കൊച്ചി: കേരളത്തിലെ നഴ്‌സുമാരുടെ ശമ്പളവർധനാ വിഷയത്തിൽ ഇന്ന് കൊച്ചിയിൽ നടന്ന ചർച്ച പരാജയപ്പെട്ടു. ഇതോടെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ഇറങ്ങുമെന്നും ഏകദേശം ഉറപ്പായി. ചർച്ചയിൽ ഉടനീളം നഴ്സുമാരെ കുറ്റപ്പെടുത്തിയുള്ള ആശുപത്രി മാനേജ്മെന്റ് നിലപാടിൽ ഉറച്ച് നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. നഴ്സുമാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറഞ്ഞ സർക്കാരും അവരെ കൈവിട്ട അവസ്ഥയിലാണ്. ഏപ്രിൽ 20 മുതൽ വീണ്ടും കേരളത്തിലെ നഴ്‌സുമാർ വീണ്ടും സമരത്തിനിറങ്ങുമെന്നും യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ മറുനാടനോട് പറഞ്ഞു.

 സർക്കാർ പ്രഖ്യാപിച്ച മിനിമം വേജസ് അനുവദിച്ചില്ലെങ്കിൽ ഏപ്രിൽ 20 മുതൽ സംസ്ഥാനമൊട്ടാകെയുള്ള സ്വകാര്യ ആശുപത്രികൾ സ്തംഭിപ്പിച്ച് സമരമാരംഭിക്കുമെന്ന് നഴ്സുമാരുടെ സംഘടനകൾ. യുഎൻഎ, ഐഎൻഎ, എഐടിയുസി, സിഐടിയു തുടങ്ങിയ സംഘടനകൾ കൂട്ടായെടുത്ത തീരുമാനമാണിത്. കൊച്ചിയിൽ നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുന്നതുസംബന്ധിച്ച് നടന്ന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. ഉച്ചയ്ക്ക് രണ്ട് മണിക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ നഴ്സുമാരുടെ സംഘടനകളും ആശുപത്രി മാനേജ്മെന്റ് അസോസിയേഷനും ലേബർ കമ്മീഷണറും ഹൈക്കോടതി നിയോഗിച്ച അംഗങ്ങളും പങ്കെടുത്തു.

കെ.പി.എച്ച്.എ, ക്യൂ.പി.എംപി.എച്ച്.എ, സി.എച്ച്.എ.ഐ, ഐ.എം.എ ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യ, കെ.പി.എം.എ എന്നീ ഹോസ്പിറ്റൽ മാനേജ്‌മെന്റ് സംഘടനകളും യു.എൻ.എ, ഐ.എൻ.എ, എ.ഐ.ടി.യു.സി, സിഐടി.യു എന്നീ തൊഴിലായി സംഘടനകളുമാണ് ചർച്ചയിൽ പങ്കെടുത്തത്. രാവിലെ പത്തരയ്ക്ക് തീരുമാനിച്ച ചർച്ച ഹൈക്കോടതിയിൽ നിന്നുമുള്ള മദ്ധ്യസ്ഥരുടെ നിയമനത്തിൽ താമസം നേരിട്ടതോടെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആരംഭിച്ചത്. ലേബർ കമ്മീഷണർ എ.അലക്‌സാണ്ടറുടെ സാന്നിധ്യത്തിലായിരുന്നു.

സർക്കാർ പറയുന്ന മിനിമം വേജസ് കൊടുക്കാൻ തയ്യാറല്ലെന്ന നിലപാടാണ് ചർച്ചയിലുടനീളം മാനേജ്മെന്റ് പ്രതിനിധികൾ കൈക്കൊണ്ടത്. നിലവിൽ നൽകുന്നതിനേക്കാൾ കുറച്ചുകൂടി കൂടുതൽ ശമ്പളം കൊടുക്കാൻ തയ്യാറാണെന്നു മാത്രമായിരുന്നു അവരുടെ നിലപാട്. എന്നാൽ അത് മിനിമം വേജസിനൊപ്പം എത്തില്ല. വലിയ ആശുപത്രികളിൽ മാത്രമേ മിനിമം വേജസ് കൊടുക്കാൻ പറ്റൂവെന്നും മാനേജ്മെന്റ് അസോസിയേഷൻ പറഞ്ഞു. ഇനിയും ശമ്പളം കൂട്ടിയാൽ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടുമെന്നും നഴ്സുമാരുടെ തൊഴിൽ നഷ്ടമാകുമെന്നും പ്രതിനിധികൾ പരോക്ഷമായി ഭീഷണിപ്പെടുത്തി.

ഇതോടെയാണ് മിനിമം വേജസ് ഉറപ്പാക്കി സർക്കാരിന്റെ അവസാന നോട്ടിഫിക്കേഷൻ ഇറങ്ങിയില്ലെങ്കിൽ ഏപ്രിൽ 20 മുതൽ സമരം ചെയ്യാൻ നഴ്സുമാർ തീരുമാനിച്ചത്. ഇതുവരെ കണ്ട സമരങ്ങളിൽ നിന്ന് വിഭിന്നമായി എല്ലാ സംഘടനകളും ചേർന്ന് ഒറ്റക്കെട്ടായുള്ള സമരമാകും ഇനിയുണ്ടാവുക. അതേ സമയം ഇന്ന് നടന്ന ചർച്ചയിൽ സർക്കാർ പുറപ്പെടുവിച്ച മിനിമം വേതനം സ്റ്റേ ചെയ്തത് ഹോസ്പിറ്റൽ മാനേജ്‌മെന്റ് പിൻവലിക്കണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ഫലപ്രദമായ ചർച്ചയ്ക്ക് വഴിയുണ്ടാകൂ. അടുത്ത മാസം സർക്കാർ പുറത്തിറക്കാനിരിക്കുന്ന വിജ്ഞാപനം വരും മുൻപ് ഒരു ഒത്തു തീർപ്പിനും തങ്ങൾ തയ്യാറല്ല എന്നും തൊഴിലാളി സംഘടനകൾ പറഞ്ഞു.

മിനിമം വേതനം സംബന്ധിച്ച സമവായത്തിലെത്തുന്നതിനായാണ് നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയത്. 35 ശതമാനത്തിൽ കൂടുതൽ വേതന വർധനവ് നഴ്‌സുമാർക്ക് നൽകാനാവില്ലെന്ന് മാനേജുമെന്റുകൾ യോഗത്തിൽ നിലപാടെടുത്തു. മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ ഇറക്കണമെന്ന് നഴ്‌സുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. മിനിമം വേതനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന വ്യക്തമാക്കി. അല്ലെങ്കിൽ ഏപ്രിൽ 20 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഇവരുടെ സംഘടനകൾ അറിയിച്ചു.

മിനിമം വേതനത്തിൽ സർക്കാർ വിജ്ഞാപനത്തെ അംഗീകരിക്കുന്നില്ലെങ്കിൽ മാനേജ്‌മെന്റ് കോടതിയിൽ പോകെട്ടയെന്നും സംഘടന സർക്കാറിനെ അറിയിച്ചു. 200 കിടക്കകൾക്ക് മുകളിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടെ ശമ്ബളം നൽകണമെന്നും 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 20,000 രൂപ ശമ്ബളം നൽകണമെന്നുമാണ് വിഷയം പഠിക്കുന്നതിനായി സർക്കാർ നിയമിച്ച സമിതിയുടെ ശുപാർശയെന്നാണ് വിവരം.

കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ തീരുമാനം എടുത്തത്. മുഖ്യമന്ത്രി വാക്കു നൽകി വർഷം ഒന്ന് കഴിഞ്ഞിട്ടും സംസ്ഥാനത്തെ മികച്ച സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാരുടെ അവസ്ഥ മാറിയില്ല. ചില ആശുപത്രികൾ ശമ്പളം വർദ്ധിപ്പിച്ചു നല്കിയപ്പോൾ മറ്റു ചില പ്രമുഖ ആശുപത്രികൾ കടുംപിടുത്തം തുടർന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് നഴ്സുമാരുടെ ശമ്പള കാര്യത്തോടെ മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം മുഖം തിരിച്ചു നടന്നു.

17,200 രൂപയാണ് സർക്കാർ നിർദ്ദേശിച്ച കുറഞ്ഞ ശമ്പളം. എന്നാൽ ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ നിലപാട്. ഇതേസമയം, സംസ്ഥാന സർക്കാർ 2013ൽ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും ഇപ്പോഴും നഴ്സുമാർക്കു നൽകുന്നില്ലെന്നു ലേബർ കമ്മിഷണർ കണ്ടെത്തിയത്. ജനറൽ നഴ്സുമാർക്കു 11,000 രൂപയും ബിഎസ്സി നഴ്സുമാർക്കു 12,000 രൂപയും നിശ്ചയിച്ചാണു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. ഇതു നടപ്പാക്കാൻ ആശുപത്രി മാനേജ്മെന്റുകൾ ഇനിയും തയാറായിട്ടില്ലെന്നു സർക്കാരിനു കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ 10നു ചേർന്ന ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചപ്രകാരം ശമ്പളം നൽകാമെന്നാണു സ്വകാര്യ ആശുപത്രികൾ സമ്മതിച്ചിരിക്കുന്നത്.

മാർച്ച് 31ന് മുമ്പായി ശമ്പള വർദ്ധനവിൽ സർക്കാർ ഉത്തരവിറക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ, അവിടെയും വെല്ലുവിളിയായി നഴ്സിങ് മാനേജ്മെന്റുകളുണ്ട്. നഴ്സുമാർക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തിൽ മിനിമം ശമ്പളം നൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് മാനേജ്മെന്റ് അസോസിയേഷൻ.