അടൂർ:കുട്ടികളില്ലാത്തവരെ മുതലാക്കി ചികിത്സ നടത്തുന്ന അടൂർ ലൈഫ്‌ലൈൻ ഹോസ്പിറ്റലിലാണ് സംഭവം. നഴ്‌സിങ് സമരത്തിന്റെ വാർത്ത ഷെയർ ചെയ്തു എന്ന പേരിൽ ആശുപത്രിയിലെ നഴ്‌സിനെ പുറത്താക്കി. എല്ലാ ചാനലുകൾക്കും പരസ്യങ്ങൾ നൽകുന്ന എന്ന സ്‌നേഹത്താൽ വാർത്ത മുക്കി മുഖ്യധാരാ മാധ്യമങ്ങളും. എന്നാൽ നഴ്‌സസ് അസോസിയേഷൻ പാപ്പച്ചൻ ഡോക്ടർക്കെതിരെ സമരം ആരംഭിച്ചു.

അടൂർ ലൈഫ് ലൈൻ ആശുപത്രിക്കെതിരായി നവമാധ്യമത്തിൽ വന്ന വാർത്ത ഷെയർ ചെയ്തതിന് നഴ്സസ് അസോസിയേഷൻ സംസ്ഥാന നേതാവിനെയാണ് സസ്പെൻഡ് ചെയ്തത്. യു.എൻ.എ. സംസ്ഥാനസമിതിയംഗം ഗോപിക സുജിത്തിനെയാണ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. ഈ സംഭവമാണ് ഇപ്പോൾ വിവാദത്തിൽ എത്തിയിരിക്കുന്നത്.

യു.എൻ.എ.യുടെ കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരേ ഫേസ്‌ബുക്കിൽ വന്ന ഒരു പോസ്റ്റ് ഷെയർ ചെയ്തുവെന്ന പേരിലാണ് ഗോപികയെ സസ്പെൻഡ് ചെയ്തതെന്ന് യു.എൻ.എ. ജില്ലാ പ്രസിഡന്റ് നിഥിൻ തോമസ് പറഞ്ഞു. 10 വർഷമായി ആശുപത്രിയിലെ നഴ്സാണ് ഗോപിക. സംഭവത്തിൽ പ്രതിഷേധിച്ച് സമരം നടത്തുന്നതിന് 14 ദിവസത്തെ മുൻകൂർ നോട്ടീസ് യു.എൻ.എ. നൽകി. തിങ്കളാഴ്ച ആശുപത്രി അധികൃതരെ കാണുന്നതിനായി എത്തിയ യു.എൻ.എ. പ്രതിനിധികളെ ഹോസ്പിറ്റലിലെ സെക്യൂരിറ്റികൾ തടഞ്ഞത് സംഘർഷാവസ്ഥയിലെത്തിച്ചിരുന്നു. പിന്നീട് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

എന്നാൽ വിഷയത്തെ സംബന്ധിച്ച് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം ഇങ്ങനെയാണ്: ആശുപത്രിയിൽ യു.എൻ.എ.യുടെ കൊടിമരം തകർത്ത സംഭവത്തിൽ ആശുപത്രി മാനേജ്മെന്റിന് പങ്കില്ല. ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് അടൂർ പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. അവിടെനിന്ന് കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ ഒരു നഴ്സിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചുവെങ്കിലും മറുപടി നൽകാത്തതിനാലാണ് സസ്പെൻഡ് ചെയ്യേണ്ടിവന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് മാത്യു, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ വനജകുമാരി, പി.ആർ.ഒ. ശ്രീകുമാർ എന്നിവർ പറഞ്ഞു.

സംഭവത്തിൽ ലൈഫ്‌ലൈൻ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ മുന്നോട്ട് പോകാൻ തന്നെയാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രി മാനേജ്മെന്റിനെ അനുകൂലിച്ച പ്ലക്കാർഡുമായിട്ടാണ് ഒരുവിഭാഗം ജീവനക്കാർ ആശുപത്രികവാടത്തിൽ നിരന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട നഴ്സും യു.എൻ.എ. പ്രതിനിധികളും ആശുപത്രിക്ക് മുമ്പിൽ എത്തിയെങ്കിലും ഇവർ അകത്തേക്ക് കയറുന്നതിന് പ്രതിരോധവുമായി നിന്നവർ സമ്മതിച്ചില്ല. ഹൈക്കോടതിയിൽ സംഭവവുമായി ബന്ധപ്പെട്ട് യു.എൻ.എ. സംസ്ഥാന സമിതി കേസ് ഫയൽ ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് നിഥിൻ പറഞ്ഞു.