കൊച്ചി: പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ജയിലിലായതോടെ വിദേശത്തു ജോലി കാത്തിരിക്കുന്നവരുടെ യാത്ര പ്രതിസന്ധിയിലായി. അതിനിടെ, പത്താം ക്ലാസ് കഴിഞ്ഞവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടെന്ന നിയമം നഴ്‌സുമാർക്ക് ബാധകമല്ല എന്ന സ്ഥിതികൂടി സംജാതമായതോടെ നഴ്‌സുമാരുടെ വിദേശയാത്ര പൂർണമായും മുടങ്ങിയ നിലയിലാണ് കാര്യങ്ങൾ.

എസ്.എസ്.എൽ.സി. പാസായവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടെന്നിരിക്കെയാണ് നഴ്‌സുമാർക്കു മാത്രമായി നിയമ ഭേദഗതി നടത്തിയത്. ഇതാണു പ്രതിസന്ധിയുടെ ആഴം കൂട്ടാനിടയാക്കിയത്.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളൊന്നും വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുമില്ല. അറസ്റ്റിലായ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അഡോൾഫ് ലോറൻസ് കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ മാത്രമേ നടപടി എടുക്കൂ എന്ന നിലപാടിലാണിവർ. വിദേശത്തു ജോലിക്കായി റിക്രൂട്ട്‌മെന്റ് ഏജൻസികൾ കൊണ്ടുപോകുന്നവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കേണ്ടതു പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ആണ്. ഇയാൾ ജയിലിലായതോടെ റിക്രൂട്ടിങ് ഏജൻസികൾ റിക്രൂട്ട്‌മെന്റ് വിവരങ്ങൾ ഹാജരാക്കാത്തതും പ്രതിസന്ധിയാണ്.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിനു പിന്നാലെയാണ് കൊച്ചിയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അഡോൾഫ് ലോറൻസ് ജയിലിലായത്. പകരമെത്തിയ താൽക്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥനു ഡിജിറ്റൽ സിഗ്‌നേച്ചർ ലഭിക്കാത്തത് എമിഗ്രേഷൻ ജോലികൾ അവതാളത്തിലാക്കി. പത്തു ജില്ലകളിലെ ഉദ്യോഗാർഥികളുടെ വിദേശയാത്രയാണ് ഇതോടെ താറുമാറായത്. എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനാൽ ഒരുമാസത്തിനിടെ വിരലിലെണ്ണാവുന്നവർ മാത്രമാണു പോയത്. തട്ടിപ്പുകേസിൽ ജയിലിലായിട്ടും പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിനെ സംരക്ഷിക്കുന്ന നിലപാടിലാണു പ്രൊട്ടക്ടർ ജനറലും കേന്ദ്ര പ്രവാസികാര്യ വകുപ്പുമെന്നും പരാതി ഉയർന്നിട്ടുണ്ട്.

കുവൈത്തിലേക്കു പോകുന്ന ഇന്ത്യക്കാരുടെ ആരോഗ്യക്ഷമതാ പരിശോധനയ്ക്കു ഫീസ് കുത്തനെ ഉയർത്തിയതിനെതിരേ പ്രതികരിച്ചതോടെ ഖദാമത് ഇന്റഗ്രേറ്റഡ് ഏജൻസി കൊച്ചിയിലെ ഓഫീസ് മുംെബെയിലേക്കു മാറ്റിയിരുന്നു. ഇതും നഴ്‌സുമാരെ കൂടുതൽ ദുരിതത്തിലാക്കി. നിലവിൽ 25,000 രൂപയാണ് ആരോഗ്യക്ഷമതാ പരിശോധനാ ഫീസ്. യാത്രാച്ചെലവും താമസവുമടക്കം 40,000 രൂപ വരും. പരിശോധനാഫലം നെഗറ്റീവായാൽ ഈ തുക നഷ്ടമാകും.

ദിവസങ്ങളോളം അവിടെ പോയി താമസിക്കാനുള്ള പണവും സാഹചര്യവുമില്ലാതെ ഒട്ടേറെ ഉദ്യോഗാർഥികളുടെ തൊഴിലവസരം നഷ്ടമാകുകയും ചെയ്തിരുന്നു. പരിശോധനയ്ക്കായി എത്തുന്നവർക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്താനോ കൃത്യവിവരം കൈമാറാനോ യാതൊരു സംവിധാനവും ഏജൻസി ഒരുക്കിയിട്ടില്ല. യഥാസമയം മെഡിക്കൽ പരിശോധന നടത്തി കുെവെത്തിൽ എത്താനാകാതെ പലർക്കും ജോലി നഷ്ടമായി.

ഇന്ത്യൻ ഇമിഗ്രേഷൻ നിയമപ്രകാരം ആരോഗ്യക്ഷമതാ പരിശോധനയ്ക്കു 20,000 രൂപയിലധികം ഫീസീടാക്കാൻ പാടില്ല. ഈ ചെലവു തൊഴിലുടമ വഹിക്കണമെന്നും പ്രവാസികാര്യമന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. ഈ അവകാശങ്ങളെല്ലാം നഷ്ടപ്പെടുകയാണ് നഴ്‌സുമാർക്ക്. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിരുന്ന ഗ്യാംക എന്ന ഏജൻസി കൊച്ചിയിലുണ്ടെങ്കിലും അവർക്കു കുവൈത്ത് സർക്കാരിന്റെ അംഗീകാരമില്ലാത്തതും നഴ്‌സുമാരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.