കണ്ണൂർ: ബാധിച്ച് കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ലാത്ത പേ വിഷബാധയെപ്പറ്റി ബോധവത്ക്കരണം നടത്താറുണ്ടെങ്കിലും ഇപ്പോഴും പല കുട്ടികളിലേക്കും അത് എത്തിയിട്ടില്ല്. കണ്ണൂരിൽ കഴിഞ്ഞ ദിവസം ഒരു ആറാക്ലാസ്‌കാരി പേ വിഷബാധയേറ്റ് മരിച്ചു. ഇത് ചൂണ്ടിക്കാട്ടി നായയോ പൂച്ചയോ കടിച്ചാലോ മാന്തിയാലോ അത് മറച്ച്വെക്കരുതെന്നും ഉടൻ റാബീസ് ഇൻജക്ഷൻ എടുക്കണമെന്നും പറഞ്ഞ് ഒരു നഴ്സിന്റെ ശബ്ദ സന്ദേശം നവമാധ്യമങ്ങളിൽ വൈറലാണ്. അജ്ഞതയും അവഗണയും എത്രമാത്രം അപകടം ഉണ്ടാക്കുമെന്ന് ഈ സന്ദേശം വ്യക്തമാക്കുന്നു.

വാട്സാപ്പിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം ഇങ്ങനെയാണ്

'ഈ കുട്ടി നമ്മുടെ കാഷ്വാലിറ്റിയിൽ വന്നിരുന്നു. ചെറിയ മോളാണ്, രാത്രി എന്തെല്ലാമോ അസ്വസ്ഥതയുണ്ടായിട്ട് കൂട്ടിക്കൊണ്ടുവന്നതാണ്.പക്ഷേ വന്നപ്പോൾ തന്നെ വെള്ളത്തിന് ഇങ്ങനെ ചോദിച്ചോണ്ട് ഇരിക്കയാണ്. പക്ഷേ വെള്ളം കൊടുക്കുമ്പോൾ തട്ടിക്കളയുന്നുമുണ്ട്. അപ്പോൾ തന്നെ ഒരു സംശയം ഡ്യൂട്ടി ഡോക്ടർക്ക് തോന്നി. സൈക്യാട്രിസ്റ്റിന്റെ പേഷ്യന്റായിട്ടാണ് കുട്ടി വന്നത്. സാറ് ആരോ പറഞ്ഞത് അനുസരിച്ച് ഇവിടെ വരാൻ പറഞ്ഞതാണ്. ഇത് അഞ്ചുമിനിട്ട് കഴിയുമ്പോൾ കൂളായിട്ട് സംസാരിക്കുന്നുണ്ട്. അേമ്മ എനിക്ക് എന്തെല്ലാമോ ആവുന്നു, അമ്മേ എനിക്ക് ആ കഥ പറഞ്ഞു തരണേ എന്നൊക്കെ. ഞാൻ അറിയാതെ പറഞ്ഞുപോകുന്നതാണ്, അതുകൊണ്ട് എന്നോട് ദേഷ്യം തോന്നരുതേ എന്നൊക്കെ. എന്റെ രോഗം മാറിയാൽ പണ്ടെത്തപ്പോലെ തന്നെ എന്നോട് സ്നേഹം കാണിക്കണണേ, ഞാൻ എന്തെല്ലാമോ ചെയ്തുപോകുന്നു എന്നൊക്കെ കുട്ടി പറയുന്നുണ്ട്. പെട്ടന്ന് കുട്ടിയുടെ ഭാവം മാറും. ആകെ ഭ്രാന്തിളകിയപോലെ കളി കളിക്കും. അതു കഴിഞ്ഞിട്ട് അഞ്ചു മിനുട്ടു കഴിഞ്ഞാൽ സാധാരണപോലെ കൂൾ ആവും. സാധാരണ നമുക്ക് സൈക്കാട്രിയിൽ വന്നാൽ ഇഞ്ചക്ഷനും മറ്റും കൊടുത്ത് ഉറക്കാമല്ലേ. പക്ഷേ കുട്ടി കാറ്റത്ത് ഇരിക്കുന്നേയില്ല. ഫാൻ ഇട്ടപ്പോൾ ഭയങ്കരമായി എന്തെല്ലോ കളി കളിക്കുന്നു.

ഇവര് ഹിസ്റ്റി ചോദിച്ചു. എന്തെങ്കിലു നായ കടിക്കയോ പൂച്ചമാന്തുകയോ ചെയ്തിട്ടുണ്ടോയെന്ന്. മൂന്നുമാസം മുമ്പേ തോട്ടത്തിലോ മിറ്റത്തോ നിൽക്കുന്ന നേരം കുട്ടിയെ നായ മാന്തുകയോ കടിക്കുകയോ ചെയ്തിരുന്നു. കാലിന് പോറൽ കണ്ടിരുന്നു. പക്ഷേ ഇഞ്ചക്ഷൻ വെക്കും എന്നുപേടിച്ച് മുള്ള് തട്ടി മുറിഞ്ഞതാണെന്നാണ് കുട്ടി പറഞ്ഞത്. എന്നിട്ട് കുറേ ദിവസം കഴിഞ്ഞപ്പോൾ ആണ് നായ മാന്തിയതാണെന്ന് പറഞ്ഞത്. പിന്നെ പത്തു ദിവസം പതിനഞ്ച് ദിവസവും ആണെല്ലോ നാം സാധാരണ പറയാറ്. അത് വിചാരിച്ച് അവർ അത് അവഗണിച്ചു. ഇപ്പോൾ ഇന്നലെ മൂന്നുമാസം ആവുകയാണ്. ശരിക്കും മൂന്നുമാസം റാബീസ് വരാനുള്ള ഒരു പീരീഡ് ആണ്. ആ കുട്ടിക്ക് ഇന്നലെ പേയിളകി. അപ്പോൾ തന്നെ നമ്മൾ സൈക്കാട്രിസ്റ്റിനെ വിളിച്ച് അപ്പോൾ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെ വെച്ച് രാത്രി കുട്ടി മരിക്കയായിരുന്നു. സെന്റ് തേരസാസിൽ പഠിക്കുന്ന മോളാണ്. ആറാംക്ലാസിൽ. എന്റെ അനുഭവത്തിൽ ഇത് രണ്ടാമത്തെ കേസാണ്.

25 കൊല്ലമായി ഞാൻ ജോലി ചെയ്യുന്നു. ഈ നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുക എന്നത് ഖേദകരമാണ്. അതുകൊണ്ട് ആരുടെ വീട്ടിൽ ആയാലും, പൂച്ചയോ നായയോ മാന്തുകയോ നഖം തട്ടുകയോ ചെയ്താൽ സൂക്ഷിക്കണം. നമ്മൾ നടന്നുപോകുമ്പോൾ ചിലപ്പോൾ പൂച്ചയുടെ ചന്തിക്ക് ഒരു തട്ട് കൊടുക്കുകയൊക്കെ ചെയ്യാറുണ്ട്. ശരിക്കും അങ്ങനെ ഒന്നും ചെയ്യരുത്. കഴിഞ്ഞ തവണ മരിച്ച മോൻ പൂച്ചയെയോ നായയെയോ തൊടുകപോലും ചെയ്യില്ലായിരുന്നു. വീട്ടിലൂടെ നടക്കുമ്പോൾ കാലിനെകൊണ്ട് തട്ടിയതാണ്. നഖം കൊണ്ട് പോറി. അങ്ങനെയാണ് ആ കുട്ടിക്ക് പേയിളകിയത്. പൂച്ച രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നുവെന്നതാണ് അവരുടെ വീട്ടിലെ ഹിസ്റ്ററി.

ഇത്രയും പുരോഗമിച്ച നമ്മുടെ നാട്ടിൽ കുട്ടികൾ ഇങ്ങനെ മരിച്ചുകൊണ്ടിരിക്കയാണ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും ശ്രദ്ധിക്കണം. ആരെ വീട്ടിൽ എന്തു സംഭവിച്ചാലും, പറയണം. അപ്പോൾ തന്നെ റാബീസ് ഇൻജക്ഷൻ എടുക്കണം. നമ്മൾ സംശയിച്ച് നിൽക്കയേ ചെയ്യരുത്. ഈ കുഞ്ഞ് പേടിച്ച് പറയാതിരുന്നതായിരിക്കും. പൊക്കിളിന്റെ അടുത്ത് ഇഞ്ചക്ഷൻ വെക്കും എന്നൊക്കെ പറയാറില്ലേ പണ്ടെത്തെ ആൾക്കാർ. അതുകൊണ്ട് ആരും ഇൻജക്ഷൻ വെക്കുമെന്ന് പേടിച്ച് പറയാതിരിക്കുരുത്. എല്ലാവരും ശ്രദ്ധിക്കണം. '