തിരുവനന്തപുരം: തുച്ഛമായ വേതനത്തിനായിരുന്നു മലാഖമാർ പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പിയിരുന്നത്. ഇതു കൊണ്ട് തന്നെ മലാഖമാരുടെ ജീവിതം ദുരിത പൂർണ്ണമായി. വിദ്യാഭ്യാസ വായ്പ അടയ്ക്കാനായി പലരും യുദ്ധമുഖങ്ങളായ സിറിയയിലേക്കും ഇറാഖിലേക്കും വിമാനം കയറി. ജീവൻ പണയം വച്ചും ദുരിതപൂർണ്ണമായ ജീവിതം നയിച്ചു. നാട്ടിൽ മാന്യമായ ശമ്പളം അന്യമായതു കൊണ്ടായിരുന്നു ഈ പൊല്ലാപ്പെല്ലാം. ഇതിന് പരിഹാരമുണ്ടാക്കാനായിരുന്നു യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ എന്ന ബാനറിൽ അവർ ഒരുമിച്ചത്. മിനിമം ശമ്പളം 20000 എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചു. യുഎൻഎയുടെ ഇടപടെലിലൂടെ മിനിമം ശമ്പളം നേരത്തെ തന്നെ നഴ്‌സുമാർക്ക് ഉറപ്പാക്കിയിരുന്നു. അവിടെ നിന്നാണ് മാന്യമായ ശമ്പളമെന്ന ലക്ഷ്യത്തിലേക്ക് അവർ നടന്ന് അടുത്തത്.

വീട്ടിൽ രോഗികളെ നോക്കിയും വൻ ശമ്പളവും എല്ലാമായി ആരോഗ്യ മേഖലയിൽ ഡോക്ടർമാർ താരങ്ങളാകുന്നു. ഇതുപോലെ പ്രധാനമായിരുന്നു നഴ്‌സുമാരും. എന്നാൽ ഇവരുടെ ദുരിത ജീവിതം ആശുപത്രി മാനേജ്‌മെന്റ് കണ്ടില്ല. ഇതു കാരണം തുച്ഛമായ വേതനമാണ് നൽകിയത്. മാനേജ്‌മെന്റും സർക്കാരും ഒളിച്ചു കളിച്ചു. ഇതോടെയാണ് മഹാരാഷ്ട്രയിലെ കർഷക സമരത്തിന്റെ മോഡലിൽ ലോങ് മാർച്ചിന് നഴ്‌സുമാർ തയ്യാറെടുത്തത്. ഇതോടെ സർക്കാർ ഭയന്ന് വിറച്ചു. മാനേജ്‌മെന്റുകൾക്ക് വേണ്ടി ചില ഒളിച്ചു കളി നടത്തിയെങ്കിലും മിനിമം ശമ്പളത്തിൽ യുഎൻഎയുടെ നിലപാട് തന്നെ വിജയിച്ചു. ചേർത്തലയിലെ കെ വി എം സമരമാണ് ഇതിനെല്ലാം തുടക്കമിട്ടത്. ഇവിടെ മാനേജ്‌മെന്റ് ഇപ്പോഴും പിടിവാശി തുടരുന്നു. അതുകൊണ്ട് തന്നെ കെവിഎമ്മിന് മുമ്പിലെ സമരം തുടരും. അതിന്റെ ഭാവിയെ കുറിച്ച് ആർക്കും ഒരു ഉറപ്പമുമില്ല.

വഴിയിൽ മരിച്ച് വീഴേണ്ടി വന്നാലും ലോങ് മാർച്ച് എന്നതായിരുന്നു നേഴ്‌സുമാരുടെ മുദ്രാവാക്യം. ഇന്ന് ഉച്ചകഴിഞ്ഞ് ലോങ് മാർച്ച് തുടങ്ങാനായിരുന്നു പദ്ധതി. ഇത് ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് നടന്ന് നീങ്ങിയാൽ എന്ത് സംഭവിക്കുമെന്നത് സർക്കാർ മുൻകൂട്ടി കണ്ടു. ഇത് വിജയിപ്പിക്കാനുള്ള സംഘടനാ കരുത്ത് യുഎൻഎ്ക്കുണ്ടെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെ മിനിമം കൂലിയിൽ തീരുമാനം അർദ്ധരാത്രിയിൽ പുറത്തിറങ്ങി. ഇതോടെ എല്ലാ ആശുപത്രിയിലും നേഴ്‌സുമാർക്ക് 20,000 രൂപ ശമ്പളമായി. ഇനി കേരളത്തിലെ ഒരു ആശുപത്രിക്കും ഇതിൽ കുറഞ്ഞ ശമ്പളം കൊടുക്കാനാവില്ല. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നേഴ്സുമാർക്ക് 20,000 രൂപ കുറഞ്ഞ ശമ്പളമെന്ന സുപ്രീം കോടതി ഉത്തരവാണ് വിജ്ഞാപനത്തിലൂടെ നടപ്പിലായത്.

സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് യു.എൻ.എ പ്രതികരിച്ചു. 50-100 കിടക്കകൾവരെ 24400 രൂപ, 100-200 കിടക്കകൾ 29400 രൂപ, 200ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ32400 രൂപ, ഇങ്ങനെയാണ് പുതുക്കിയ വേതന നിരക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഇതു ധാരണയായിരുന്നു. എന്നാൽ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. മിനിമം വേജസ് ഉപദേശക സമിതിയുടെ ശിപാർശയും നേഴ്സുമാർക്ക് എതിരായിരുന്നു. പതിനായിരത്തോളം നേഴ്സുമാർ അണിനിരക്കുന്ന ലോങ് മാർച്ച് ചേർത്തല കെ.വി എം ആശുപത്രിയിൽ നിന്നാരംഭിക്കാനിരിക്കെയാണ് സർക്കാർ തിരക്കിട്ട് അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. നീതിക്കായി നടത്തം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ലോങ് മാർച്ച് പ്രഖ്യാപനം തന്നെയാണ് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയതും അനുകൂല തീരുമാനം ഉണ്ടായതും. അതേസമയം നേഴ്സുമാരുടെ വേതന വർധനവ് അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് അസോസിയേഷൻ വ്യക്തമാക്കി. വിജ്ഞാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റുകൾ വ്യക്തമാക്കി.

സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പളം ഉറപ്പാക്കിയില്ലെങ്കിൽ സമരത്തിൽനിന്നു പിന്മാറില്ലെന്നു യുെണെറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിലാണു സർക്കാർ തിരക്കിട്ടു വിജ്ഞാപനമിറക്കിയത്. വേതനവർധനയ്ക്ക് 2017 ഒക്ടോബർ ഒന്നുമുതൽ മുൻകാലപ്രാബല്യമുണ്ടാകും. കിടക്കകളുടെ അടിസ്ഥാനത്തിൽ 5-33% വരെ ലഭിച്ചിരുന്ന അലവൻസുകൾ 10-50% വരെയാക്കി വർധിപ്പിച്ചു. ഇന്നലെ ഉച്ചമുതൽ തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കുശേഷമാണു വിജ്ഞാപനം നിയമവകുപ്പിനു മുന്നിലെത്തിയത്. നിയമവകുപ്പ് അനുമതി നൽകിയതോടെ ലേബർ കമ്മിഷണർ എ. അലക്സാണ്ടർ വിജ്ഞാപനം പുറത്തിറക്കി.

20,000 രൂപ അടിസ്ഥാനശമ്പളമെന്ന സുപ്രീം കോടതി സമിതിയുടെ നിർദ്ദേശം സിഐ.ടി.യു. നേതാക്കൾ ഉൾപ്പെടെ അട്ടിമറിച്ചതാണു സമരത്തിലേക്കു വഴി തുറന്നത്. പണിമുടക്കിക്കൊണ്ട്, ചേർത്തലയിൽനിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്തേക്കു ലോങ് മാർച്ച് നടത്താനായിരുന്നു യു.എൻ.എയുടെ തീരുമാനം. സമരം സ്വകാര്യാശുപത്രികളെയും രോഗികളെയും കാര്യമായി ബാധിക്കുമെന്ന തിരിച്ചറിവിലാണു സർക്കാർ അടിയന്തര വിജ്ഞാപനമിറക്കിയത്.

കുറഞ്ഞവേതനം 20,000 രൂപയാക്കി മാർച്ച് 31-നു മുമ്പ് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. എന്നാൽ, മാനേജുമെന്റുകൾ കോടതിയിൽ പോയതോടെ വിജ്ഞാപനം െവെകി. പിന്നീടു നിയമതടസങ്ങൾ നീങ്ങിയെങ്കിലും അനുകൂലതീരുമാനം ഉണ്ടായിരുന്നില്ല.