തൃശൂർ: ആശുപത്രിയുടെ അനാസ്ഥയും ചികിത്സാ പിഴവും കാരണം ഗൃഹനാഥന്റെ കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി. തൃശൂർ അശ്വിനി ആശുപത്രിക്കെതിരെയാണ് കാൽവിരലുകൾ നഷ്ടമായ മാടക്കത്തറ സ്വദേശി ഭാസ്‌കരൻ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കാലിൽ തരിപ്പും ചെറിയ വേദനയുമായി ചെന്ന 61 വയസ്സുകാരനെയാണ് ഡോക്ടർ ചികിത്സിക്കുന്നതിന് പകരം നഴ്സ് ചികിത്സിച്ച് വിരൽ മുറിക്കേണ്ട അവസ്ഥയിലെത്തിച്ചതെന്ന് പരാതിയിൽ പറയുന്നു.

അശ്വിനി ആശുപത്രിയിലെ ഡോക്ടർ റോയ് വർഗ്ഗീസ്, നഴ്സ് ഗിരിജ ഷാജു, മാനേജിങ് ഡയറക്ടർ സുഗതൻ, ചെയർമാൻ ഒ.പി. അച്യുതൻകുട്ടി, പി.ആർ.ഒ സന്തോഷ് എന്നിവർക്കെതിരെയാണ് ഭാസ്‌കരൻ തൃശൂർ ജില്ലാകളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.

വിളക്കാട്ടം, കാവടിയാട്ടം കലാകാരനായ ഭാസ്‌കരൻ ഈവർഷം ഫെബ്രുവരിയിലാണ് വലതുകാലിന് തരിപ്പും ചെറിയ തോതിൽ വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് അശ്വിനി ആശുപത്രിയിലെ രഘുനന്ദൻ ഡോക്ടറുടെയടുത്ത് ചികിത്സ തേടുന്നത്. മരുന്ന് കഴിച്ചിട്ടും വേദന മാറാത്തതിനെ തുടർന്ന് രക്ത പരിശോധന നടത്തുകയും വെരിക്കോസിന് ചികിത്സിക്കുന്ന ഡോക്ടർ റോയ് വർഗ്ഗീസിനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ ഡോക്ടറെ കാണാൻ ചെന്നെങ്കിലും ഡോക്ടർ ലീവാണെന്ന് അറിയിച്ച് നഴ്സായ ഗിരിജ ഷാജു കാൽ പരിശോധിച്ച് ഡോക്ടറോട് ഫോണിൽ നിർദ്ദേശം സ്വീകരിക്കുന്നതുപോലെ പെരുമാറി കാലിൽ പട്ടീസ് വെച്ച് കെട്ടി 300 രൂപ ഫീസ് ഈടാക്കി പറഞ്ഞുവിടുകയാണ് ചെയ്തത്. അടുത്ത ദിവസം ഡോക്ടറെ വന്ന് കാണാനും നിർദ്ദേശിച്ചു.

അടുത്ത ദിവസം ഡോക്ടറെ കാണാൻ ചെന്നപ്പോൾ നിങ്ങൾ നഴ്സ് പറയുന്നത് അനുസരിച്ചാൽ മതിയെന്ന് പറഞ്ഞ് രക്ത പരിശോധനാ റിപ്പോർട്ട് നോക്കാൻ പോലും ഡോക്ടർ റോയ് വർഗ്ഗീസ് തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ കെട്ടിയ പട്ടീസ് ശക്തമായി മുറുക്കി പിന്നെ വരാൻ പറഞ്ഞ് തിരികെ അയക്കുകയാണ് നഴ്സ് ചെയ്തത്. പ്രമേഹ രോഗിയായ ഭാസ്‌കരന്റെ ആ അവസ്ഥയൊന്നും പരിഗണിക്കാതെയായിരുന്നു നഴ്സിന്റെ ചികിത്സ.

ഒരാഴ്‌ച്ച കഴിഞ്ഞ് ആശുപത്രിയിൽ ചെന്നെങ്കിലും അന്നും ഡോക്ടർ ആശുപത്രിയിലുണ്ടായിരുന്നില്ല. നഴ്സ് ഫോണിൽ നിർദ്ദേശങ്ങൾ സ്വീകരിച്ച് കാലിലെ പഴുപ്പ് കത്രിക ഉപയോഗിച്ച് കുത്തിക്കളഞ്ഞു. വേദനസംഹാരി പോലും നൽകാതെയായിരുന്നു കാല് കുത്തിക്കീറി പഴുപ്പ് പുറത്തുകളഞ്ഞത്. ഡോക്ടറുടെ പേരിൽ നഴ്സ് തന്നെ മരുന്നും എഴുതിക്കൊടുത്താണ് അപ്പോൾ പറഞ്ഞുവിട്ടത്.

ഇതിന് ശേഷം കാലിലെ പഴുപ്പ് മൂർച്ഛിച്ചപ്പോൾ ദിവസവും ആശുപത്രിയിലെത്തി പഴുപ്പ് കുത്തിക്കളയാനായിരുന്നു ഇവർ പറഞ്ഞത്. അടുത്ത ദിവസങ്ങളിൽ ഇത് അനുസരിച്ച് ഭാസ്‌കരൻ ആശുപത്രിയിൽ ചെല്ലുകയും ചെയ്തു. പിന്നീട് തുടർദിവസങ്ങളിൽ പഴുപ്പും നീരും കൂടി വേദന അസഹ്യമായപ്പോൾ സർജറി ഡോക്ടർ പത്മനാഭനെ കാണാൻ പറഞ്ഞു.

കാലിന്റെ അവസ്ഥ കണ്ട ഈ ഡോക്ടർ അഞ്ച് വിരലും മുറിച്ചുകളയണമെന്ന് ഭാസ്‌കരനോട് അറിയിച്ചു. ഇതോടെ അപകടം തോന്നിയ ഭാസ്‌കരൻ അശ്വിനി ആശുപത്രിയിലെ ചികിത്സ മതിയാക്കി ഭാസ്‌കരന്റെ കുടുംബാംഗങ്ങൾ ഇയാളെ ഒല്ലൂർ സെന്റ് വിൻസന്റ് ഡീ പോൾ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ മൂന്ന് വിരലുകൾ മുറിച്ചുമാറ്റുകയും രണ്ട് വിരലുകൾ സർജറി ചെയ്ത് ഇപ്പോഴും അസുഖം ഭേദമാകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

വലതുകാലിൽ ചെറിയൊരു തരിപ്പും വേദനയുമായി ആശുപത്രിയിലേക്ക് നടന്നുപോയ 61 വയസ്സുള്ള ഭാസ്‌കരനെ ഡോക്ടർ റോയ് വർഗ്ഗീസ് പരിശോധിപ്പിക്കാതെ നഴ്സിനെക്കൊണ്ട് ചികിത്സിപ്പിക്കുകയും മൂന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന ഗുരുതര സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത ആശുപത്രിക്കും ഡോക്ടർക്കും നഴ്സിനുമെതിരെ നടപടി വേണമെന്നാണ് ഭാസ്‌കരനും കുടുംബവും ആവശ്യപ്പെടുന്നത്