ആലപ്പുഴ: ചേർത്തല കെവി എം ആശുപത്രിയിൽ നഴ്‌സുമാരുടെ സമരം 61 ാം ദിവസത്തേക്ക് കടന്നതോടെ പുതിയ തന്ത്രങ്ങൾ പയറ്റാനൊരുങ്ങി മാനേജ്‌മെന്റ്. ആശുപത്രി അടച്ചുപൂട്ടുമെന്ന ഭീഷണി മുഴക്കിയാണ് പുതിയ തന്ത്രം മാനേജ്‌മെന്റ് പുറത്തെടുത്തത്. നഴ്‌സുമാരുടെ അനിശ്ചിതകാലനിരാഹാരം 12 ാം ദിവസത്തേക്ക് കടന്നതോടെ നാട്ടുകാരും, വിവിധ രാഷ്ട്രീയ സംഘടനകളും നഴ്‌സുമാർക്ക് പിന്തുണയുമായി രംഗത്തെത്തി.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സേവന-വേതന വ്യവസ്ഥകൾ നിജപ്പെടുത്തുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ആശുപത്രി മാനേജ്‌മെന്റുമായി തങ്ങൾ ആദ്യം തന്നെ മാരത്തൺ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുഎൻഎ ഭാരവാഹി മറുനാടൻ മലയാളിയോടെ പറഞ്ഞു.

പകൽ 10 മണിക്കൂറും, രാത്രി 14 മണിക്കൂറുമൊക്കെയാണ് ജോലി. ബലരാമൻ കമ്മിറ്റി റിപ്പോർ്ട്ട് പ്രകാരമുള്ള ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും മാനേജ്‌മെന്റ് തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണ്.അടിസ്ഥാന ശമ്പളം പോലും നൽകുന്നില്ല.എക്‌സ്പീരിയൻസ് ഉണ്ടെങ്കിലും അതുകണക്കാക്കാതെ ട്രെയിനിയായി മാത്രമേ തുടരാൻ അനുവദിക്കുകയുള്ളു.ആറുമാസം കഴിയുമ്പോൾ, രണ്ടോ, മൂന്നോ ദിവസം പുറത്ത് നിർത്തിയ ശേഷം വീണ്ടും ട്രെയിനിയായി കയറ്റുന്നതാണ് സ്ഥിരം പരിപാടി. ഇതവസാനിപ്പിച്ച് ജോലിസ്ഥിരത ഉറപ്പാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.

ഇതുകൂടാതെ തുച്ഛമായ ബോണസ് പോലും മാനേജ്‌മെന്റ് അനുവദിക്കുന്നില്ല. സർക്കാർ അംഗീകരിച്ച ബോണസും നൽകുന്നില്ല. ഇതിനൊക്കെ പുറമേയാണ് അനാവശ്യ ഫൈനും മാനസിക പീഡനവും. ആശുപത്രി ഉപകരണങ്ങൾക്ക് വരുന്ന കേടുപാടുകൾക്ക് നഴ്‌സുമാരെ പഴി ചാരി ഫൈൻ ഈടാക്കുകയാണ് പതിവ്.ക്ലീനിംങ് സ്റ്റാഫിന്റെ പിഴവുകൾക്കും നഴ്‌സുമാരെ കുറ്റപ്പെടുത്തുക തുടങ്ങിയ മാനസിക് പീഡനങ്ങളും അരങ്ങേറുന്നു.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ പൊതുധാർഷ്ട്യത്തിന്റെ ഉദാഹരണമാണ് കെവി എം ആശുപത്രി മാനേജ്‌മെന്റിന്റെ നിലപാടെന്ന് സമരപ്പന്തലിൽ സന്ദർശനത്തിനെത്തിയ യുഎൻഎ സംസ്ഥാന അദ്ധ്യക്ഷൻ ജാസ്മിൻ ഷാ മറുനാടൻ മലയാളിയോട് പറഞ്ഞു.ജീവനക്കാരെ നിയമവിരുദ്ധമായാണ് കെവി എം മാനേജ്‌മെന്റ് പുറത്താക്കിയത്. പണാധിപത്യത്തിന് മുന്നിൽ തൊഴിലാളികൾ കീഴടങ്ങുമെന്ന തെറ്റിദ്ധാരണയിലാണ് അവരുടെ നീക്കങ്ങൾ. ആശുപത്രി പൂട്ടുമെന്ന് ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അത് തന്ത്രം മാത്രമാണ്.കെവിഎമ്മിന്റെ നഴ്‌സിങ് കോളേജിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഇപ്പോൾ നടക്കുകയാണ്. സമരം തീർക്കാൻ നടപടിയുണ്ടായില്ലെങ്കിൽ, മറ്റ് ആശുപത്രികളിലേക്കും വ്യാപിക്കേണ്ടി വരുമെന്ന് ജാസ്മിൻ ഷാ മുന്നറിയിപ്പ് നൽകി.

യുവമോർച്ച ആശുപത്രിക്ക് മുന്നിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, യൂത്ത് ലീഗ്, എഐവൈഎഫ് എന്നീ സംഘടനകളും പിന്തുണയുമായി രംതത്തെത്തുണ്ട്.യുവമോർച്ചയുടെ മാർച്ച് സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.സമരത്തെ കുറിച്ച് നാട്ടുകാരുടെ ഇടയിൽ തെറ്റിദ്ധാരണ പരത്താനും മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അടച്ചുപൂട്ടൽ ഭീഷണി. ജീവനക്കാർ സമരത്തിനിറങ്ങിയപ്പോൾ അവരെ ഐഎസ് തീവ്രവാദികളെന്ന് അധിക്ഷേപിക്കുന്ന സമീപമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.