പത്തനംതിട്ട: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎൻഎ)യുടെ യൂണിറ്റ് തുടങ്ങി എന്ന കാരണത്താൽ ചതിയിലൂടെ യൂണിറ്റ് പ്രസിഡന്റിനെ പുറത്താക്കിയ പത്തനംതിട്ടയിലെ മരിയ ആശുപത്രി മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി നഴ്‌സുമാർ രംഗത്തിറങ്ങിയതോടെ ആശുപത്രി സമവായ പാതയിലെത്തി. സംഘടാന പ്രവർത്തനം നിഷേധിക്കുന്നത് അംഗീകരിക്കില്ലെന്ന നിലപാടുമായി യുഎൻഎ സംസ്ഥാന നേതാക്കൾ ആശുപത്രി മാനേജ്‌മെന്റുമായി ചർച്ച നടത്തിയതോടെ പുറത്താക്കിയവരെ നഴ്‌സുമാരെ തിരി്‌ച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് നഴ്‌സുമാരുടെ സമരം തീർന്നത്.

ചുരുങ്ങിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന മരിയ ആശുപത്രിയിലെ ജീവനക്കാർ സംഘടന രൂപീകരിച്ചതോടെയാണ് പ്രതികാര നടപടിയുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്. നഴ്‌സസ് അസോസിയേഷൻ യൂണിറ്റ് രൂപീകരിക്കുകയും പ്രസിഡന്റാവുകയും ചെയ്ത നഴ്‌സിനെ ചതിയിൽപ്പെടുത്തി രാജി എഴുതി വാങ്ങുകയായിരുന്നു. ഇതോടെയാണ് ഇന്നലെ മുതൽ മരിയ മാനേജ്‌മെന്റ് സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ലേബർ ഓഫീസർ എത്തി ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇന്ന് മുതൽ ഒറ്റയാളും ഡ്യൂട്ടിക്ക് ഹാജരാകില്ലെന്ന് നഴ്‌സുമാർ തീരുമാനിച്ചിരുന്നു.

ഇതിന് പുറമേയാണ് യുഎൻഎ സംസ്ഥാന നേതൃത്വവും വിഷയത്തിൽ ഇടപെട്ടത്. ആവശ്യമെങ്കിൽ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്കു സമരം വ്യാപിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് മാനേജ്‌മെന്റ് ഉപാധികളില്ലാതെ പിരിച്ചുവിട്ടവരെ തിരിച്ചെടുത്തത്. ലക്ഷ്മി എന്ന നഴ്‌സിനെയാണ് യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇതിന് ശേഷം ശമ്പള വർധനവ് ആവശ്യപ്പെട്ട് അസോസിയേഷൻ മാനേജ്‌മെന്റിന് കത്തു നൽകി. ഇടത്തരം ആശുപത്രിയുടെ ഗണത്തിൽപ്പെടുന്ന ഇവിടെ 37 നഴ്‌സുമാരാണ് ആകെയുള്ളത്. ഇവർക്ക് പുറത്തു പറയാൻ കൊള്ളാത്ത തുകയാണ് ശമ്പളം ലഭിച്ചിരുന്നത്. ഏറ്റവും സീനിയർ ആയവർക്ക് പോലും കിട്ടുന്നത് 7000 രൂപയിൽ താഴെ മാത്രമാണ്.

സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരം ശക്തമായതിന് പിന്നാലെയാണ് ഇവിടെയും യൂണിറ്റ് രൂപീകരിച്ചത്. ഇതോടെ മാനേജ്‌മെന്റ് പ്രതിരോധത്തിലായി. ശമ്പള വർധനവ് ആവശ്യപ്പെട്ട് അസോസിയേഷൻ നോട്ടീസ് നൽകുക കൂടി ചെയ്തതോടെ അത് പിളർത്താനുള്ള നിലപാടായി പിന്നീട്. ശമ്പള വർധനവിനുള്ള കരാർ എന്ന പേരിൽ യൂണിറ്റ് പ്രസിഡന്റ് ലക്ഷ്മിയിൽ നിന്ന് ഇവർ കരാർ ഒപ്പിട്ടു വാങ്ങി. പിന്നീടാണ് ഇത് രാജിക്കത്താക്കി മാറ്റിയത്.

പിരിച്ചു വിട്ട ജീവനക്കാരിയെ തിരിച്ചെടുക്കണമെന്നും ഗവ.ഉത്തരവ് പ്രകാരമുള്ള ശമ്പളം വർധിപ്പിക്കുകയും വേണമെന്ന നിലപാടിൽ ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളെ ന്യായമായി പരിഗണിക്കുമെന്നാണ് യുഎൻഎ അധികൃതർക്ക് മാനേജ്‌മെന്റ് ഉറപ്പു നൽകിയത്. സൗഹാർദ്ദപരമായ ചർച്ചയായിരുന്നു നഴ്‌സുമാരുമായി നടന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു.