മുംബൈ: ഔദ്യോഗിക ജീവിതത്തിൽ നിരവധി സ്ത്രീകളുടെ പ്രസവ ശുശ്രൂഷയിൽ പങ്കാളിയായിരുന്ന നഴ്‌സ് സ്വന്തം പ്രസവത്തിലെ സങ്കീർണതകളെ തുടർന്ന് മരിച്ചു. അയ്യായിരത്തോളം സ്ത്രീകളുടെ പ്രസവമെടുത്ത 38 -കാരിയായ നഴ്സ് ജ്യോതി ഗാവ്ലിയാണ് സ്വന്തം പ്രസവത്തിൽ ഉണ്ടായ സങ്കീർണതകളെ തുടർന്ന് മരിച്ചത്.

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. അവിടത്തെ ഒരു സർക്കാർ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ജ്യോതി ഗാവ്ലി. അവരുടെ ഔദ്യോഗിക ജീവിതത്തിൽ നിരവധി പേരെ പ്രസവത്തിൽ സഹായിച്ചിട്ടുള്ള അവർ പക്ഷേ പ്രസവത്തോടെ മരിക്കുകയായിരുന്നു.

നവംബർ 2 -ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ തന്നെ പ്രസവത്തിനായി ജ്യോതിയെ പ്രവേശിപ്പിച്ചു. അവിടെ വച്ച് തന്റെ രണ്ടാമത്തെ കുഞ്ഞിന് അവൾ ജന്മം നൽകി. എന്നാൽ, പെട്ടെന്ന് തന്നെ അവളുടെ ആരോഗ്യം മോശമായി. ന്യുമോണിയയും രക്തസ്രാവവും അവളുടെ നില ഗുരുതരമാക്കി. ഒടുവിൽ കൂടുതൽ മികച്ച ചികിത്സക്കായി നന്ദേഡിലെ ഒരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് അവളെ കൊണ്ടുപോയെങ്കിലും അവിടെ വച്ച് അവൾ മരണപ്പെടുകയായിരുന്നു.

ജ്യോതി ഗാവ്ലിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആശുപത്രി ജീവനക്കാരും. ഒരു ദിവസം സാധാരണയായി 15 ഡെലിവറികളാണ് സ്ഥാപനത്തിൽ നടക്കുന്നതെന്നും, അഞ്ച് വർഷത്തെ സേവന കാലയളവിൽ തീർച്ചയായും അവൾ 5,000 പ്രസവങ്ങളിൽ സഹായിച്ചിരിക്കണമെന്നും അവിടത്തെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

'ഹിംഗോളി സർക്കാർ ആശുപത്രിയിലെ ലേബർ റൂമിലായിരുന്നു അവരുടെ ജോലി. പ്രസവത്തിന്റെ തലേ ദിവസം പോലും അവൾ ജോലി ചെയ്തിരുന്നു. തുടർന്നാണ് പ്രസവത്തിന് പോയത്. പ്രസവശേഷം മതി അവധിയെന്നതായിരുന്നു അവളുടെ തീരുമാനം' ആശുപത്രിയിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ഗോപാൽ കദം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി ജ്യോതി ഗാവ്ലി സർക്കാർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരുകയായിരുന്നു. അതിന് മുമ്പ് മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.