തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാരുടെ ജീവിക്കാനുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. വേതന വർദ്ധനവ് ആവശ്യപ്പെട്ട് തൃശ്ശൂരിലെ നഴ്‌സുമാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ അദ്ദേഹം നഴ്‌സുമാരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ആവശ്യപ്പെട്ടു.

2016 ജനുവരി മുതൽ നടപ്പാക്കേണ്ട ശമ്പള പരിഷ്‌ക്കരണം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ പിടിവാശി മൂലം അനന്തമായി നീളുകയാണെന്ന് മനസിലാക്കുന്നത്. സാധാരണ തൊഴിലളികൾക്ക് പോലും 800 രൂപ മുതൽ 1000 രൂപ വരെ പ്രതിദിന വേദനം ലഭിക്കുമ്പോൾ നഴ്‌സുമാർക്ക് 350 രൂപയാണ്. ഇത് മൂലം വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നഴ്‌സുമാർ പെടാപ്പാട് പെടുകയാണ്.

സ്വകാര്യ ആശുപത്രികൾ പലപ്പോഴും നഴ്‌സിങ് ചാർജ്ജിനത്തിൽ രോഗികളിൽ നിന്നും 500 മുതൽ 3000 രൂപ വരെ ഈടാക്കുമ്പോഴാണ് തുച്ഛവേതനം നൽകി നഴ്‌സുമാരെ കബളിപ്പിക്കുന്നത്. സുപ്രീംകോടതി നിർദ്ദേശിച്ച കമ്മിറ്റി റിപ്പോർട്ടനുസരിച്ച് നല്‌കേണ്ട മിനിമം വേതനമായ 20,000 രൂപ പോലും പ്രതിമാസം നൽകാൻ ആശുപത്രികൾ തയ്യാറാകുന്നില്ല. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഈ കൊടിയ ചൂഷണം അവസാനിപ്പിക്കാൻ സർക്കാറിന്റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും വി എസ് ആവശ്യപ്പെട്ടു.

നഴ്‌സുമാർ നടത്തുന്ന സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നൽകിയ പരാതി മീഡിയേഷൻ സെല്ലിന് ഹൈക്കോടതി കൈമാറിയിരുന്നു. ഇതുസംബന്ധിച്ച് മീഡിയേഷൻ സെൽ ആശുപത്രി മാനേജ്‌മെന്റുമായും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായും ചർച്ച നടത്താനിരിക്കയാണ്. അതേസമയം തന്നെ തിരുവനന്തപുരത്ത് ഇന്ന് നഴ്‌സുമാരുടെ സമരപ്രഖ്യാപന കൺവെൻഷനും നടക്കും.

നാളെ മന്ത്രിതലത്തിൽ നടക്കുന്ന ചർച്ചയിൽ വേതന കാര്യത്തിൽ തീരുമാനം ആയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിന് ഇറങ്ങാനാണ് തീരുമാനം. അതേസമയം പനിക്കിടക്കയിൽ കിടക്കുന്ന കേരളത്തെ ബുദ്ധിമുട്ടിക്കാത്ത വിധത്തിലാകും സമരം. ജോലി ചെയ്തു കൊണ്ടുള്ള സമരം നടത്താനാണ് തങ്ങൾ ഒരുങ്ങുന്നതെന്ന് യുണൈറ്റഡ് അസോസിയേഷൻ നേതാവ് ജ്‌സ്മിൻഷാ നേരത്തെ അറിയിച്ചിരുന്നു.

നാളത്തെ ഐആർസി യോഗം നിർണായകം

അതേസമയം നഴ്സുമാരുടെ വേതന വർധനവിന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ ശമ്പള ശുപാർശ തയ്യാറാക്കി ഉത്തരവിറക്കും. 27 ലെ ഐ.ആർ.സി യോഗത്തിൽ അനുകൂല സമീപനം സ്വീകരിക്കാൻ മാനേജുമെന്റുകൾ തയ്യാറായില്ലെങ്കിൽ ശമ്പളം സംബന്ധിച്ച് ശുപാർശ തയ്യാറാക്കാൻ തൊഴിൽ വകുപ്പിന് സർക്കാർ നിർദ്ദേശം നൽകി. ഇത് മിനിമം വേജസ് അഡൈ്വസറി ബോർഡിനു കൈമാറി ഉത്തരവ് ഇറക്കാനാണ് സർക്കാർ തൊഴിൽ വകുപ്പിനേട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ തൃശൂരിലെ മാലാഖമാരുടെ പോരാട്ട വിജയം സംസ്ഥാനത്തെ മുഴുവൻ നഴ്സുമാർക്കും അടിസ്ഥാന ശമ്പളം 13,000 രൂപയിൽ കുറയില്ലെന്ന് ഉറപ്പാക്കി. തൃശൂരിലെ ഒൻപത് മാനേജ്മെന്റുകളുമായി ഒപ്പിട്ട കരാർ 27 ന് നടക്കാൻ പോകുന്ന ചർച്ചയിൽ വഴിമരുന്നായി മാറുകയാണ്.

നിലവിൽ ബി.എസ്.സി നഴ്സിന്റെ അടിസ്ഥാനശമ്പളം 8975 രൂപയാണ്. 50 ശതമാനം വർധന വരുമ്പോൾ ഇത് 13462 രൂപയായി ഉയരും. ജി.എൻ.എം നഴ്സിന്റെ അടിസ്ഥാന ശമ്പളം 8725 രൂപയിൽ നിന്ന് 13087 രൂപയായി മാറും. ഇതിനൊപ്പം ഡി.എ, ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും നൽകണം. 27 ലെ ഐ.ആർ.സി യോഗത്തിൽ അനുകൂല സമീപനം സ്വീകരിക്കാൻ മാനേജുമെന്റുകൾ തയ്യാറായില്ലെങ്കിൽ തൊഴിൽ വകുപ്പ് ശമ്പളം സംബന്ധിച്ച് ശുപാർശ തയ്യാറാക്കും. അത് മിനിമം വേജസ് അഡൈ്വസറി ബോർഡിനു വിട്ടു ഉത്തരവ് ഇറക്കാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം.

നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് ഇടക്കാലാശ്വാസമായി അനുവദിക്കാൻ കാരാറായത്. വ്യവസായ മന്ത്രി എ.സി മൊയ്തീൻ, കൃഷി മന്ത്രി വി എസ് സുനിൽകുമാർ, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ നടത്തിയ ചർച്ചയിലൂടെയാണ് കരാർ ഒപ്പിട്ടത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി (ഐ.ആർ.സി) 27 നുയോഗം ചേരുന്നുണ്ട്. അന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

മാനേജ്മെന്റുകളും നഴ്സുമാരുടെ സംഘടനകളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഐ.ആർ.സി യോഗം പലതവണ ചേർന്നെങ്കിലും തീരുമാനം എടുക്കാതെ പിരിഞ്ഞു. എന്നാൽ, 27 ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് തൊഴിൽ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രശ്നം ഇനിയും നീട്ടികൊണ്ടു പോകാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സർക്കാർ. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം മാത്രമേ വർധിപ്പിക്കാനാവൂ എന്ന നിലപാടിൽ മാനേജ്മെന്റുകൾ ഉറച്ചു നിന്നതാണ് ഐ.ആർ.സി യോഗങ്ങൾ തീരുമാനം ആകെ അലസിപിരിയാൻ കാരണമായത്. എന്നാൽ, നഴ്സുമാരുടെ സംഘടിത പോരാട്ടത്തിന് മുന്നിൽ തൃശ്ശൂരിലെ മാനേജുമെന്റുകൾ വഴങ്ങിയതോടെ 27 ലെ യോഗത്തിന് ആ തീരുമാനങ്ങൾ സഹായകരമാകുകയാണ്.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പിന്തുണ ഒഴുകുന്നു

അതേസമയം ഒരു വശത്ത് സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ നഴ്‌സുമാർ തീരുമാനിക്കുന്ന വേളയിൽ തന്നെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സമരത്തിന് പിന്തുണയുമായി ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർ രംഗത്തെത്തി. യുഎൻഎയുടെ ഔദ്യോഗിക പേജിൽ വീ സപ്പോർട്ട് യുഎൻഎ ബോർഡുകളുമേന്തിയ ചിത്രങ്ങൾ പോസ്റ്റു ചെയ്താണ് ന്‌ഴ്‌സുമാരുടെ ജീവിത സമരത്തിന് ലോകമെമ്പാടുമുള്ള നഴ്‌സുമാർ പിന്തുണ പ്രഖ്യാപിച്ചത്. യൂറോപ്പ്, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാർ പിന്തുണ അർപ്പിച്ച് ചിത്രങ്ങളും വീഡിയോകളും ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു കഴിഞ്ഞു.

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരും സമരക്കാരെ പിന്തുണച്ച് രംഗത്തെത്തി. പ്രഗത്ഭരായ പലരും നഴ്‌സുമാരുടെ സമരം ന്യായമാണെന്ന് പറഞ്ഞ് രംഗത്തെത്തി. വിനീത് ശ്രീനിവാസൻ അടക്കമുള്ളവരാണ് സമരത്തിന് പിന്തുണ അറിയിച്ചത്. ഇത് കൂടാതെ ഡോക്ടർമാരും നഴ്‌സുമാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പിന്തുണയും നഴ്‌സിങ് സമരത്തിനുണ്ട്. ഒരു ഡോക്ടർ സമരത്തെ പിന്തുണച്ചു കൊണ്ട് ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റ് യുഎൻഎയുടെ ഔദ്യോഗിക പേജിൽ വൈറലായി പ്രവഹിക്കുന്നുണ്ട്.