- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരന് ജീവൻ നൽകിയ മാലാഖ; പൾസില്ലെന്ന് മനസിലായപ്പോൾ നഴ്സായ അശ്വതി സിപിആർ നൽകിയത് അഞ്ചു മാസം ഗർഭിണിയെന്ന കാര്യം പോലും മറന്ന്; അതിവേഗം ആശുപത്രിയിലേക്ക് ബസ് പായിച്ചു കെ.എസ്.ആർ.ടി.സി ജീവനക്കാരും; ജീവൻ രക്ഷിച്ച അശ്വതിയുടെ ഇടപെടലിന് കൈയടി
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ യാത്രക്കാരന് നഴ്സായ സഹയാത്രികയുടെ കാരുണ്യ സ്പർശം. ഗുരുതരാവസ്ഥയിലായ യാത്രക്കാരനെയും കൊണ്ട് ആശുപത്രി വരെ നിർത്താതെ ഓടി കെ.എസ്.ആർ.ടി.സി ജീവനക്കാരും. കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സായ മുളവന സ്വദേശി അശ്വതി ശരതാണ് കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞു വീണ് മരണത്തിന്റെ വക്കിലെത്തിയ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. കൊല്ലം കെ.എസ്.ആർ.ടി.സി ജീവനക്കാരായ കണ്ടക്ടർ കുണ്ടറ സ്വദേശി റോജിയും ഡ്രൈവർ കാവനാട് സ്വദേശി ടി.ആർ രതീഷുമാണ് യാത്രക്കാരനെയും കൊണ്ട് ആശുപത്രിയിലേക്ക് ബസ് പറപ്പിച്ചത്. ആശുപത്രിയിലെത്തിച്ച യാത്രക്കാരൻ അപകട നില തരണം ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ കൊല്ലത്തു നിന്നും തെങ്കാശിക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടിസി ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. സംഭവത്തെ പറ്റി നഴ്സ് അശ്വതി പറയുന്നതിങ്ങനെ; 'സെക്കന്റ് ഷിഫ്റ്റ് കഴിഞ്ഞ് സ്ഥിരമായി വീട്ടിലേക്ക് പോകുന്നത് 7.45 നുള്ള തെങ്കാശി ഫാസ്റ്റ് പാസഞ്ചറിനാണ്. ഇന്നലെ ബസിന്റെ മുൻ സീറ്റിലായിരുന്നു ഇരുന്നത്. നല്ല തിരക്കുമുണ്ടായിരുന്നു. ബസ് മാമൂട് എത്തിയപ്പോഴാണ് ബസിന്റെ പിൻവശത്തിരുന്ന യാത്രക്കാരിൽ ഒരാൾ ബോധ രഹിതനായി സീറ്റിൽ നിന്നും താഴേക്ക് വീണു എന്ന് കണ്ടക്ടർ ഡ്രൈവറോട് വന്ന് പറയുന്നത് കേട്ടത്. മദ്യപിച്ചിട്ടുണ്ട് എന്ന സംശയം പറഞ്ഞു. പിന്നീട് അദ്ദേഹം പിന്നിലേക്ക് പോകുകയും ചെയ്തു. അൽപ്പ സമയം കഴിഞ്ഞപ്പോൾ ആരെങ്കിലും നഴ്സുമാരുണ്ടെങ്കിൽ ഒന്നു വേഗം വരാമോ എന്ന് കണ്ടക്ടർ ചോദിക്കുന്നതു കേട്ടു. ഞാൻ വേഗം തന്നെ പിന്നിലേക്ക് ചെന്നു. താഴെ വീണു കിടക്കുന്ന ആളുടെ മുഖത്ത് ചോര വരുന്നു. കൈയിലും കഴുത്തിലും പരിശോധിച്ചപ്പോൾ പൾസില്ല.
സി.പി.ആർ കൊടുത്തില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പായി. 5 മാസം ഗർഭിണിയായ ഞാൻ എങ്ങനെ സി.പി.ആർ കൊടുക്കും. എന്റെ ഉള്ളിലെ നഴ്സ് ഉണർന്നു. ഗർഭിണിയാണെന്നുള്ള ചിന്ത മാറ്റി വച്ചു. താഴേക്ക് മുട്ടു കുത്തി നെഞ്ചിൽ കൈകൾ അമർത്തി. ശക്തമായ അമർത്തലിൽ ശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് അയാൾ കണ്ണുകൾ തുറന്നു. ഈ സമയം കൊണ്ട് കണ്ടക്ടറുടെ നിർദ്ദേശ പ്രകാരം ഡ്രൈവർ ബസ് എങ്ങും നിർത്താതെ ആശുപത്രി തേടി ഓടുകയായിരുന്നു. ഒടുവിൽ കുണ്ടറ എൽ.എം.എസ് ആശുപത്രിയിലേക്ക് ബസ് കയറി. വേഗം തന്നെ അത്യാഹിത വിഭാഗത്തിലേക്ക് കയറ്റി. പിന്നീട് എന്റെ ഭർത്താവ് വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തിയ ശേഷം ആശുപത്രിയിൽ വിളിച്ചപ്പോൾ അപകട നില തരണം ചെയ്തുവെന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും അറിഞ്ഞു. ഇന്ന് രാവിലെ തന്നെ അദ്ദേഹം ഡിസ് ചാർജ്ജായി പോകുകയും ചെയ്തു.'
ജില്ലാ ആശുപത്രിയിൽ എല്ലാ ദിവസവും നൽകുന്ന 'കോഡ് ബ്ലൂ' പരിശീലനമാണ് ഇത്തരത്തിൽ വളരെ വേഗം തന്നെ അശ്വതിക്ക് സി.പി.ആർ നൽകാൻ സഹായകമായത്. 5 മാസം ഗർഭിണിയായ അശ്വതി ഏറെ ശ്രദ്ധയോടെ ഇരിക്കേണ്ട സമയമായിരിന്നിട്ടുകൂടി അത് വകവയ്ക്കാതെ ഒരു ജീവൻ രക്ഷിക്കാൻ ഇടപെട്ടതിനാണ് നാട് കയ്യടിക്കുന്നത്. യാത്രക്കാരൻ നിലത്തു വീണിട്ട് മറ്റു യാത്രക്കാരാരും അയാളെ എഴുന്നേൽപ്പിക്കാനോ മറ്റും തയ്യാറാകാതിരുന്നത് ഏറെ ഞെട്ടലുണ്ടാക്കിയെന്നും അശ്വതി മറുനാടനോട് പറഞ്ഞു. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഇടപെടൽ സ്തുത്യർഹ്യമായിരുന്നു എന്നും അശ്വതി പറഞ്ഞു. 2010 ൽ കൊല്ലം വി.എൻ.എസ്.എസ് കോളേജ് ഓഫ് നഴ്സിങ്ങിൽ പഠനം പൂർത്തിയാക്കിയ ശേഷം 2020 ഒക്ടോബറിലാണ് അശ്വതി ജില്ലാ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. മുളവന അനിതാലയത്തിൽ ശരത് ബാബുവാണ് ഭർത്താവ്. ഏഴു വയസ്സുകാരി എസ്.അഗമ്യ മകളാണ്.
അശ്വതിയുടെ അവസരോചിതമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായത് എന്ന് കണ്ടക്ടർ റോജി പറഞ്ഞു. കൂടാതെ ഡ്രൈവർ രതീഷ് വളരെ വേഗം തന്നെ ബസ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. റോജി 4 വർഷമായി കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറാണ്. രതീഷ് 9 വർഷമായും ജോലി ചെയ്യുന്നു. ആശുപത്രിയിലെത്തിച്ച ശേഷം ഇരുവരും പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചിരുന്നു. പിന്നീട് ഇന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ കാണാൻ എത്തിയെങ്കിലും യാത്രക്കാരൻ ആശുപത്രി വിട്ടിരുന്നു. ഈ സംഭവം അശ്വതിയുടെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചതോടെയാണ് സത്പ്രവർത്തി നാടറിഞ്ഞത്. ഇതോടെ ഇവർക്ക് അഭിനന്ദന പ്രവാഹമാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.