ്ഞ വർഷം മാർച്ചിലാണു പ്രവാസികാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ ഈ ഏജൻസികൾക്ക് കാര്യക്ഷമമായ ഇടപെടൽ നടത്തനായില്ല. ഈ സാഹചര്യത്തിലാണ് മാറ്റം. ആദ്യം സൗദി അറേബ്യയിലേക്കും തുടർന്നു മറ്റ് ഇസിആർ രാജ്യങ്ങളിലേക്കും സ്വകാര്യ ഏജൻസികൾക്കുള്ള റിക്രൂട്‌മെന്റ് അനുമതി പുനഃസ്ഥാപിക്കും.

എന്നാൽ, നഴ്‌സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കിയ വ്യവസ്ഥ മാറ്റില്ലെന്നും പിജിഒഇ വിശദീകരിച്ചു. പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ എംകെ ടൂർസ് ആൻഡ് ട്രാവൽസ്, ഹിബ എക്‌സ്പോർട്സ്, അസോസിയേഷൻ ഓഫ് ഓവർസീസ് റിക്രൂട്ടിങ് ഏജന്റ്‌സ്, സോണിയ ഇന്റർനാഷനൽ തുടങ്ങിയവ നൽകിയ ഹർജികളാണു ജസ്റ്റിസ് മന്മോഹന്റെ ബെഞ്ച് പരിഗണിച്ചത്. പിജിഒഇ വ്യക്തമാക്കിയ നടപടികളിലെ പുരോഗതി, 27നു കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കും. കഴിഞ്ഞ വർഷത്തെ ഉത്തരവുമൂലമുണ്ടായ പ്രതിസന്ധി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് ഉൾപ്പെടെയുള്ളവരുമായി താൻ ചർച്ചചെയ്‌തെന്നും പിജിഒഇ കോടതിയിൽ പറഞ്ഞു.

വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ഓഫിസുകൾ നേരിടുന്ന പ്രശ്‌നങ്ങളും അദ്ദേഹം വിശദീകരിച്ചു. ഇതും ിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസികൾ വഴിയാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അട്ടിമറിച്ച ഘടകമാണ്.