തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല സമരത്തിലാണ് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. 2016ൽ സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പളം ലഭ്യമാക്കണം എന്ന വളരെ ലളിതമായ ഒരു ആവശ്യം മാത്രമാണ് നഴ്സുമാർക്കുള്ളത്. സുപ്രീം കോടതി പറഞ്ഞ ശമ്പളം നൽകാൻ രാജ്യത്ത് ആദ്യമായി തയ്യാറായ സംസ്ഥാനമെന്ന് കേരള സർക്കാരും മുഖ്യമന്ത്രിയും സമ്മതിച്ചതുമാണ്.

ഇതോടെയാണ് ഒരുവർഷം മുമ്പ് നഴ്‌സുമാർ കേരളം ഇളക്കിമറിച്ച് നടത്തിയ പ്രക്ഷോഭം അവസാനിപ്പിക്കുന്നത്. എന്നാൽ വർഷം ഒന്നായിട്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പളം കിട്ടിതുടങ്ങിയിട്ടില്ല. കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, യൂണിയൻ പ്രവർത്തനം നടത്തുന്നതിന്റെ പേരിൽ മുതലാളിമാരുടെ പ്രതികാര നടപടിയും കൂടെ ഇതൊക്കെയാണെങ്കിലും സമരത്തിനിരിക്കുന്ന ഒരു നഴ്സുപോലും തങ്ങളുടെ ജോലി ചെയ്യാതിരിക്കുന്നില്ലെന്നതാണ് തലസ്ഥാനത്തെ സമരത്തെ വ്യത്യസ്തമാക്കുന്നത്.

ശമ്പളം വർധിപ്പിക്കാത്തതിന് കാരണമാകട്ടെ നഴ്സുമാരുടെ അലവൻസ് ഉൾപ്പടെ വെട്ടിച്ചുരുക്കണം എന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥാപിത തൊഴിലാളി, സംഘടനകളും. പല തവണ വാഗ്ദാനങ്ങൾ നൽകി സർക്കാരുകൾ പറ്റിച്ചിട്ടും, 2013ലെ സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള ശമ്പളം പോലും നൽകാതെ ആശുപത്രിയുമൊക്കെ പറ്റിച്ചിട്ടും എല്ലാ കഷ്ടപ്പാടുകളും സഹിച്ചാണ് പലരും സമര പന്തലിൽ എത്തുന്നത്. വീട്ടിലെ കാര്യങ്ങളും കുട്ടികളുടേയും കുടുംബത്തിന്റേയും കാര്യങ്ങളും നോക്കിയും പിന്നാലെ ജോലിക്ക് കൃത്യമായി എത്തിയുമെല്ലാം ആണ് അതിന് ശേഷം പലരും സമരപന്തലിൽ എത്തുന്നത്. പൊതുജനങ്ങൾക്ക് ഒരു രീതിയിലും ബുദ്ധിമുട്ടോ തടസ്സങ്ങളോ ഉണ്ടാക്കാതെ വളരെ മാതൃകപരമായി തന്നെയാണ് ഭാരവാഹികളും സമരം മുന്നോട്ട് കൊണ്ട് പോകുന്നതും.

ഡ്യൂട്ടി കഴിഞ്ഞ് സമരം; ജീവിതചര്യ തന്നെ മാറുന്ന അവസ്ഥ

സെക്ട്രേറിയറ്റിന് മുന്നിൽ ഇപ്പോൾ നഴ്സുമാരുടെ സമരത്തിൽ പങ്കെടുക്കുന്ന ഒരാൾ പോലും സ്വന്തം ജോലി ചെയ്യാതെയല്ല സമരം ചെയ്യുന്നത്. നഴ്സിങ്ങ് സമൂഹത്തിൽ 95 ശതമാനത്തോളവും സ്ത്രീകളാണ്. കുടുംബമായി കഴിയുന്നവരാണ് അതിൽ തന്നെ ഭൂരിഭാഗവും. ഇപ്പോൾ ജോലിയും സമരവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിനാൽ തന്നെ പലരും ജീവിതചര്യകൾതന്നെ മൊത്തത്തിൽ മാറ്റേണ്ടി വന്ന അവസ്ഥയിലാണ്.

ഡ്യൂട്ടിക്ക് ശേഷം സമരപന്തലിൽ പോണം. അതുകൊണ്ട് തന്നെ നഴ്സുമാർക്ക് ജോലിക്ക് ശേഷം വീട്ടിലെത്തി ചെയ്യേണ്ട കാര്യങ്ങൾ നേരത്തെ തന്നെ ചെയ്തുതീർത്ത ശേഷം മാത്രമെ ജോലിക്ക് പോകാൻ കഴിയുന്നുള്ളു. അപ്പോൾ അവർ ചെയ്യുന്നത് ഉറക്കത്തിന്റെ സമയം കുറച്ച് നേരത്തെ എഴുന്നേൽക്കുക എന്നതാണ്. പിന്നെ ജോലി കഴിഞ്ഞാൽ നേരെ സമരപന്തലിലേക്ക്. ചിലർ കുട്ടികളെ നോക്കാൻ കഴിയാതെ വരുന്നതിനാൽ സമരപന്തലിലേക്ക് കുട്ടികളേയും കൊണ്ട് എത്തുന്നു.

വീട്ടിൽ ഭർത്താവിന്റെയും കുട്ടികളുടേയും കാര്യങ്ങൾ നോക്കണം. പലർക്കും വയസ്സായ മാതാപിതാക്കളേയും നോക്കേണ്ടതുണ്ട് പക്ഷേ സമരം ചെയ്തില്ലെങ്കിൽ ഞങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഒരിക്കലും അംഗീകരിക്കപ്പെടില്ല അപ്പോൾ എന്തൊക്കെ ത്യാഗം സഹിച്ചിട്ടായാലും സമര പന്തലിലേക്ക് എത്തിയെ പറ്റൂ. തങ്ങളുടെ അവസ്ഥ തുറന്ന് പറയുമ്പോൾ പലരും വല്ലാത്ത സങ്കടത്തിൽ തന്നെയായിരുന്നു. ഡ്യൂട്ടിയും സമരവും വീട്ടുകാര്യങ്ങളും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിനെ കുറിച്ച് സമരപന്തലിലുണ്ടായിരുന്ന ചില നഴ്സുമാർ പറഞ്ഞ അഭിപ്രായങ്ങൾ ചുവടെ ചേർക്കുന്നു.

ജോലിയും സമരവും ജീവിതവും നഴ്സുമാർ പറയുന്നത് ഇങ്ങനെ

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തിരുവനന്തപുരം ജില്ല സെക്ട്രറിയായി പ്രവർത്തിക്കുന്ന സുബി പട്ടം എസ്.യു.ടി ആശുപത്രിയിലാണ് കഴിഞ്ഞ ഒൻപത് വർഷമായി ജോലി ചെയ്യുന്നത്. ബാലരാമപുരത്താണ് ഇവരുടെ താമസം. കിലോമീറ്ററുകൾ ഗതാഗതകുരുക്കിൽ പെട്ട് കിടക്കുന്ന ബാലരാമപുരത്ത് നിന്നും ദിവസവും പട്ടം വരെ എത്താൻ തന്നെ മണിക്കൂറുകൾ വേണം. പിന്നെ വീട്ടിലെ കാര്യങ്ങൾ നോക്കണം, ഭർത്താവും കുട്ടിയും ഉണ്ട്. അവരുടെ കാര്യങ്ങളും നോക്കണം ഇപ്പോൾ സമര പന്തലിൽ ഡ്യൂട്ടി കഴിഞ്ഞ സജീവമായി സാന്നിധയമറിയിക്കാനായി വ്യക്തിജീവിതത്തിൽ ചില അഡ്ജസ്റ്റുമെന്റുകൾ നടത്തി മുന്നോട്ട് പോവുകയാണെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

പേരൂർക്കട സ്വദേശിയും പിആർഎസ് ആശുപത്രിയിലെ നഴ്സുമായ ഷെർളി ജോമോൻ ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞാണ് ഇന്ന് സമരപന്തലിലെത്തിയത്. വീട്ടിൽ ഭർത്താവിന്റേയും കുട്ടികളുടയുമൊക്കെ കാര്യങ്ങൾ നോക്കാനുണ്ട്. മൂന്ന് ഷിഫ്റ്റാണ് ഉള്ളത് ആശുപത്രിയിൽ. പ്രായമായ അച്ഛനും അമ്മയുമുണ്ട് വീട്ടിൽ. രാവിലെ ജോലി തീർത്താൽ മാത്രമെ പുറത്ത് ഇറങ്ങാൻ പറ്റുകയുള്ളു. തിരികെ വന്നിട്ട് ചെയ്യാൻ ബാക്കി വച്ചാൽ തന്നെ വലിയ ബുദ്ധിമുട്ടായി മാറും എന്നതാണ് അവസ്ഥ. ഡ്യൂട്ടി കഴിഞ്ഞാൽ സമര പന്തലിലേക്ക് വരണം. പിന്നെ എത്ര പണി രാവിലെ തീർത്താലും തിരിച്ച് എത്തുമ്പോൾ പണിയുണ്ടാകും. അത് തീർത്താലും രാവിലെ വീണ്ടും നേരത്തെ തന്നെ എഴുന്നേൽക്കണം എന്ന അവസ്ഥയാണ്.

സമാനമായ അഭിപ്രായം തന്നെയാണ് വെള്ളനാട് നിന്നും എസ്‌കെ ആശുപത്രിയിൽ ദിവസേന പോയി ജോലി ചെയ്യുന്ന ശ്രീജയും, അരുവിക്കരയിൽ നിന്നും നഗരത്തിലെത്തി ജോലി ചെയ്യുന്ന അശ്വതിയുമൊക്കെ പങ്ക് വെയ്ക്കുന്നത്.എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും മിനിമം വേജസ് ലഭിക്കും എന്ന പ്രതീക്ഷയാണ് നഴ്സുമാർക്ക്. നേരത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ അടുത്ത ദിവസത്തെ കാര്യങ്ങൾ ചെയ്യാമായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സമര പന്തലിൽ എത്തിയ ശേഷം വീട്ടിൽ പോകുമ്പോൾ വൈകുന്നേരമാകും പിന്നെ വീണ്ടും ഡ്യൂട്ടിക്ക് കയറേണ്ടി വരും. പ്രത്യേകിച്ച് ഐസിയുവിൽ ഒക്കെ ആണ് ഡ്യൂട്ടിയെങ്കിൽ വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ലെന്നും ശ്രീജ പറയുന്നു.

സ്ത്രീകൾക്ക് കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഉൾപ്പടെ നോക്കുമ്പോഴും സമരം ചെയ്യുമ്പോഴും ജോലി മുടക്കാതെയാണ് സമരം മുന്നോട്ട് പോകുന്നത്. പല ആശുപത്രികളിലും പല ഷിഫ്റ്റ് സമ്പ്രദായമാണ് ഉള്ളത്. എഴു മണിക്ക് ജോലിക്ക് കയറണമെങ്കിൽ ഇപ്പോൾ നാല് മണിക്ക് എങ്കിലും എഴുന്നേൽക്കണം എന്ന അവസ്ഥയാണ് എന്നും അവർ പറയുന്നു. ജോലിയും സമരവും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ എല്ലാം തകിടം മറിഞ്ഞ അവസ്ഥയിലാണ്. അപ്പോൽ അതിന് പരിഹാരം രാവിലെ നേരത്തെ എഴുന്നേൽക്കുക എന്നത് മാത്രമാണ്. എന്നാൽ ഇനി എന്തൊക്കെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും അവകാശങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിൽ തന്നെയാണ് അവർ.

സമരപന്തലിൽ പിന്തുണയുമായി നഴ്സുമാരുടെ വീട്ടുകാരും

ജോലിയും സമരവും ഒക്കെയായി നഴ്സുമാർ കഷ്ടപ്പെടുമ്പോൾ അതിൽ ഏറ്റവും കൂടുതൽ സഹകരിക്കുന്നതും പിന്തുണയ്ക്കുന്നതും നഴ്സുമാരുടെ വീട്ടുകാർ തന്നെയാണ്. അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ സമരത്തിന്റെ ഭാഗമാകാനോ നീതി നേടാനുള്ള പ്രയാണത്തിൽ പങ്കുചേരാനോ കഴിയില്ലെന്ന് നഴ്സുമാർ പറയുമ്പോൾ പല വീട്ടുകാരും സമരത്തിന് പിന്തുണയുമായി പന്തലിലേക്ക് നേരിട്ട് എത്തുന്നു എന്ന സവിേശഷതയുമുണ്ട്. സമരത്തിൽ നഴ്സുമാർ പങ്കെടുക്കേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞ് മനസ്സിലാകാതെ തന്നെ വീട്ടുകാർക്ക് അറിയാം എന്നതും പിന്തുണ വർധിക്കുന്നതിന്റെ കാരണങ്ങൾ തന്നെ.

പ്രക്ഷോഭം കൃത്യമായ അച്ചടക്കത്തോടെ

ദിവസേന ശരാശരി 300 നഴ്സുമാരാണ് തലസ്ഥാനത്തെ സെക്രട്ടേറിയറ്റിന് മുന്നിലെത്തുന്നത്. എന്നാൽ നാട്ടുകാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ മാതൃകാപരമായി തന്നെയാണ് സമരം എന്ന് തീർത്ത് പറയാം. അച്ചടക്കമായി സമരം ചെയ്യുന്ന നഴ്സുമാരെകുറിച്ച് യുഎൻഎ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് പറയുന്നത് ഇങ്ങനെ. ഒരു മനുഷ്യന്റെ ഏറ്റവും നല്ല അവസ്ഥമുതൽ ഏറ്റവും മോശ അവസ്ഥ വരെ കാണുന്നവരാണ്. ഏറ്റവും അധികം മരണങ്ങൾ കാണുന്നതാണ്. പിന്നെ ആരോഗ്യവാനായ അവസ്ഥയിൽ നിന്നും ക്ഷീണിതനാകുന്ന അവസ്ഥയും ഒക്കെ കാണുന്നവർക്ക് പുറമെയുള്ള അഹങ്കാരത്തിലോ ആളാകലിലോ കാര്യമില്ലെന്ന് വ്യക്തമായി അറിയാം. അത് തന്നെയാണ് സമരത്തിന്റെ അച്ചടക്കത്തിന്റെ പ്രധാന കാര്യം. പിന്നെ എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ ദ്രോഹിച്ചാലും രോഗികളെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ. - സിബി പറയുന്നു.