- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലേബർ ക്യാമ്പിലെ കുടുസുമുറിയിൽ തിങ്ങിനിറഞ്ഞു ജീവിക്കുന്നത് പതിനഞ്ചോളം മലയാളി നേഴ്സുമാർ; യുഎഇയിൽ ഗവൺമെന്റ് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി പരാതി; വിശ്വസിച്ച് പണം നൽകിയ 500 ഓളം നേഴ്സുമാരെ ദുബായിലെത്തിച്ച് ഏജന്റ് കയ്യൊഴിഞ്ഞു; തട്ടിപ്പിന് ഇരയായ നേഴ്സുമാർ ദുരിതത്തിൽ
തിരുവനന്തപുരം: യുഎഇയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ഞൂറോളം നേഴ്സുമാരെ ദുബായിലെത്തിച്ച് ഏജന്റുമാർ കയ്യൊഴിഞ്ഞതായി പരാതി. ദുബായിയിൽ കുടുങ്ങികിടക്കുന്ന നേഴ്സുമാരുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഓരോ നേഴ്സുമാരിൽ നിന്നും 2.30 ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ഇവർ പറ്റിച്ചതായും പരാതിയിൽ പറയുന്നു. ലേബർ ക്യാംപിലെ ഒരോ മുറിയിലും പതിനഞ്ചോളം പേർ ചേർന്ന് ദുരിതജീവിതം നയിക്കുകയാണ്.
യുഎഇയിലെ പൊതുആരോഗ്യമേഖലയിൽ വാക്സിൻ നൽകുന്നതിന് കോവിഡ് വാക്സിൻ ഡ്യൂട്ടി എന്ന തസ്തികയിൽ നഴ്സ്മാരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് അപേക്ഷിച്ചവരാണ് വഞ്ചിതരായ നേഴ്സുമാർ. എറണാകുളം കലൂരിൽ ഉള്ള സിയാദ് ടവറിൽ ടേക്ക് ഓഫ് എന്ന സ്ഥാപനത്തിലാണ് ഇവർ ജോലിക്ക് വേണ്ടി പണം അടച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പണമടച്ച അഞ്ഞൂറോളം നേഴ്സുമാരെ ദുബായിൽ കൊണ്ട് വന്നിട്ട് ഇപ്പോൾ ഏജന്റുമാരെ വിളിച്ചാൽ പ്രതികരിക്കാത്ത അവസ്ഥയാണുള്ളതെന്ന് നേഴ്സുമാരുടെ ബന്ധുക്കൾ പറയുന്നു. എല്ലാവരെയും മൂന്ന് മാസത്തെ വിസിറ്റിങ് വിസ നൽകിയാണ് എത്തിച്ചിരിക്കുന്നത്.
യുഎഇയിൽ ഗവണ്മെന്റ് ജോലി എന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പാണ് ഈ സ്ഥാപനം നടത്തിയിരിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഒരു സുരക്ഷയും ഇല്ലാതെ ഒരു റൂമിൽ 13-15 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇത്രയും പേർക്ക് കൂടി ഒരു ടോയ്ലറ്റ് ആണ് ഉള്ളത്. ഭക്ഷണവും വളരെ മോശമാണ്. കേരളത്തിൽ നിന്നും എത്തിച്ചിരിക്കുന്നവരെ ഇത്തരത്തിൽ പല മുറികളിലായാണ് താമസിപ്പിച്ചിരിക്കുന്നത്.
യുഎഇയിൽ എത്തിയാൽ ഒരു ആഴ്ചയ്ക്കുള്ളിൽ ജോലിയിൽ പ്രവേശിക്കാം, ഒന്നര ലക്ഷം പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നൊക്കെ വാഗ്ദാനം നൽകിയാണ് അവരിൽ നിന്നും രണ്ടര ലക്ഷം വീതം വാങ്ങിച്ചത്. എന്നാൽ ഇപ്പോൾ വാക്സിൻ ഡ്യൂട്ടി കഴിഞ്ഞെന്നും ഇനി ഉള്ളത് ഹോം നേഴ്സ് ജോലി മാത്രം ആണെന്നുമാണ് അവർ പറയുന്നതെന്നാണ് കുടുങ്ങിക്കിടക്കുന്നവർ പറയുന്നത്. പറ്റില്ല എങ്കിൽ തിരിച്ചുപോകണമെന്നും വാങ്ങിയ കാശ് തിരിച്ചു തരാൻ പറ്റില്ലെന്നും ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. പണം തിരിച്ചുചോദിച്ച് വിളിക്കുന്നവരെ വീട്ടിൽ കയറി അക്രമിക്കുമെന്ന് പറഞ്ഞതായും ഇവർ പരാതിപ്പെടുന്നു.
ഗൾഫ് രാജ്യങ്ങളിൽ നേഴ്സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി സാധാരണക്കാരെ വലയിലാക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. ആകർഷകമായ ശമ്പള വ്യവസ്ഥകളും അതിന് അടയ്ക്കേണ്ടി വരുന്ന താരതമ്യേന കുറഞ്ഞ വിസ തുകയുമൊക്കെ കേൾക്കുമ്പോൾ ഏതൊരാളും വീണുപോകും. അതിനോടൊപ്പം ഇവരുടെ ഏജൻസി വഴി ജോലി കിട്ടയവരെന്ന പേരിൽ ചില സ്ത്രീകളെ കൊണ്ട് വിളിപ്പിക്കുക കൂടി ചെയ്യുമ്പോൾ അവർക്ക് പിന്നെ യാതൊരു സംശയവുമുണ്ടാകില്ല. കൂടുതൽ അന്വേഷണത്തിന് പോലും സമയം നൽകാതെ വളരെ പെട്ടെന്നുതന്നെ യാത്രയ്ക്കുള്ള പേപ്പർവർക്കുകളൊക്കെ തീർത്ത് അവരെ ദുബായിലെത്തിക്കുകയാണ് ചെയ്യുന്നത്. ലേബർ ക്യാമ്പിലെത്തിച്ച ശേഷം ഏജന്റുമാരും മുങ്ങുന്നു. അവിടെ കുടുങ്ങിപ്പോകുന്ന പെൺകുട്ടികളിൽ പലരും നാണക്കേടും ഭയവും കാരണം പരാതിപ്പെടാൻ പോലും തയ്യാറാകാറില്ല. അവിടെ തന്നെ ഏതെങ്കിലും ചെറിയ ആശുപത്രികളിൽ ബയോഡാറ്റ നൽകി ജോലിക്ക് കയറാനാണ് ശ്രമിക്കുക. കിട്ടാത്തവർ വിസറ്റിങ് വിസയുടെ കാലാവധി കഴിയുമ്പോൾ തിരിച്ചുവരും. പക്ഷെ അവരും പരാതിപ്പെടാൻ ധൈര്യപ്പെടുന്നില്ല. ഇതുമൂലം നിരവധിവർഷങ്ങളായി ഇവർ ഈ തട്ടിപ്പ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഫിറോസ് ഖാൻ എന്നയാളുടെതാണ് ടേക്ക് ഓഫ് എന്ന സ്ഥാപനം. ഇവരുടെ ഏജന്റ് ആയി യുഎഇയിൽ പ്രവർത്തിക്കുന്ന ചിലരാണ് ദുബായിൽ തട്ടിപ്പിന് നേതൃത്വം നൽകുന്നതെന്ന് നേഴ്സുമാർ വെളിപ്പെടുത്തുന്നു. മുൻപ് കീ ഡോട്ട് എന്ന പേരിലായിരുന്നു ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ പേരിൽ പൊലീസ് കേസ് എടുത്തപ്പോൾ ടേക്ക് ഓഫ് എന്ന് പേര് മാറ്റുകയായിരുന്നു. മൂന്ന് മാസത്തെ വിസ കാലാവധി കഴിഞ്ഞ് വരുന്നവർ പണം തിരിച്ചുചോദിച്ചാൽ അവരെ ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഇവരുടെ സ്ഥാപനം എറണാകുളത്ത് കൂടാതെ കോട്ടയത്തും ബാംഗ്ലൂരും ഹൈദ്രബാദിലും സമാനമായ തട്ടിപ്പ് നടത്തി കോടികൾ സമ്പാദിക്കുകയാണ്. തട്ടിപ്പിന്റെ എല്ലാ രേഖകളും കാശ് കൊടുത്തതിന്റെ രേഖകളും ഫോൺ കോളുകളുടെ റിക്കോർങ്സും അടക്കമാണ് നേഴ്സുമാരുടെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ